മോദിയുടെ റാലികള്‍ കേരളത്തില്‍ ഒരുചലനവും ഉണ്ടാക്കില്ലെന്ന് ചെന്നിത്തല

വര്‍ഗീയ ധ്രൂവീകരണത്തിലൂടെ കേരളത്തില്‍ വേരോട്ടം നടത്താനുള്ള ബി ജെ പി യുടെ ശ്രമത്തെ കരുതിയിരിക്കണം.

മോദിയുടെ റാലികള്‍ കേരളത്തില്‍ ഒരുചലനവും ഉണ്ടാക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേംദ്ര മോഡി എത്രറാലികളില്‍ പങ്കെടുത്താലും കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

വര്‍ഗ്ഗീയ വിഷം വിതച്ച് കേരളത്തില്‍ നേട്ടം കൊയ്യാമെന്നതാണ് ബിജെപിയുടെ കണക്കുകൂട്ടലെന്നും എന്നാല്‍ ഇത്തരം കണ്‍കെട്ടു വിദ്യകള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് മോദിയും അമിത് ഷായും മനസിലാക്കണമെന്നും ചെന്നിത്തല പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തലയുടെ മുന്നറിയിപ്പ്.


കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയര്‍ത്തി രാഷ്ട്രീയ പരകപോക്കലുമായി നടക്കുന്ന ബിജെപിയുമായി കേരളത്തില്‍ കോണ്‍ഗ്രസ് രഹസ്യ സഖ്യത്തിലാണെന്ന് പറയുന്ന സിപിഐഎമ്മുകാര്‍ യാഥാര്‍ത്ഥ്യബോധം ഇല്ലാത്തവരും മാനസിക വൈകല്യം സംഭവിച്ചവരുമാണെന്ന് ചെന്നിത്തല വിമര്‍ശിക്കുന്നു.

ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

യഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ട സി പി എമ്മും, ബി ജെ പിയും.

വര്‍ഗീയ ധ്രൂവീകരണത്തിലൂടെ കേരളത്തില്‍ വേരോട്ടം നടത്താനുള്ള ബി ജെ പി യുടെ ശ്രമത്തെ കരുതിയിരിക്കണം. അധികാരത്തിന്റെ തണലില്‍ കോടികള്‍ ഒഴുക്കി പ്രചരണം നടത്തിയും, വര്‍ഗ്ഗീയ വിഷം വിതച്ചും കേരളത്തില്‍ നേട്ടം കൊയ്യാമെന്നതാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഇത്തരം കണ്‍കെട്ട് വിദ്യകള്‍ കേരളത്തില്‍ വിലപ്പോകില്ലെന്ന് മോദിയും അമിത് ഷായും മനസ്സിലാക്കണം. മോദി എത്ര റാലികളില്‍ പങ്കെടുത്താലും കേരളില്‍ ഒരു ചലനവുണ്ടാകാന്‍ പോകുന്നില്ല.
ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പി ആണ്. അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് ഭരണഘടനയേയും ജനാധിപത്യത്തേയും പോലും അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരങ്ങളാണ് ഭരണം ഉപയോഗിച്ച് കുതിരകച്ചവടം നടത്തി അരുണാചല്‍ പ്രദേശിലേയും ഉത്തഖണ്ഡിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തിയ നടപടികള്‍.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിടയക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താനും ശ്രമിക്കുന്നു. ഇത്തരത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യമുയര്‍ത്തി രാഷ്ട്രീയ പകപോക്കലുമായി നടക്കുന്ന ബി.ജെ.പിയുമായി കേരളത്തില്‍ കോണ്‍ഗ്രസ് രഹസ്യ സഖ്യത്തിലാണെന്ന് പറയുന്ന സി.പി.എമ്മുകാര്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തവരും മാനസിക വൈകല്യം സംഭവിച്ചവരുമാണ്. മുഢന്മാരുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരാണിവരെന്ന് പറയേണ്ടിവരും. ന്യുന പക്ഷ വോട്ടുകള്‍ ലക്ഷ്യം വച്ച് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ കേരളത്തില്‍വിലപ്പോവില്ല.

വര്‍ഗ്ഗീയ ഫാസിസ്റ്റ് പിന്തിരിപ്പന്‍ ശക്തികളെ തുരത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് ബംഗാളിലെ സി.പി.എം സഖാക്കള്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാക്ടര്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്തു. കമ്പ്യൂട്ടര്‍ കൊണ്ടുവന്നപ്പോള്‍ അതിനേയും. കൊച്ചിവിമാനത്താവളത്തെയും എതിര്‍ത്തു. പിന്നീട് വൈകിയാണെങ്കിലും ഇവയെല്ലാം നല്ലതാണെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സി.പി.എമ്മിന്റെ പല യുവനേതാക്കളും ആപ്പിളിന്റെ ഐപ്പാഡുമായാണ് നടക്കുന്നത്. ഇതു കാണുമ്പോള്‍ രാജീവ് ഗാന്ധി കമ്പ്യൂട്ടര്‍ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്ത് തെരുവില്‍ പ്രക്ഷോഭം നടത്തിയ സി.പി.എം നേതാക്കളുടെ ചിത്രമാണ് എനിക്ക് ഓര്‍മ്മവരുന്നത്. ഇത്തരത്തില്‍ വൈകിയാണെങ്കിലും കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് അന്ധമായ കോണ്‍ഗ്രസ് വിരോധവും ആപത്തായി എന്ന് തിരിച്ചറിയേണ്ടിവരുന്ന കാലം വിദൂരമാകില്ല.

Read More >>