വിഎസിന് എതിരെ മുഖ്യമന്ത്രി നല്‍കിയ മനനഷ്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാനനഷ്ടക്കേസില്‍ അടിയന്തര ഹര്‍ജി കേള്‍ക്കണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മാന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.

വിഎസിന് എതിരെ മുഖ്യമന്ത്രി നല്‍കിയ മനനഷ്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: ലോകായുക്തയില്‍ തനിക്ക് എതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍റെ അപകീര്‍ത്തികരമായ പ്രസ്താവനയ്ക്ക് എതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ കേസ് കോടതി ഇന്ന് വീണ്ടുംപരിഗണിക്കുന്നു.

തിരുവനന്തപുരം രണ്ടാം അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വെക്കേഷന്‍ ബെഞ്ച്‌ 29/04/2016ന് ആദ്യം പരിഗണിച്ച കേസ് എതിര്‍ ഭാഗത്തിന്റെ ആക്ഷേപം കേള്‍ക്കുവാന്‍ വേണ്ടിയാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസ് കോടതി തള്ളിയെന്ന തരത്തില്‍ നേരത്തെ വന്ന വാര്‍ത്തകള്‍ വ്യാജമാണ് എന്നും  കേസില്‍ കോടതി ഇതുവരെ വിധിന്യായങ്ങള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ലയെന്നും ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ അഡ്വ.സന്തോഷ്‌ കുമാര്‍ പറഞ്ഞു.


മാനനഷ്ടക്കേസില്‍ അടിയന്തര ഹര്‍ജി കേള്‍ക്കണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മാന്‍ ചാണ്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ വിഎസ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ കേസ് പഠിച്ചുമറുപടി സമര്‍പ്പിക്കാന്‍ വിഎസ്സിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച കോടതി കേസ് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

കോടതി നടത്തിയ പരാമര്‍ശത്തെ ചിലര്‍ വളച്ചു ഓടിച്ചതാണ് എന്നും മുഖ്യമന്ത്രി കൊടുത്ത കേസുമായി ബന്ധപ്പെട്ടല്ല കോടതി, " നിങ്ങളൊക്കെ കൂടി കോടതിയെ രാഷ്ട്രീയം കളിക്കാനുള്ള വേദിയാകുകയാണോ"?എന്ന് ചോദിച്ചത് എന്നും അഡ്വ. സന്തോഷ്‌ കുമാര്‍ പറഞ്ഞു.

അതെ സമയം, മുഖ്യമന്ത്രിക്ക് എതിരെയായെല്ലാ ആരോപണങ്ങളിലും ഉറച്ചു നില്‍ക്കുന്നുവെന്നും ലോകയുക്തയില്‍ അദ്ദേഹത്തിന് എതിരെ കേസുകള്‍ നിലവിലുണ്ട് എന്ന പ്രസ്താവന തിരുത്താന്‍ തയ്യാറല്ലെന്നും വിഎസ്സിന്‍റെ അഭിഭാഷകന്‍ ചെരുന്നിയൂര്‍ പി ശശിധരന്‍ നായര്‍ പറഞ്ഞു.

Read More >>