മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ

പിണറായിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം നേരത്തേ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം.

പിണറായിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം നേരത്തേ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.


മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കുന്നതിനായി സീതാറാം യെച്ചൂരി ഇന്ന് രാവിലെ കേരളത്തില്‍ എത്തിയിരുന്നു. പിണറായിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം കേന്ദ്ര നേതൃത്വം വിഎസ് അച്യുതാനന്ദനെ അറിയിച്ചിരുന്നു.

കേരളത്തിലെ ഫിഡല്‍ കാസ്‌ട്രോയാണ് വിഎസ് അച്യുതാനന്ദന്‍ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു.  കാസ്‌ട്രോയെ പോലെ ഉപദേശങ്ങളും നിര്‍ദേശങ്ങളും  വരാന്‍ പോകുന്ന സര്‍ക്കാരിന് വിഎസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ(എം) സംഘടനാ കീഴ്‌വഴക്കം അനുസരിച്ച് പിബി അംഗമാണ് സാധാരണ മുഖ്യമന്ത്രിയാകാറ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ധര്‍മടത്ത് നിന്ന് പിണറായി വിജയന്‍ വിജയിച്ചത്. ആദ്യമായാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നത്.

1998 മുതല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി 2015 ല്‍ ചേര്‍ന്ന സമ്മേളനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്. 1996ലെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു. ഇത് അഞ്ചാം തവണയാണ് പിണറായി വിജയന്‍ നിയമസഭയിലെത്തുന്നത്.

1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1996ല്‍ പയ്യന്നൂരില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തി.

1944 മാര്‍ച്ച് 21 ന് കണ്ണൂര്‍ പിണറായിയില്‍ തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി ജനിച്ച പിണറായി വിജയന്‍ 26ാം വയസ്സില്‍ 1970 ലാണ് ആദ്യമായി കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമാകുന്നത്.