സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് മന്ത്രിമാരുടെ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ അപ്രത്യക്ഷമായി; നഷ്ടപ്പെട്ടതില്‍ പല തെളിവുകളും

വലിയ തുക നല്‍കി രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് കാണാതായിരിക്കുന്നത്. മിക്ക ഓഫീസിലും വെറും മേശകള്‍ മാത്രമാണുള്ളത്. ഇവിടെയുണ്ടായിരുന്ന കമ്പ്യൂട്ടറുകള്‍ എങ്ങോട്ട് മാറ്റിയെന്ന് ആര്‍ക്കും അറിയില്ല...

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് മന്ത്രിമാരുടെ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ അപ്രത്യക്ഷമായി; നഷ്ടപ്പെട്ടതില്‍ പല തെളിവുകളും

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അപ്രത്യക്ഷമായി. മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും കമ്പ്യൂട്ടറുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്.

വലിയ തുക നല്‍കി രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് കാണാതായിരിക്കുന്നത്. മിക്ക ഓഫീസിലും വെറും മേശകള്‍ മാത്രമാണുള്ളത്. ഇവിടെയുണ്ടായിരുന്ന കമ്പ്യൂട്ടറുകള്‍ എങ്ങോട്ട് മാറ്റിയെന്ന് ആര്‍ക്കും അറിയില്ല. ഭരണപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കമ്പ്യൂട്ടറുകള്‍ വാങ്ങിയത്. ഓഫീസുകളിലെ ഉപകരണങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും പുതിയതായി ഒന്നും വാങ്ങേണ്ടെന്നും നിയുക്ത മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശിച്ചിട്ടും ഇവയെല്ലാം രഹസ്യമായി മാറ്റിയതാണ് ദുരൂഹമായിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരെടുത്ത എല്ലാ തീരുമാനങ്ങളും അടങ്ങിയതാണ് കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌ക്. വിവാദമായ പല തീരുമാനങ്ങളുടേയും വിശദാംശങ്ങളും ഈ കമ്പ്യൂട്ടറുകളിലുണ്ട്. സുപ്രധാനമായ പല ഫയലുകളും രൂപപ്പെട്ടതു തന്നെ ഈ കമ്പ്യൂട്ടറുകളിലാണ്. പുതിയ സര്‍ക്കാര്‍ വരുമെന്ന് ഉറപ്പായതോടെ ഈ കമ്പ്യൂട്ടറുകളെല്ലാം മന്ത്രി ഓഫീസുകളില്‍ നിന്നും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മന്ത്രിമാര്‍ ഓഫീസ് വിട്ടതോടെ മന്ത്രിമാരുടെ ജീവനക്കാര്‍ക്കും ഓഫീസില്‍ കയറാന്‍ കഴിഞ്ഞില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പല മന്ത്രിമാരുടേയും ജീവനക്കാര്‍ ആശങ്കയിലായി. സെക്രട്ടേറിയറ്റില്‍ കയറാനും ഫയലുകള്‍ മാറ്റാനും കഴിയാത്ത സ്ഥിതിയായി. തുടര്‍ന്നാണ് മന്ത്രിമാരുടെ ഓഫീസുകള്‍ വൃത്തിയാക്കുന്ന സമയം നോക്കി ഇതെല്ലാം കടത്തിയത്് എന്നാണ് സൂചന.


രണ്ട് ദിവസം മുമ്പുതന്നെ സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളില്‍ ശുചീകരണവും ചെറിയ അറ്റകുറ്റപണികളും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെയാണ് മന്ത്രിമാരുടേയും ജീവനക്കാരുടേയും കമ്പ്യൂട്ടറുകള്‍ അപ്രത്യക്ഷമായത്. ഒരു മന്ത്രിക്ക് 30 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 17 ഓളം ജീവനക്കാര്‍ക്കും സ്വന്തമായി കമ്പ്യൂട്ടറുകള്‍ നല്‍കിയിരുന്നു.ഇങ്ങനെ 20 മന്ത്രിമാരുടെ ജീവനക്കാര്‍ക്കും കമ്പ്യൂട്ടര്‍ നല്‍കിയിരുന്നു. ഇതെല്ലാം കൂട്ടത്തോടെയാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ വരുന്നതോടെ വീണ്ടും ഈ കമ്പ്യൂട്ടറുകള്‍ തന്നെ കൈകാര്യം ചെയ്താല്‍ കമ്പ്യൂട്ടറുകള്‍ പരിശോധിക്കുമെന്നും പല വിവാദ തീരുമാനങ്ങളുടേയും വഴികള്‍ കണ്ടെത്തുമെന്നുമുള്ള ഭയമാണ് കമ്പ്യൂട്ടറുകള്‍ കടത്തിയതിനു പിന്നിലെന്നാണ് സൂചന. ഇങ്ങനെ വന്നാല്‍ നിര്‍ണായകമായ പല തീരുമാനങ്ങളുടേയും തെളിവുകള്‍ പുതിയ സര്‍ക്കാരിനു ലഭിക്കും. വിജിലന്‍സ് അന്വേഷണങ്ങളിലേക്കും ഇതു നീണ്ടേക്കാം. എന്നാല്‍ കമ്പ്യൂട്ടറുകള്‍ കൂട്ടത്തോടെ മാറ്റിയിട്ടും സെക്രട്ടേറിയറ്റിലെ ഭരണ വിഭാഗം ഇക്കാര്യം അറിയാത്ത മട്ടിലാണ്. കമ്പ്യൂട്ടറുകള്‍ മാറ്റിയത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ഫാക്‌സുകളും പ്രിന്ററുകളും ഇതോടൊപ്പം കാണാതായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന മൂന്നാം നിലയിലെ സോഫാ സെറ്റ് പോലും കാണാതായിട്ടുണ്ട്.

Read More >>