കാൻ മേളയിലെ 'അതികായന്മാർ'

അതികായന്മാരുടെ പുതിയ ചിത്രങ്ങളാണ് മേളയുടെ ഒന്നാമത്തെ ആകർഷണം. ഇതിൽ ഭരണകൂട ഭീതിയുടെ വിശദാംശങ്ങൾ കൊണ്ടും ഒരു കുടുംബത്തിന്റെ ദാരിദ്ര്യത്തിലുള്ള യാത്രയുടെ ചിത്രീകരണം കൊണ്ടും ശ്രദ്ധ നേടിയ കെൻ ലോച്ചിന്റെ ഐ, ഡാനിയൽ ബ്ലേക്ക് പാംദിയോർ പുരസ്‌കാരം നേടി.

കാൻ മേളയിലെ

ഫ്രാൻസിലെ കാനിൽ നടന്ന 69ാമത് കാൻ മേള പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ഒന്നാമത്തെ പ്രത്യേകത, മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ കാര്യത്തിലാണ്. അതികായന്മാരുടെ പുതിയ ചിത്രങ്ങളാണ് മേളയുടെ ഒന്നാമത്തെ ആകർഷണം. ഇതിൽ ഭരണകൂട ഭീതിയുടെ വിശദാംശങ്ങൾ കൊണ്ടും ഒരു കുടുംബത്തിന്റെ ദാരിദ്ര്യത്തിലുള്ള യാത്രയുടെ ചിത്രീകരണം കൊണ്ടും ശ്രദ്ധ നേടിയ കെൻ ലോച്ചിന്റെ ഐ, ഡാനിയൽ ബ്ലേക്ക് പാംദിയോർ പുരസ്‌കാരം നേടി.

പുസ്‌കാരം നേടിയ ചിത്രമാണ് ഭരണകൂട ഭീതിയുടെ ആക്ഷേപഹാസ്യമാണ്. കഴിഞ്ഞ 50 വർഷമായി ടെലിവിഷൻ, ഫീച്ചർ ഫിലിം രംഗത്ത് പ്രവർത്തിക്കുന്ന കെൻ ലോച്ച് എന്ന ബ്രിട്ടീഷ് സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്നാണ് വെറൈറ്റി. കോമിന്റെ മുതിർന്ന ചലച്ചിത്ര നിരൂപകൻ ഓവൻ ഗ്ലെയ്‌ബെർമാൻ പറയുന്നത്. ഹൃദ്രോഗിയാകുന്ന ഒരാൾക്കും അയാളുടെ അമ്മയ്ക്കും ഭരണകൂടം ഒരു ഭീതിയായി മാറുന്നതെങ്ങനെ എന്ന അന്വേഷണമാണ് ചിത്രമെന്ന് പറയാം. സർക്കാരിൽനിന്ന് വെൽഫെയർ ബെനഫിറ്റ് നേടിയെടുക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഇവരെ ദാരിദ്ര്യം പിടികൂടുന്നത്. ദാരിദ്ര്യം തന്നെ ഭീതിയായി മാറുന്ന കാഴ്ചയുമുണ്ട്.


വെൽഫെയർ ബെനഫിറ്റുകളോട് മുഖംതിരിക്കുന്ന ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കിടയിലാണ് ഈ സിനിമയെ നോക്കികാണേണ്ടത്. കുടിയേറ്റവിരുദ്ധ നയങ്ങൾക്കൊണ്ടും അടിസ്ഥാന വർഗ്ഗങ്ങളെ പരിഗണിക്കാതെയുള്ള നയങ്ങൾക്കൊണ്ടും വിമർശനം നേടുന്ന രണ്ടാം കാമറൂൺ സർക്കാരിനുള്ള വിമർശനപത്രമാണ് കെൻ ലോച്ചിന്റെ ഐ, ഡാനിയൽ ബ്ലേക്ക്.

രണ്ട് ധാരകളിലാണ് കാൻ ചലച്ചിത്രമേളയിലെ മത്സരവിഭാഗം ചിത്രങ്ങളെ ഉൾപ്പെടുത്താൻ സാധിക്കുക. ഒന്നാമത്തെ ധാര ലെജന്റുകളുടെ പുതിയ ചിത്രങ്ങളാണ്. അതിൽ ഒരാൾക്കാണ് ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരമായ പാം ദിയോർ ലഭിച്ചതും. 1971 മുതൽ തുടർച്ചയായി സിനിമകളെടുക്കുകയും സയൻസ് ഫിക്ഷൻ, സോഷ്യൽ സറ്റയർ തുടങ്ങിയ ഴാനറുകളിലായി വിശാലമാകുന്ന ചലച്ചിത്രലോകത്തിന്റെ ഉടമയുമായ പോൾ വെർഹൂവൻ, ആമുഖങ്ങളാവശ്യമില്ലാത്ത സ്പാനീഷ് സംവിധായകൻ പെദ്രോ അൽമദോവർ, ഹോളിവുഡ് നടനും സംവിധായകനുമായ ഷോൻ പെൻ, സ്വതന്ത്രസിനിമയുടെ വക്താവും അമേരിക്കൻ സംവിധായകനുമായ ജിം ജാർമുഷ്, ഫ്രഞ്ച് സംവിധായകൻ ഒലിവർ അസായാസ്, ഇറാനിയൻ സംവിധായകൻ അഗ്ഹർ ഫർഹാദി, ഡാർഡെന്നെ സഹോദരന്മാർ എന്നിവരെ ഈ കാറ്റഗറിയിൽ പെടുത്താവുന്നതാണ്.

i-daniel-blakeബാക്കിയുള്ളവരിൽ സമകാലീന ലോകസിനിമയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സംവിധായകരുടെ വിഭാഗത്തിൽ പെടുത്താവുന്ന നിരവധി പേരുണ്ട്.

4 മന്ത്, 3 വീക്‌സ് ആൻഡ് 2 ഡെയ്‌സ് എന്ന ചിത്രത്തിലൂടെ പാം ദിയോർ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യൻ മുൻഗ്യൂ, ദ വെൻഗാൻസ് ട്രിലജി വഴി അന്താരാഷ്ട്ര ശ്രദ്ധ നേടിയ സൗത്ത് കൊറിയൻ ഡയറക്ടർ പാർക് ചാൻ വൂക്ക്, മുൻപ് പല തവണ കാൻ മേളയിൽ പുരസ്‌കൃതനായിട്ടുള്ള കനേഡിയൻ നടനും സംവിധായകനുമായ സേവ്യർ ദോളാൻ, അമേരിക്കൻ നവസിനിമയുടെ വക്താവ് ജെഫ് നിക്കോൾസ്, ഫിലിപ്പൈൻ സംവിധായകൻ ബ്രില്യന്റെ മൊൻഡോസാ, ഡാനീഷ് സംവിധായകൻ നിക്കോൾസ് വിൻഡിങ്ങ് റെഫ്, ഫ്രഞ്ച് സംവിധായകൻ അലൈൻ ഗെയ്‌റാഡ്യൂയേ, റൊമാനിയൻ സംവിധായകൻ ക്രിസ്റ്റി പ്യൂ, ഫ്രഞ്ച് സംവിധായകൻ ബ്രൂണോ ദുമോൻഡ്, ജർമൻ സംവിധായിക മാരെൻ അഡെ, ഫ്രാൻസിലെ ഏറ്റവും പ്രധാനപ്പെട്ട നടിയും സംവിധായികയുമായി അറിയപ്പെടുന്ന നികോൾ ഗാർസിയ തുടങ്ങിയവരെല്ലാം തന്നെ ലോകസിനിമയുടെ പുതിയ മാതൃകളെ പിന്തുടരുന്നവരാണ്.

രണ്ടായിരം മുതൽ കാൻ മേളയിലെ സ്ഥിരം പ്രതിനിധിയാണ് ഫ്രഞ്ച് സംവിധായകനായ ഒലിവർ അസായാസ്. പേഴ്‌സണൽ ഷോപ്പർ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള അവാർഡാണ് ഒലിവർ അസായാസിന് ലഭിച്ചത്. മികച്ച സംവിധായകനുള്ള അവാർഡ് പങ്കുവെച്ച ക്രിസ്റ്റ്യൻ മുൻഗ്യൂവും കാൻ മേളയിലെ സ്ഥിരം സാന്നിധ്യമാണ്.

ഓസ്‌കർ ജേതാവ് അസ്ഗർ ഫറാദിയുടെ ദ സെയിൽസ്മാനി അഭിനയത്തിനാണ് ശഹാബ് ഹുസൈനിക്ക് ഫ്രഞ്ച് ബഹുമതി ലഭിച്ചത്. നേരത്തെ അസ്‌കർ ഫറാദിയുടെ എ സെപറേഷനിലെ അഭിനയത്തിന് ഗോൾഡൻ ഗ്‌ളോബ് പുരസ്‌കാരവും ശഹാബ് ഹുസൈൻ നേടിയിരുന്നു. ഇറാനിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ശഹാബ് ഹുസൈനി.

കിനാറ്റെ എന്ന ചിത്രത്തിലൂടെ ലോകത്തെ ഞെട്ടിച്ച ബ്രില്യന്റെ മൊൻഡോസായുടെ പുതിയ അധോലോക ചിത്രമായ മാ റോസയിലെ അഭിനയത്തിനാണ് ജാസിലിൻ റോസിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. ഫിലിപ്പൈന്റെ അധോലോക സംസ്‌കാരമാണ് പ്രമുഖ സംവിധായകൻ ബ്രില്യന്റെ മൊൻഡോസാ കിനാറ്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്.

മേളയിലെ ഔട്ട് ഓഫ് കോമ്പറ്റീഷൻ സെക്ഷനിൽ സ്റ്റീവൻ സ്പിൽബർഗ്, വൂഡി അലൻ, നാ ഹോങ്ങ് ജിൻ, ജൂഡി ഫോസ്റ്റർ, ഷാൻ ബ്ലാക്ക് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.