ഇയു റഫറണ്ടം: ആശങ്കകൾ ആരാണ് പരിഹരിക്കുക

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും പ്രവാഹമാണ് ഇയു വിടാൻ ബ്രിട്ടീഷ് ജനതയെ പ്രേരിപ്പിക്കുന്നത്. യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലക്ഷ്യസ്ഥാനം യുകെയാണ്. വെൽഫെയർ സ്റ്റേറ്റായ ബ്രിട്ടൺ എത്തിപ്പെടുന്നവരുടെ അവസാനത്തെ അത്താണിയാണ്. ഇതാണ് അനധികൃത കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും സ്വപ്‌നദേശമായി യുകെയെ മാറ്റിയത്.

ഇയു റഫറണ്ടം: ആശങ്കകൾ ആരാണ് പരിഹരിക്കുക

ഇയു റഫറണ്ടം സംബന്ധിച്ചുള്ള ചർച്ചകൾക്ക് ചൂട് പിടിക്കുകയാണ്. ജനപ്രതിനിധികളും വ്യവസായികളും നിക്ഷേപകരും ജനങ്ങളുമെല്ലാം രണ്ട് വിഭാഗമായി തിരിഞ്ഞാണ് ഇക്കാര്യത്തിൽ ചർച്ച. ബ്രിട്ടണെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടത്. ഇരുപത്തിയെട്ട് അംഗരാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പുറത്തേക്ക് പോകണോ വേണ്ടയോ എന്നതാണ് കാര്യം. ബ്രെക്‌സിറ്റ് (ബ്രിട്ടൺ, എക്‌സിറ്റ് എന്നീ വാക്കുകൾ ചേർന്നാണ് ബ്രെക്‌സിറ്റ് എന്ന വാക്കുണ്ടായത്) എന്ന പേരിൽ വിളിക്കുന്ന ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകളിൽ അതുണ്ടാക്കുന്ന ചലനങ്ങളും പ്രതിഫലനങ്ങളുമാണ് പ്രധാനമായും ചർച്ചയാകുന്നത്.


യൂറോപ്യൻ യൂണിയന്റെ രൂപീകരണ സമയങ്ങളിൽ ഉണ്ടാക്കിയ നിയമങ്ങൾ തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം. അംഗരാജ്യങ്ങളെ പൗരന്മാർക്ക് യഥേഷ്ടം സഞ്ചരിക്കാനും ജോലി ചെയ്യാനും സമ്പാദിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് ഇയു നിയമം. ആദ്യഘട്ടത്തിൽ ഈ നിയമം കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ ബ്രിട്ടൺ പോലുള്ള രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടവും തൊഴിലില്ലായ്മയുമാണ് ഇതുണ്ടാക്കിയത്. ഇയു നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്നു എന്ന് ബ്രിട്ടീഷ് ജനതയ്ക്ക് തോന്നി തുടങ്ങിയതോടെയാണ് ഇയു വിടണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയത്.

ബ്രിട്ടീഷ് ജനത പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. ഒന്നാമത്തെ പ്രശ്‌നം തൊഴിലില്ലായ്മയാണ്. യൂറോപ്യൻ യൂണിയനിലെ ദരിദ്രരാജ്യങ്ങളിൽ നിന്നുള്ള ജനലക്ഷങ്ങൾ ബ്രിട്ടണിലെത്തി സൈ്വര്യജീവിതം ഇല്ലാതാക്കിയെന്നതാണ് പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം. നിലവിലെ ഇയു നിയമപ്രകാരം അംഗരാജ്യങ്ങളിലെ ജനങ്ങൾക്ക് ഏത് രാജ്യത്തും ജോലി ചെയ്യാം, സമ്പാദിക്കാം. ആ രാജ്യത്തെ ആനുകൂല്യങ്ങൾ അനുഭവിക്കാനും സാധിക്കും. സാമൂഹിക സുരക്ഷ നയങ്ങളുടെ കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ബ്രിട്ടണിലേക്ക് അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ഒഴുക്കാണ്.

ബൾഗേറിയ, ഹംഗറി, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബ്രിട്ടണിൽ ജോലി തേടിയെടുത്തുന്നവരിൽ പ്രധാനം. കുടിയേറ്റക്കാരുടെ ഒഴുക്കാണ് ആദ്യഘട്ടത്തിൽ വലിയ പ്രശ്‌നവും ബാധ്യതയുമായി ബ്രിട്ടീഷ് സർക്കാർ പറഞ്ഞിരുന്നതെങ്കിൽ പിന്നീടത് മാറി. യഥാർത്ഥ പ്രശ്‌നം എന്താണെന്ന് ബ്രിട്ടൺ മനസിലാക്കുന്നുണ്ട്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കി പ്രശ്‌നത്തെ കൈകാര്യം ചെയ്യാൻ ശ്രമിച്ചെങ്കിലും അതുകൊണ്ട് കാര്യമില്ലെന്ന് ബോധ്യമായതോടെയാണ് ബ്രെക്‌സിറ്റ് വാദികൾ ശക്തമായി രംഗത്ത് വരാൻ തുടങ്ങിയത്.

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടണമെന്ന ആവശ്യത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുമുണ്ട്. യഥാർത്ഥ ആവശ്യം യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പുനഃപരിശോധിക്കണം എന്നതാണ്.

എന്തുകൊണ്ട് ഇയു നിയമങ്ങൾ

ഇയു നിയമങ്ങൾ എന്തുകൊണ്ട് എതിർക്കപ്പെടുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. യൂറോപ്യൻ യൂണിയൻ രൂപികരിക്കപ്പെട്ടപ്പോൾ ഉണ്ടാക്കിയ നിയമപ്രകാരം ഇയു രാജ്യങ്ങളിലെ പൗരന്മാർക്ക് എല്ലാ രാജ്യങ്ങളിലും യാത്ര ചെയ്യാനും ജോലി ചെയ്യാനുമുള്ള അനുവാദമുണ്ട്. അതാത് രാജ്യത്തെ ബെനഫിറ്റുകളും സർക്കാർ സേവനങ്ങളും ഇവർക്ക് ലഭ്യമാക്കണം എന്നും ഇയു നിയമം അനുശാസിക്കുന്നു. ഇതാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ സംഘർഷഭരിതമാക്കുന്നത്. യൂണിയനിലെ ദരിദ്ര രാജ്യങ്ങളിൽനിന്ന് ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.

eu referendumറൊമാനിയയിൽ നിന്നുള്ളവർക്കെതിരെ ബ്രിട്ടീഷ് പത്രങ്ങളിൽ വാർത്തകൾ വരുന്നത് സാധാരണ കാര്യമാണ്. കുടിയേറ്റ വിരുദ്ധതയുടെ അക്കൗണ്ടിലാണ് ഇതെല്ലാം എഴുതി തള്ളുന്നത്. എന്നാൽ സംഗതി അതിനെക്കാൽ ഗുരുതരമായ പ്രശ്‌നമാണ്. കുടിയേറ്റക്കാരല്ല ബ്രിട്ടണ് ഏറ്റവും കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നത്. ഇയു നിയമങ്ങളുടെ പിൻബലത്തിൽ ബ്രിട്ടണിലെത്തുന്നവരാണ് കാര്യങ്ങളെ സംഘർഷഭരിതമാക്കുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് ഇങ്ങനെ ബ്രിട്ടണിൽ വന്നിറങ്ങുന്നത്. ഇങ്ങനെ വന്നിറങ്ങുന്നവരിൽ ഭൂരിപക്ഷവും തിരിച്ച് പോകുന്നില്ലെന്ന വസ്തുതയുമുണ്ട്.

സാമ്പത്തികമാന്ദ്യം രൂക്ഷമായി തുടങ്ങിയപ്പോഴാണ് ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ ബ്രിട്ടീഷ് ജനത ആലോചന തുടങ്ങിയത്. ആലോചന തുടങ്ങിയപ്പോൾ മുതൽ തന്നെ ഇത് സംബന്ധിച്ചുള്ള സംവാദവും തുടങ്ങി. അതുണ്ടാക്കുന്ന ചലനം ബഹുമുഖമായിരിക്കും. സാമ്പത്തികമാന്ദ്യത്തിൽ കരകയറാത്ത ലോകസാമ്പത്തികാവസ്ഥയെ അത് കൂടുതൽ പ്രശ്‌നഭരിതമാക്കും. അത് യൂറോപ്യൻ രാജ്യങ്ങളെ മാത്രമോ യൂറോയെ മാത്രമോ ബാധിക്കുന്ന പ്രശ്‌നമല്ല. യൂറോപ്യൻ യൂണിയന്റെ സുരക്ഷിതത്വത്തിൽ വ്യാപാരം നടത്തുകയും മറ്റും ചെയ്യുന്ന നൂറ് കണക്കിന് കമ്പനികളാണ് ബ്രിട്ടണിലും പുറത്തുമുള്ളത്. ബ്രെക്‌സിറ്റ് സംബന്ധിച്ച് ഈ കമ്പനികൾക്കും അതിന്റെ ഉടമകൾക്കും തൊഴിലാളികൾക്കുമിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്.

ബ്രിട്ടണിലെ നൂറ് പ്രമുഖ കമ്പനികളിൽ മുപ്പത്തിയാറെണ്ണം ഇയു കരാറിനെയും പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും പിന്തുണച്ച് രംഗത്തെത്തിയത് പ്രത്യേകം പരിശോധിക്കേണ്ടതാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ വിട്ട് പോകുന്നത് രാജ്യത്തെ നിക്ഷേപസാധ്യതകളെയും തൊഴിലവസരങ്ങളെയും ബാധിക്കുമെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ നൂറ് സ്ഥാപനങ്ങളിൽ ബാക്കിയുള്ളവർ പ്രതികരിക്കാതിരുന്നതും ചർച്ചയാകുന്നുണ്ട്.

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ അങ്ങേയറ്റം എതിർക്കുന്ന ഒരാളാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. കാമറൂണിനെ പിന്തുണച്ച് കൊണ്ടാണ് 36 കമ്പനി മേധാവികൾ ടൈംസിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ ഒപ്പുവെച്ചത്. എന്നാൽ ചില കമ്പനികൾ ബ്രിട്ടൺ ഇയു വിടുന്നതിനെ എതിർക്കുന്നു എന്നത് കാമറൂണിനും കൂട്ടർക്കും തലവേദന സൃഷ്ടിക്കും.

ബ്രെക്‌സിറ്റിന് വലിയ പിന്തുണയാണ് ഒരുവശത്ത് ലഭിക്കുന്നത്. ഇതാണ് കാമറൂണിനെ പിന്തുണയ്ക്കുന്നതിൽനിന്ന് ചില കമ്പനികളെ മാറ്റിനിർത്തിയത്. ജനങ്ങളുടെ തിരഞ്ഞെടുപ്പാണ് റഫറണ്ടം. ഇതിൽ പക്ഷം പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് ഭൂരിപക്ഷം വ്യാപാരികളും. കത്തിൽ ഒപ്പുവെച്ചവരും വെയ്ക്കാത്തവരും ഒരുപോലെ ആവശ്യപ്പെടുന്ന ഒരു കാര്യം ഇയു നിയമങ്ങളുടെ പൊളിച്ചെഴുത്താണ്. കുടിയേറ്റം രൂക്ഷമായ പുതിയ ലോകസാഹചര്യത്തിൽ ഇയു നിയമം പൂർണ്ണമായും പൊളിച്ചെഴുതണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നത്.

ഡേവിഡ് കാമറൂണും ബ്രെക്‌സിറ്റും

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെതിരെ ഏറ്റവും ശക്തമായി എതിർക്കുന്ന ഒരാളാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. സ്വന്തം പാർട്ടിയിൽപ്പോലും ഇതിനെതിരെ ശക്തമായി എതിർക്കുന്നുണ്ട് എന്നതാണ് നേര്. യൂറോസോൺ പ്രതിസന്ധിയുടെ കാലത്ത് ബ്രിട്ടൺ സ്വന്തം പ്രശ്‌നങ്ങളെ മാത്രം കൈകാര്യം ചെയ്താൽ പോരെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇയു അംഗരാജ്യങ്ങളിൽ ഉണ്ടാകുന്ന സാമ്പത്തികപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള ബാധ്യത കൂടി ബ്രിട്ടണെ പോലുള്ള രാജ്യങ്ങൾക്ക് ഉണ്ടാകും. അത് വലിയ നികുതിഭാരമാണ് ബ്രിട്ടീഷ് ജനതയ്ക്കുമേൽ ഉണ്ടാക്കുന്നത്. ഗ്രീസ് പ്രതിസന്ധി കൈകാര്യം ചെയ്യാൻ നൽകിയ മില്യൺ കണക്കിന് യൂറോയുടെ സാമ്പത്തിക ബാധ്യത യൂറോപ്പിലെ ജനങ്ങൾ തുല്യമായാണ് വഹിക്കുന്നത്.

eu referendum1ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാൻ തങ്ങളെന്തിനാണ് അധിക നികുതിഭാരം വഹിക്കുന്നത് എന്നതാണ് ബ്രിട്ടീഷ് ജനതയുടെ ചോദ്യം. പതിറ്റാണ്ടുകളായി യൂറോപ്യൻ യൂണിയന്റെ തണലിൽ കഴിയുന്നതിന്റെ ഗുണഫലങ്ങളാണ് ഡേവിഡ് കാമറൂൺ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ആ തണലിന് നൽകേണ്ടിവരുന്ന സാമ്പത്തിക സഹായത്തിന്റെ ബാധ്യതകളാണ് എതിരാളികൾ മുന്നോട്ട് വെയ്ക്കുന്നത്. കുടിയേറ്റക്കാരെ നിയന്ത്രിക്കുമെന്നും പരമാവധി തൊഴിലുകൾ ബ്രിട്ടീഷ് ജനതയ്ക്ക് മാത്രമാക്കും എന്നൊക്കെ പ്രസംഗിച്ചിരുന്ന ഡേവിഡ് കാമറൂൺ കുടിയേറ്റം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴിയായ ബ്രെക്‌സിറ്റിനെ എന്തുകൊണ്ട് എതിർക്കുന്നു എന്നതും എതിരാളികൾ ഉയർത്തുന്ന ചോദ്യമാണ്.

എന്നാൽ കൺസർവേറ്റീവ് പാർട്ടിയിലെ മറ്റ് അംഗങ്ങൾക്ക് വിഷയത്തിൽ നിഷ്പക്ഷ നിലപാടാണ് ഉള്ളത്. ഇക്കാര്യത്തിൽ ഡേവിഡ് കാമറൂണിന് പിന്തുണയില്ലെങ്കിലും നിലവിലെ സ്ഥിതി തുടരണമെന്ന നിലപാടാണ് അവർക്കുള്ളത്. എസ്എൻപിയ്ക്കും ഇക്കാര്യത്തിൽ അതേ നിലപാടാണ്.

യുകെഐപിയുടെ നിലപാടാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. ഇയു വിരുദ്ധരും ബ്രിട്ടീഷ് ദേശീയതയിൽ ഊറ്റം കൊള്ളുന്നവരുമാണ് യുകെഐപി നേതാക്കന്മാരും അണികളും. ലേബർ, കൺസർവേറ്റീസ് പാർട്ടിക്കൾക്കിടയിൽ യുകെഐപിക്ക് വ്യക്തമായ ജനപിന്തുണ ലഭിക്കുന്നുണ്ട് എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ന്യൂനപക്ഷ വിരുദ്ധതയുടെ പേരിൽക്കൂടി യുകെഐപി. വിദേശികൾ ബ്രിട്ടണിൽ പ്രവേശിക്കുന്നത് തടയണമെന്നതാണ് ഈ പാർട്ടിയുടെ പ്രധാന അജണ്ട. അതുകൊണ്ടുതന്നെ ഇവർക്ക് ലഭിക്കുന്ന പിന്തുണ ഏറെ ആശങ്കയോടെയാണ് മറ്റ് പാർട്ടികൾ കാണുന്നത്. ഇവർ മുന്നോട്ട് വെയ്ക്കുന്ന കുടിയേറ്റ വിരുദ്ധതയ്ക്കാണ് ജനപിന്തുണ ലഭിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇവരെ മാറ്റിനിർത്തിക്കൊണ്ട് ആലോചിക്കാനും സാധ്യമല്ല.

കുടിയേറ്റ വിരുദ്ധതയും ബ്രെക്‌സിറ്റും തമ്മിൽ എങ്ങനെ ബന്ധപ്പെടുമെന്നാണ് ഡേവിഡ് കാമറൂണും കൂട്ടരും ചോദിക്കുന്നത്. ബ്രിട്ടൺ സ്വതന്ത്രമായി നിൽക്കാതെ എങ്ങനെ കുടിയേറ്റത്തെ നിയന്ത്രിക്കുമെന്ന ചോദ്യം ഉയർത്തിയാണ് യുകെഐപിയും മറ്റുള്ളവരും ചോദിക്കുന്നത്.

യൂറോപ്യൻ യൂണിയന് വഴങ്ങുന്നതുകൊണ്ട് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നുവെന്ന ഇവരുടെ വാദങ്ങൾക്ക് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. കൂടാതെ അതിർത്തികളുടെ നിയന്ത്രണം രാജ്യത്തിന് നഷ്ടമാകുന്നതായും ഇവർ ആരോപിക്കുന്നുണ്ട്. അതിർത്തിയിലെ നിയന്ത്രണം ഇല്ലാതായതോടെയാണ് കുടിയേറ്റം നിയന്ത്രണാതീതമായതെന്നാണ് ഇവരുടെ വാദം. ഈ വാദത്തിനാണ് ഡേവിഡ് കാമറൂണും കൂട്ടരും മുന്നോട്ട് വാദങ്ങളെക്കാൾ കൂടുതൽ ജനപിന്തുണ ലഭിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഹിതപരിശോധനയിൽ കൃത്യമായ ഇടം നൽകണമെന്ന വാദങ്ങൾക്ക് പ്രസക്തിയേറുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ഹതിപരിശോധനയിൽ ബ്രിട്ടൺ യൂറോപ്യൻ യൂണനിൽ തുടരണമെന്നതിനാണ് നേരിയ മുൻതൂക്കം ലഭിച്ചത്. എന്നാൽ അതിനുശേഷം സ്വതന്ത്ര ബ്രിട്ടൺ വാദം കൂടുതൽ ശക്തിയാർജ്ജിച്ചത്. പ്രത്യേക ദേശീയ ഗാനങ്ങൾ ഒരുക്കിയുള്ള ഇവരുടെ പ്രചരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

സാമ്പത്തികരംഗം

ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കും എന്ന ചോദ്യമാണ് ഡേവിഡ് കാമറൂൺ ഉൾപ്പെടെയുളളവർ ഉന്നയിക്കുന്നത്. നിലവിൽ യൂറോപ്യൻ യൂണിയൻ എന്ന ശക്തമായ സംവിധാനം മുന്നോട്ട് വെയ്ക്കുന്ന സാമ്പത്തിക സുരക്ഷിതത്വമുണ്ട്. ഇയു നയങ്ങൾ മൂലം രാജ്യത്തിന് സാമ്പത്തികബാധ്യതയും നികുതിഭാരവും ഉണ്ടാകുന്നുണ്ടെങ്കിലും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ ഇയു തരുന്ന സുരക്ഷിതത്വം വളരെ വലുതാണ്. അതുകൊണ്ടാണ് ആഗോളതലത്തിൽ സാമ്പത്തികമാന്ദ്യം രൂക്ഷമാണെങ്കിലും ബ്രിട്ടൺ ഉൾപ്പെടെയുള്ള ഇയു രാജ്യങ്ങളെ ഇത് അത്രകണ്ട് ബാധിക്കാത്തത്.

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മുരടിക്കുമെന്നും ഓഹരി വിപണി, ഹൗസിങ്ങ് വിപണി എന്നിവ തകരുമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഐഎംഎഫ് നൽകുന്ന മുന്നറിയിപ്പ് പ്രകാരം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ബ്രിട്ടീഷ് ജനതയെ കാത്തിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലാത്തതിനാൽ സാമ്പത്തികരംഗത്തെ എങ്ങനെയാണ് ബാധിക്കുക എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമാണ് ഉള്ളത്.

ബ്രെക്‌സിറ്റ് എങ്ങനെയാണ് എൻഎച്ച്എസിനെ ബാധിക്കുക എന്ന കാര്യത്തിലും വലിയ സംവാദം നടന്ന് കൊണ്ടിരിക്കുകയാണ്. എൻഎച്ച്എസിനെ തകർക്കുമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടാൽ മാത്രമാണ് എൻഎച്ച്എസിന് രക്ഷപ്പെടാൻ എന്ന് വാദിക്കുന്നവരും കുറവല്ല.

eu referendum22014ലാണ് സ്‌കോട്ട്‌ലന്റ് റഫറണ്ടം നടന്നത്. ബ്രിട്ടണിൽനിന്ന് വേർപിരിഞ്ഞ് സ്വതന്ത്രരാജ്യമാകണമെന്ന സ്‌കോട്ടീഷ് ജനതയുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് ഹിതപരിശോധന നടത്തിയത്. ഡേവിഡ് കാമറൂൺ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് നേതാക്കന്മാർ വലിയ പ്രചരണം നടത്തിയാണ് ഹിതപരിശോധന യുകെയ്ക്ക് അനുകൂലമാക്കിയത്. മൊത്തം വോട്ടിന്റെ 55.3 ശതമാനം വോട്ടാണ് സ്‌കോട്ട്‌ലന്റ് യുകെ വിടേണ്ടതില്ലെന്ന് വാദിക്കുന്നവർക്ക് ലഭിച്ചത്. എന്നാൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടാൽ വീണ്ടും സ്‌കോട്ട്‌ലന്റ് റഫറണ്ടം നടത്തേണ്ടിവരുമെന്നാണ് സ്‌കോട്ടീഷ് നാഷണൽ പാർട്ടി നേതാവ് അലക്‌സ് സാൽമണ്ട് വെളിപ്പെടുത്തുന്നത്. ബ്രെക്‌സിറ്റ് നടന്നാൽ യുകെയും ശിഥിലമാകും എന്ന ഭീഷണിയാണ് ഉയരുന്നത്.

ബിബിസിയുടെ ഇയു സംവാദത്തിൽ ഇക്കാര്യം വ്യക്തമാക്കിയ അലക്‌സ് സാൽമണ്ടിന് ലഭിച്ച പിന്തുണയും ആശങ്ക ഉളവാക്കുന്നതാണ്.

ന്യൂയോർക്കർ മാഗസിനിൽ ബ്രെക്‌സിറ്റ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ജോൺ കാസിഡി എഴുതിയ ലേഖനം കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ബ്രെക്‌സിറ്റ് ബ്രി്ട്ടീഷ് സാമ്പത്തിക രംഗത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്നാണ് ജോൺ കസിഡിയുടെ വാദം. പൗണ്ടിന്റെ മൂല്യം, തൊഴിലില്ലായ്മ, ഓഹരി കമ്പോളം, വസ്തുവില, വീടുവില, ജിഡിപി എന്നിങ്ങനെ പല തലങ്ങളിൽ രൂക്ഷമാകുന്ന ഒന്നാകും ബ്രെക്‌സിറ്റ്.

ബ്രെക്‌സിറ്റിനെതിരെ ശക്തമായി നിലകൊള്ളുന്നയാളായ ചാൻസലർ ജോർജ് ഒസ്‌ബോണാണ് ഇക്കാര്യത്തിൽ കൃത്യമായ കണക്കുകളും മറ്റും അവതരിപ്പിക്കുന്നത്. ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടാൽ 820,000 ജോലികൾ ഇല്ലാതാകുമെന്നാണ് ഒസ്‌ബോൺ വാദിക്കുന്നത്. കൂടാതെ പെൻഷൻകാർക്ക് 32,000 പൗണ്ട് നഷ്ടമാകുമെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. ഡേവിഡ് കാമറൂൺ വിശേഷിപ്പിക്കുന്നത് ബ്രെക്‌സിറ്റ് സ്വയംനശീകരണശേഷിയുള്ള ഒരു തീരുമാനമാണെന്നാണ്. ഇതിന് സമാനമാണ് ജോർജ് ഒസ്‌ബോണിന്റെ വാദവും.

ബ്രിട്ടന്റെ ജിഡിപി 3.6 ശതമാനത്തിലേക്ക് കൂപ്പ് കുത്തുന്നതിന് ബ്രെക്‌സിറ്റ് കാരണമാകുമെന്നാണ് ഓക്‌സ്‌ഫോർഡിലെ സാമ്പത്തിക വിദഗ്ദരുടെ വാദം. ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിന് പകരം നിലവിലെ ഇയു നിയമങ്ങൾ പരിഷ്‌കരിച്ചാൽ മതിയാവില്ലേ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. അങ്ങനെ നോക്കിയാൽ ചോദ്യങ്ങൾ ഒരുപാട് ഉയരുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രെക്‌സിറ്റ് സാധ്യമാകുമോ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരുമോ എന്നതാണ്. ബ്രിട്ടണിലുള്ള പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഈ ചോദ്യം പ്രധാനപ്പെട്ടതാണ്.

തുർക്കിയുടെ പ്രവേശനം

യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടാൻ കാത്തിരിക്കുകയാണ് തുർക്കി. അംഗത്വം ലഭിച്ചാലുടൻ ബ്രിട്ടണിലേക്ക് കുടിയേറാൻ കാത്തിരിക്കുന്നത് 12 മില്യൺ തുർക്കി പൗരന്മാരാണ്. എക്‌സ്പ്രസ് യുകെ പത്രം നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇയു രാജ്യങ്ങളിൽ സാമൂഹികക്ഷേമം ഇത്രമേൽ കാര്യക്ഷമമായി നടപ്പിലാക്കുന്ന ബ്രിട്ടനാണ് എല്ലാ കുടിയേറ്റക്കാരുടെയും ലക്ഷ്യം. തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സൗജന്യങ്ങളും സേവനങ്ങളും കുടിയേറ്റക്കാർ വന്ന് തട്ടിയെടുക്കുന്നു എന്ന് ബോധ്യമായതോടെയാണ് ജനങ്ങൾ പ്രതികരിച്ച് തുടങ്ങിയത്.

തുർക്കിക്ക് ഇയു അംഗത്വം നൽകുന്നതിനെ ഏറ്റവും കൂടുതൽ എതിർക്കുന്നത് ബ്രിട്ടനാണ്. കുറ്റകൃത്യനിരക്ക് വളരെ കൂടുതലായ തുർക്കിക്ക് ഇയു അംഗത്വം നൽകിയാൽ കുറ്റവാളികളിൽ നല്ലൊരു ശതമാനവും ബ്രിട്ടണിലേക്ക് കുടിയേറാൻ സാധ്യതയുണ്ടെന്നും ഒരു കൂട്ടം വാദിക്കുന്നു. ഐഎസ് തീവ്രവാദികളുടെ ആക്രമണം ശക്തമായതോടെ യൂറോപ്പിലേക്ക് അഭയാർത്ഥി പ്രവാഹം ശക്തമാണ്. ഇതിൽ ഭൂരിപക്ഷം പേരുടെയും ലക്ഷ്യസ്ഥാനം യുകെയാണ്. ഫ്രഞ്ച് തുറമുഖ പട്ടണമായ കലൈസ് വഴിയുള്ള കുടിയേറ്റ/ അഭയാർത്ഥി പ്രവാഹത്തിന് ഫ്രാൻസ് കൂട്ടുനിന്നതായുള്ള പരാതിയും ബ്രിട്ടൺ ഉയർത്തുന്നുണ്ട്. കലൈസ് പട്ടണംവഴി പതിനായിരക്കണക്കിന് പേരാണ് ബ്രിട്ടണിലേക്ക് കുടിയേറിയിട്ടുള്ളത്.

ഇങ്ങനെ പലവഴിക്കാണ് ബ്രിട്ടണിൽ നടക്കുന്ന പ്രചരണങ്ങൾ. കുടിയേറ്റക്കാരുടെ പ്രവാഹമാണ് ഇയു വിടാൻ ബ്രിട്ടണെ പ്രേരിപ്പിക്കുന്നത്. എന്നാൽ അതിനുമപ്പുറം വലിയ മാനങ്ങൾ ഉള്ളതാണ് ബ്രിട്ടൺ മുന്നോട്ട് വെയ്ക്കുന്ന ബ്രെക്‌സിറ്റും പ്രചരണങ്ങളും.