ആന്‍ട്രിക്‌സ് - ദേവാസ് ഇടപാടില്‍ ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്തു

ഐഎസ്ആര്‍ഒയുടെ ജിസാറ്റ് 6, ജിസാറ്റ് 6 എ എന്നീ ഉപഗ്രഹങ്ങളുടെ 90 ശതമാനം ട്രാന്‍സ്‌പോര്‍ഡറുകളും നല്‍കാനായിരുന്നു കരാര്‍. 150 മെഗാ ഹെര്‍ട്‌സ് എസ്.ബാന്‍ഡ് സ്‌പെക്ട്രത്തിലെ 70 ശതമാനം ദേവാസിന് നല്‍കാനും കരാറില്‍ ധാരണയായി. ജി സാറ്റ് 6 ന്റെ വിക്ഷേപണത്തിന് മുന്നോടിയായി കേന്ദ്രത്തിന് നല്‍കിയ കത്തിലും ഇടപാടിന്റെ വിവരങ്ങള്‍ മറച്ചു വച്ചു

ആന്‍ട്രിക്‌സ് - ദേവാസ് ഇടപാടില്‍ ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരെ സിബിഐ ചോദ്യം ചെയ്തു. ഇടപാടില്‍ 578 കോടി രൂപയുടെ ക്രമക്കേട് നടന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ചാണ് സിബിഐ മാധവന്‍ നായരെ ചോദ്യം ചെയ്തത് എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ബംഗലുരു ആസ്ഥാനമായ മള്‍ട്ടി മീഡിയ കമ്പനിയുമായി ഒപ്പിട്ട കരാറിനെ കുറിച്ചാണ് അഴിമതി ആരോപണം ഉയര്‍ന്നത്.


ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥരായ ഡി വേണുഗോപാല്‍, എം ജി ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവാസ് കമ്പനിയുമായി 2005 ല്‍ ആയിരുന്നു ആന്‍ട്രികസ് കരാര്‍ ഒപ്പിട്ടത്. മന്ത്രിസഭയില്‍ നിന്ന് മറച്ചു വച്ചായിരുന്നു കരാര്‍ ഒപ്പിട്ടത്. ഐഎസ്ആര്‍ഒയുടെ ജിസാറ്റ് 6, ജിസാറ്റ് 6 എ എന്നീ ഉപഗ്രഹങ്ങളുടെ 90 ശതമാനം  ട്രാന്‍സ്‌പോര്‍ഡറുകളും നല്‍കാനായിരുന്നു കരാര്‍.  150 മെഗാ ഹെര്‍ട്‌സ് എസ്.ബാന്‍ഡ് സ്‌പെക്ട്രത്തിലെ 70 ശതമാനം ദേവാസിന് നല്‍കാനും കരാറില്‍ ധാരണയായി. ജി സാറ്റ് 6 ന്റെ വിക്ഷേപണത്തിന് മുന്നോടിയായി കേന്ദ്രത്തിന് നല്‍കിയ കത്തിലും ഇടപാടിന്റെ വിവരങ്ങള്‍ മറച്ചു വച്ചു.

മറ്റ് കമ്പനികള്‍ക്ക് അവസരം നല്‍കാതെ ദേവാസിന് വേണ്ടി സര്‍ക്കാരിന്റെ താത്പര്യം ബലികഴിച്ചു എന്നാണ് മാധവന്‍നായര്‍ക്ക് എതിരെയുള്ള ആരോപണം. ഇത് വഴി സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായി. ഈ സമയത്ത് ആന്‍ട്രിക്‌സിന്റെ ഭരണാനുമതി തലവന്‍ കൂടിയായിരുന്നു മാധവന്‍ നായര്‍. സിഎജി റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കരാറിന് ശേഷം ദേവാസ് ഉടമസ്ഥരായ ഫോര്‍ഡ് അഡ്‌വൈസേഴ്‌സിന്റെ ഓഹരി മൂലധനം ഉയര്‍ന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി.

മുന്‍ കാബിനെറ്റ് സെക്രട്ടറി ബി.കെ ചതുര്‍വേദി അധ്യക്ഷനായ സമതി നടത്തിയ അന്വേഷണത്തിലും മാധവന്‍ നായര്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ജി മാധവന്‍ നായര്‍ക്ക് പുറമെ മുന്‍ സൈന്റിഫിക് സെക്രട്ടറി എ ഭാസ്‌കരനാരയണ,ആന്‍ട്രിക്‌സ മുന്‍ എംഡി കെ ആര്‍ സിദ്ധാര്‍ത്ഥ മൂര്‍ത്തി, മുതിര്‍ന്ന് ശാസ്ത്രജ്ഞന്‍ കെ എന്‍ ശങ്കര എന്നിവര്‍ക്ക് ഇടപാടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ നാല് പേരെയും കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

സിബിഐ അന്വേഷണം ആരംഭിച്ച ശേഷം മാധവന്‍ നായര്‍ ബിജെപിയുടെ വേദികളില്‍ സജീവമായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ സംഘടിപ്പിച്ച ജാഥയിലും ഇന്‍ഡോറില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിശ്വസംഘ ശിബിറിലും മാധവന്‍നായര്‍ പങ്കെടുത്തിരുന്നു.

Story by
Read More >>