റിലീസ് ചെയ്ത് ഒരു കോടിയിലേറെപ്പേര്‍ കണ്ടുകഴിഞ്ഞ ട്രെയ്‌ലറില്‍ കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്

'ഉഡ്താ പഞ്ചാബ്‌' എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് ആഴ്ചകള്‍ക്ക് ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ എഡിറ്റിങ്ങിനു വിധേയമായിരിക്കുന്നത്.

റിലീസ് ചെയ്ത് ഒരു കോടിയിലേറെപ്പേര്‍ കണ്ടുകഴിഞ്ഞ ട്രെയ്‌ലറില്‍ കത്രിക വെച്ച്  സെന്‍സര്‍ ബോര്‍ഡ്

മൂന്നാഴ്ച മുന്‍പ് യു ട്യൂബില്‍ റിലീസ് ചെയ്ത് ഇതിനകം ഒരു കോടിയിലേറെപ്പേര്‍ കണ്ടുകഴിഞ്ഞ ട്രെയ്‌ലറില്‍ കത്രിക വെച്ച്  സി ബി എഫ്‌ സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍). ഷാഹിദ് കപൂര്‍ നായകവേഷത്തിലെത്തുന്ന 'ഉഡ്താ പഞ്ചാബ്‌' എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് ആഴ്ചകള്‍ക്ക് ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ എഡിറ്റിങ്ങിനു വിധേയമായിരിക്കുന്നത്.

പഞ്ചാബിലെ യുവാക്കള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ പച്ചയായ മുഖം തുറന്നുകാട്ടിയ ട്രെയിലര്‍ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധയാകര്ഷിച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗവും കഥാപാത്രങ്ങളുടെ കടുത്തഭാഷയിലുള്ള സംഭാഷണങ്ങളും അടങ്ങിയ  ട്രെയ്‌ലര്‍ കട്ടുകളൊന്നും കൂടാതെയാണ്  ഓണ്‍ലൈനില്‍ എത്തിയത്. കട്ടുകള്‍ ഒന്നും കൂടാതെ ട്രെയിലര്‍ പുറത്തിറക്കിയ സെന്‍സര്‍ ബോര്‍ഡിന്‍റെ തീരുമാനത്തെ  സംവിധായകന്‍ അനുരാഗ് കശ്യപ്, നടന്‍ നസറുദ്ദീന്‍ ഷാ എന്നിവരുള്‍പ്പടെ പല പ്രമുഖരും പ്രശംസിക്കുകയും ചെയ്തിരുന്നു.


എന്നാല്‍ ഓണ്‍ലൈന്‍ റിലീസിന് മുന്‍പ്  ട്രെയ്‌ലര്‍ തങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചില്ല എന്നാണ്  സി ബി എഫ്‌ സി അധികൃതരുടെ വാദം . തങ്ങള്‍ക്ക് മുന്‍പില്‍ എത്തിയിരുന്നുവെങ്കില്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെയും അതിലെ രംഗങ്ങളുടെയും കാഠിന്യം കുറക്കുമായിരുന്നു എന്നും അവര്‍ വിശദീകരിച്ചു.തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന സഭ്യമായ രീതിയില്‍  'ഉഡ്താ പഞ്ചാബ്' ട്രെയ്‌ലര്‍ വെട്ടിയൊതുക്കിയിട്ടുണ്ടെന്ന് സിബിഎഫ്‌സി മേധാവി പഹ്‌ലാജ് നിഹലാനി പറയുന്നു.

ഷാഹിദ് കപൂറിന് പുറമേ കരീന കപൂര്‍, ആലിയ ഭട്ട്, ദില്ജിത് തുടങ്ങിയവരാണ് 'ഉഡ്താ പഞ്ചാബി'ലെ  മറ്റു താരങ്ങള്‍. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.