എഐഎഡിഎംകെ സ്ഥാനാർത്ഥി ബിജു രമേശിനെതിരെ നടപടിക്കു കലക്ടറുടെ ശുപാർശ

തിരുവനന്തപുരം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി ബിജു രമേശിനെതിരെ നടപടിക്കു വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ബിജു പ്രഭാകര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശ ചെയ്തു

എഐഎഡിഎംകെ സ്ഥാനാർത്ഥി ബിജു രമേശിനെതിരെ നടപടിക്കു കലക്ടറുടെ ശുപാർശ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി ബിജു രമേശിനെതിരെ നടപടിക്കു വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ബിജു പ്രഭാകര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട്   ശുപാർശ ചെയ്തു. മന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി എസ്.ശിവകുമാറിനെ വ്യക്തിപരമായ അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയതിനാണു നടപടി. ഇക്കാര്യത്തിൽ ബിജു രമേശ് രേഖാമൂലം നൽകിയ വിശദീകരണങ്ങൾ തള്ളിയ ശേഷമാണു നടപടിക്കു ശുപാർശ ചെയ്തത്.


കുറച്ചു ദിവസം മുന്നേ  തിരുവനന്തപുരം പ്രസ് ക്ലബില്‍ തിരുവനന്തപുരത്തെ എഐഎഡിഎംകെ സ്ഥാനാര്‍ഥിയും പ്രമുഖ മദ്യ വ്യവസായിയുമായ ബിജു രമേശ് നടത്തിയ പത്ര സമ്മേളനത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും ആരോഗ്യമന്ത്രിയുമായ ശിവകുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ശിവകുമാറിന്റെ പരാതിയെ തുടര്‍ന്ന് പത്ര സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ കളക്റ്റര്‍ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശിവകുമാര്‍ ഒരു മരുന്നു കമ്പനിയില്‍ നിന്ന് 15 കോടി രൂപ കമ്മിഷന്‍ വാങ്ങിയതായി ബിജുരമേശ് ഇന്നലെ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കൂടാതെ ഈ മരുന്ന് കമ്പനിയുടെ ആള്‍ക്കാരാണ് മന്ത്രിയുടെ മകളെ ഡല്‍ഹിയില്‍ തട്ടിക്കൊണ്ടു പോയതെന്നും, പിന്നീട് കമ്മിഷന്‍ തുക തിരിച്ചു നല്‍കിയാണ് മന്ത്രി മകളെ മോചിപ്പിച്ചതെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളും  ബിജു രമേശ്‌ രമേശ് മന്ത്രി ശിവകുമാറിന് നേരെ ഉന്നയിച്ചിരുന്നു.

ഇത് കൂടാതെ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ ഒരു ആശുപത്രിക്കായി 164 കോടിയുടെ ബിനാമികരാറില്‍ ശിവകുമാര്‍ ഏര്‍പ്പെട്ടതായും ബിജുരമേശ് ആരോപിച്ചു. വരും ദിവസങ്ങളില്‍ കടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.