കേരളത്തിൽ താമര വിരിയുമ്പോൾ

മതേതര കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ബിജെപി ഒരു മണ്ഡലത്തിൽ വിജയിച്ചു എന്നതിലുപരി അവരുടെ വോട്ട് ഷെയറിൽ ഉണ്ടായ വർദ്ധനവ് ശ്രദ്ധേയമാണ്. ഏഴ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും 50 മണ്ഡലങ്ങളിൽ 25,000 മുകളിൽ വോട്ട് പിടിക്കാനും ബിജെപിക്ക് സാധിച്ചെങ്കിൽ കേരളം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു- നിവാസ് ബാബു സെൽവരാജ് എഴുതുന്നു.

കേരളത്തിൽ താമര വിരിയുമ്പോൾ

bjpനിവാസ് ബാബു സെൽവരാജ്

കേരള നിയമസഭയിൽ ബി.ജെ.പിക്ക് ഒരു പ്രതിനിധി ഉണ്ടാകുമെന്ന് ഒരു പതിറ്റാണ്ട് മുൻപ് ആരെങ്കിലും പറഞിരുന്നെങ്കിൽ അത് ഒരു തമാശയായി മാത്രം പൊതുജനം തള്ളിക്കളയുമായിരുന്നു. കടുത്ത ബി.ജെ.പി ആരാധകർ പോലും ആ പ്രസ്ഥാവനയെ സംശയത്തോടെയെ കാണുമായിരുന്നുള്ളൂ. പക്ഷെ ചുരുക്കം ചിലർ ആ പ്രതീക്ഷ വച്ച് പുലർത്തി, നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിച്ച് പല വട്ടം പരാജയപ്പെട്ടിട്ടും, കൃത്യമായി പറഞാൽ 17 വട്ടംപല പല തിരഞെടുപ്പുകളിൽ തോറ്റ് കളിയാക്കലുകൾ കേട്ടിട്ടും സംഘരാഷ്ട്രീയത്തിൽ നിന്നും പിന്മാറാതെ നിന്ന ഓ. രാജഗോപാൽ എന്ന ബി ജെ പിക്കാരുടെ സ്വന്തം രാജേട്ടൻ അവരിൽ ഒരാളായിരുന്നു.


അദ്ദേഹത്തിന്റെയും കൂട്ടരുടെയും കാത്തിരുപ്പ് വെറുതെ ആയില്ല എന്നാണു ഇത്തവണത്തെ ഫലം പറയുന്നത്, എണ്ണായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു അദ്ദേഹം നേമം മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തുന്നത്. കേരളത്തിൽ പൂജ്യത്തിൽ നിന്നും വലിയൊരു ഒന്നിലേക്കുള്ള ബി.ജെ.പിയുടെ വളർച്ചയെ കുറിച്ചും, ഭാവിയെ കുറിച്ചും ഇത്തവണത്തെ നിയമസഭാ തിരഞെടുപ്പ് ഫലത്തെ മുൻ നിർത്തി ഒരു നോട്ടമാണു ഈ കുറിപ്പ്.

ആർ എസ്സ് എസ്സിനു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള സംസ്ഥാനങ്ങളുടെ പട്ടിക എടുത്താൽ ആളോഹരിയിൽ അതിൽ മുൻപന്തിയിൽ തന്നെ കേരളം എന്നും ഉണ്ടായിരുന്നു. പക്ഷെ തിരഞെടുപ്പ് രാഷ്ട്രീയത്തിൽ അവർ മുന്നോട്ട് വെക്കുന്ന സംഘരാഷ്ട്രീയത്തിനു കേരളത്തിൽ പറയത്തക്ക നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞ ദശകംവരെ സാധിച്ചിരുന്നില്ല.

സംഘത്തിന്റെ വർഗ്ഗീയ നിലപാടുകളോട് മലയാളി പൊതുബോധം മുഖം തിരിച്ച് തന്നെ നിന്നു എന്ന് മാത്രമല്ല കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ അതിനെ നിരന്തരം വിമർശിച്ച് കൊണ്ടുമിരുന്നു. അവരുടെ രാഷ്ട്രീയ മുഖമായ ബി.ജെ.പിയെ തമ്മിൽ തല്ലു കൂടുന്ന ഒരു സംഘം നേതാക്കളുടെ പാർട്ടി എന്ന നിലയിലാണു പൊതുവേ മലയാളികൾ 2011 നിയമസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും കണ്ടിരുന്നത്. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ കാര്യം അത്രയും ശോചനീയമായിരുന്നു. അതു കൊണ്ട് തന്നെ ബി.ജെ.പിയെ ഒരു ശക്തമായ രാഷ്ട്രീയ പ്രതിയോഗി എന്ന നിലയിൽ ഇടതും വലതും മുന്നണികൾ കണ്ടിരുന്നില്ല എന്നതാണു വസ്തുത. അതിനു പ്രത്യക്ഷത്തിൽ ഒരു മാറ്റം വന്നത് 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്താണു.

സംഘം പരസ്യമായി രാഷ്ട്രീയത്തിൽ ഇടപെട്ട ആ തിരഞ്ഞെടുപ്പിൽ, ഗുജറാത്തിന്റെ വികസനം എന്ന മായാചിത്രം മുൻ നിർത്തി വന്ന മോദി തരംഗത്തിൽ ഇന്ത്യയിലെ ഭൂരിഭാഗം മണ്ഡലങ്ങൾ ബി.ജെ.പിയുടെ ഭാഗത്തേക്ക് ചാഞ്ഞപ്പോൾ അതിന്റെ അലയൊലികൾ കേരളത്തിലും ഉണ്ടായി. അന്ന് തിരുവനന്തപുരം ജില്ലയിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടായി, കേരളത്തിൽ മെച്ചപ്പെട്ട ഒരു വോട്ട് ഷെയർ തങ്ങൾക്കുണ്ടെന്ന് തെളിയിക്കാനും ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി. ആ ആത്മവിശ്വാസം 2015ലെ പഞ്ചായത്ത് തിരഞെടുപ്പുകളിലും പ്രദർശിപ്പിക്കാൻ ബി.ജെ.പി വിജയിച്ചു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

വർഷം ബി. ജെ. പിയുടെ കേരളത്തിലെ വോട്ട് ഷെയർ

1982 2.75
1987 5.56
1991 4.76
1996 5.48
2001 5.02
2006 4.75
2011 6.03

2011 വരെയുള്ള നിയമസഭാ തിരഞെടുപ്പുകളിൽ ബി.ജെ.പിയുടെ വോട്ട് ഷെയർ.

ഇതുവരെയും ബി.ജെ.പിയെ സംബന്ധിച്ച് പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രത്യേകത എന്തായിരുന്നു എന്ന് വെച്ചാൽ ഒരു പ്രതീക്ഷയും ഇല്ലാതെയാണു മിക്കപ്പോഴും അവർ അതിനെ നേരിട്ടത് എന്നതായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ ദേശീയ പാർട്ടി എന്ന ചിത്രം മുൻ നിർത്തിയും, പഞ്ചായത്ത് തിരഞെടുപ്പുകളിൽ ചിലയിടത്തെങ്കിലും ശക്തരായ തദ്ധേശീയരായ സ്ഥാനാർത്ഥികളെ കാണിച്ചും ആത്മവിശ്വാസത്തോടെ വോട്ട് ചോദിക്കാമായിരുന്നെങ്കിലും ദുർബ്ബലമായിരുന്ന സംസ്ഥാന നേതൃത്വത്തിന്റെ കീഴിൽ നിയമസഭാ തിരഞെടുപ്പ് അവർക്ക് കീറാമുട്ടിയായിത്തന്നെ നിന്നു. അതിനു പുറമേ മിക്കപ്പോഴും വോട്ട് മറിക്കൽ എന്ന ആരോപണം നേരിടേണ്ടിവന്നതും അവർക്ക് ക്ഷീണമായി ഭവിച്ചിരുന്നു.

പാർട്ടി രൂപീകരണത്തിനു ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 3% താഴെ മാത്രം വോട്ടുകൾ നേടിയ അവർ 2011ലെ തിരഞ്ഞെടുപ്പുവരെയും വോട്ട് ഷെയർ ഏറെക്കുറേ 5-6%നു അടുത്തായി നേടിയതായി പട്ടികയിൽ കാണാം. അപ്പോഴൊക്കെയും ഓ. രാജഗോപാൽ എന്ന സ്ഥാനാർത്ഥിയെ ചുറ്റിപ്പറ്റിയായിരുന്നു കേരളത്തിലെ ബി.ജെ.പിയുടെ ഏക പ്രതീക്ഷ. അത് കൊണ്ട് തന്നെ വളരെ കൃത്യമായ പ്രവർത്തനങ്ങളോടെ അവർ നേരിട്ട ആദ്യ നിയമസഭാ തിരഞെടുപ്പായിരുന്നു 2016ലേത് എന്ന് വിശേഷിപ്പിച്ചാലും അതിശയോക്തിയാകില്ല. അതിനുള്ള തയ്യാറെടുപ്പുകളിലെ പ്രധാനപ്പെട്ട ഒരു ചുവടായിരുന്നു 2015 ഡിസംബർ 18നു കുമ്മനം രാജശേഖരനെ കേരളത്തിലെ ബി.ജെ.പിയുടെ സാരഥ്യം ഏൽപ്പിക്കുക വഴി അവർ ചെയ്തത്. പാർട്ടി പൂർണ്ണമായും സംഘത്തിന്റെ കീഴിലായിരിക്കും നിയമസഭാ തിരഞെടുപ്പിനെ നേരിടുക എന്ന ശക്തമായ സന്ദേശം അണികൾക്ക് നൽകാനും അതിലൂടെ അവർക്ക് ഒരു പുത്തനുണർവേകാനും ബി. ജെ. പിക്ക് കഴിഞു.

കേരളത്തിൽ ബി.ജെ.പ്പിക്കുണ്ടായ ആ പുത്തനുണർവ്വ് ഒരു ഘട്ടത്തിൽ അവർ മൂന്നിലധികം സീറ്റുകൾ നേടിയാലും അത്ഭുതപ്പെടാനില്ല എന്നൊരു ഘട്ടം വരെ എത്തി. വെള്ളാപ്പള്ളി നടേശന്റെ കൂടെ ബി.ജെ.പി ഉണ്ടാക്കിയ തിരഞെടുപ്പ് സഖ്യം വളരെ പ്രാധാന്യത്തോടെയാണു രാഷ്ട്രീയ കേരളം മൊത്തം ഉറ്റു നോക്കിയത്. അങ്ങനെ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് തോന്നിപ്പിച്ച ബിജെപിയുടെ സാദ്ധ്യതകൾ ഒന്നു കൂടെ ഉയർത്താനായായിരുന്നു മോദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ആറ് മഹാറാലികൾ. അതുവരേക്കും കാര്യങ്ങൾ എല്ലാം ഭംഗിയായി നീങ്ങിക്കൊണ്ടിരിക്കെയാണു ഇടിത്തീയെന്ന കണക്കേ പ്രധാനമന്ത്രിയുടെ വായിൽ നിന്നും സോമാലിയൻ പരാമർശം ഉതിർന്നത്. പിന്നീട് കേരളം മാത്രമല്ല ഇന്ത്യ മൊത്തം കണ്ടത് നവ മാദ്ധ്യമങ്ങളിലൂടെ തുടങ്ങിയ പോമോനെമോദി എന്ന പേരിൽ പ്രസിദ്ധമായ പ്രതിഷേധമായിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ അടക്കം പ്രാധാന്യത്തോടെ ഈ വിഷയം അവതരിപ്പിച്ചതും, കേരളത്തിലെ ചാനലുകൾ ഒന്നടങ്കം അതിനെപ്രതി ചർച്ച നടത്തിയതും ബി. ജെ. പി യുടെ സാദ്ധ്യതക്ക് വല്ലാതെ മങ്ങലേറ്റു എന്നാണു പിന്നീട് അവർ നേരിട്ട ശക്തമായ വിമർശനങ്ങളിലൂടെ കേരളം കണ്ടത്.

മൃദു ഹൈന്ദവീയ, അരാഷ്ട്രീയ വോട്ടുകളിൽ പലതും ആ പ്രസ്ഥാവന വഴിക്ക് ബി.ജെ.പിയിൽ നിന്ന് അകന്നത് തെല്ല് ആശ്വാസത്തോടെയാണു മതേതര കേരളം ഉറ്റ് നോക്കിയത്.

അവസാന ദിനങ്ങളിൽ തളർച്ച നേരിട്ടിട്ടും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തങ്ങളുടെ വോട്ട് ഷെയർ 2011ലെ 6% നിന്നും 10.6% ആയി ഉയർത്തുന്നതാണു മെയ് 19നു കേരളം കണ്ടത്, അതിലൂടെ എൻ.ഡി.എ സഖ്യം 15.5%ത്തോളം വോട്ടുകൾ നേടി കേരളത്തിൽ തങ്ങളുടെ ശക്തി വിളിച്ചറിയിച്ചിരിക്കുകയാണു. കേരളത്തിലാകെ ഇടതുപക്ഷം 8612774 വോട്ടുകളും യു. ഡി. എഫ് 7743208 വോട്ടുകളും നേടിയപ്പോൾ പോൾ ചെയ്തവയിൽ 3002822 വോട്ടുകൾ നേടി ഇതുവരെയും തങ്ങളെ മൂന്നാം സ്ഥാനക്കാരായി മാത്രം കണ്ട ഇരു മുന്നണികളിലും ആശങ്ക ഉണർത്തുന്നതിൽ എൻ.ഡി എ സഖ്യം വിജയിച്ചു എന്ന് തന്നെ പറയാം. ബി.ജെ.പിയുടെ വോട്ട് ഷെയർ മുഖ്യമായും കോൺഗ്രസ്സിന്റെ വോട്ട് പിടിച്ചെടുത്തതിൽ നിന്നുമാണു എന്ന് 2011ലെയും 2016ലെയും തിരഞ്ഞെടുപ്പ് സ്ഥിതിവിവരങ്ങൾ വിളിച്ച് പറയുന്നു.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന് ഉള്ള പ്രഖ്യാപനം. ന്യൂനപക്ഷ വോട്ടുകൾ തങ്ങളുടെ വരുതിയിലേക്ക് പിടിച്ചെടുക്കാനുള്ള ആ തന്ത്രം അരുവിക്കരയിൽ വിജയിച്ചപ്പോൾ, മൊത്തം കേരളത്തെയും അരുവിക്കര മോഡലിൽ പറ്റിക്കാമെന്ന് കണ്ട് അദ്ദേഹം അതേ തന്ത്രം ആവർത്തിച്ചപ്പോൾ അത് യു ഡി എഫിനെ തിരിച്ചടിച്ചു എന്ന് മാത്രമല്ല അവരുടെ കുറേ വോട്ടുകൾ ബി ജെ പി പക്ഷത്തേക്ക് കൂറ് മാറുകയും ചെയ്തു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 2011ൽ 45.83% വോട്ട് നേടിയ യൂ.ഡി.എഫ് ഇത്തവണ 40% ഒതുങ്ങുകയായിരുന്നു.

2016 തിരഞെടുപ്പ് മതേതര കേരളത്തിനെ സംബന്ധിച്ച് വളരെ ഉത്കണ്ഠ ഉളവാകേണ്ട ഫലമാണു മുന്നോട്ട് വെച്ചിരിക്കുന്നത്. നേമം മണ്ഡലത്തിൽ വിജയിച്ചതിനു പുറമേ 7 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താൻ എൻ. ഡി എക്ക് കഴിഞു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 50 ഓളം മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ 25000ൽപ്പരം വോട്ട് നേടിയിരിക്കുന്നു. വർഗ്ഗീയ ഫാസിസ്റ്റുകളെ ഈ മണ്ണിൽ വളരാൻ അനുവദിക്കുകയില്ല എന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളോട് അഭിമാനപൂർവ്വം പറഞ്ഞിരുന്ന ഓരോ മലയാളിയും മറിച്ച് ചിന്തിക്കാൻ തയ്യാറാകേണ്ട ഒരു സാഹചര്യം കേരളത്തിൽ ഉടലെടുത്തിരിക്കുകയാണു എന്ന് താഴെയുള്ള പട്ടിക നോക്കിയാൽ കാണാം.

ക്ര.ന മണ്ഡലം സ്ഥാനാർത്ഥി വോട്ടുകൾ

1 നേമം ഓ. രാജഗോപാൽ 67813
2 മഞ്ചേശ്വരം കെ. സുരേന്ദ്രൻ 56781
3 കാസർക്കോട് രവീശ തന്ത്രി 56120
4 മലമ്പുഴ സി.കൃഷ്ണകുമാർ 46157
5 വട്ടിയൂർക്കാവ് കുമ്മനം 43700
6 കഴക്കൂട്ടം വി.മുരളീധരൻ 42732
7 പാലക്കാട് ശോഭ സുരേന്ദ്രൻ 40076
8 കാട്ടാക്കട പി.കെ. കൃഷ്ണദാസ് 38700
9 ആറന്മുള എം ടി രമേശ് 37906
10 മണലൂർ എ.എൻ രാധാകൃഷ്ണൻ 37680
11 പുതുക്കാട് എ നാഗേഷ് 35833
12 നെടുമങ്ങാട് വി.വി. രാജേഷ് 35139
13 തിരുവനന്തപുരം സെൻട്രൽ ശ്രീശാന്ത് 34764
14 ചാത്തന്നൂർ ബി. ഗോപകുമാർ 33199
15 പാറശ്ശാല കെ. ജയൻ 33028
16 കുന്ദമംഗലം സി.കെ.പി 32702
17 കാഞിരപ്പള്ളി വി.എൻ. മനോജ് 31411
18 മാവേലിക്കര പി.എം വേലായുധൻ 30929
19 ഇരിങ്ങാലക്കുട സന്തോഷ് സി 30420
20 കോഴിക്കോട് നോർത്ത് കെ. പി ശ്രീശൻ 29860

മതേതര കേരളം ശ്രദ്ധിക്കേണ്ട 20 മണ്ഡലങ്ങൾ

ഇത്തവണ 30000ൽപ്പരം വോട്ടുകൾ എൻ.ഡി എ പിടിച്ചെടുത്ത മണ്ഡലങ്ങളെയാണു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത. ഈ മണ്ഡലങ്ങളെ എങ്കിലും മതേതര കേരളം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവിടെയൊക്കെ തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും വർഗ്ഗീയ ശക്തികളെ കേരളത്തിന്റെ അതിർത്തിക്ക് പുറത്ത് തന്നെ നിർത്താനും ഇവിടത്തെ ജനാധിപത്യ വിശ്വാസികളും, എൽ.ഡി. എഫ്- യൂ.ഡി.എഫ് എന്നീ ഇരുമുന്നണികളും കരുതൽ എടുക്കേണ്ട സമയം അതിക്രമിച്ചു എന്നാണു 2016 നിയമസഭാ തിരഞെടുപ്പ് തരുന്ന പൊതു സന്ദേശം.പാർലമെന്റിൽ 1984ൽ രണ്ട് എം പി മാരുമായി തുടങ്ങി ബാബ്രി- ഗോധ്ര വഴി2014ൽ 300പരം സീറ്റുമായി ഭരണം പിടിച്ചെടുത്ത അവരുടെ ചരിത്രം നമുക്ക് മുന്നിൽ ഉണ്ട് അതേ പോലെ താമരകൾ കൂട്ടത്തോടെ വിരിയാനുള്ള കുളം ആയി കേരളം മാറാതിരിക്കാൻ ഇവിടത്തെ മതേതര മുന്നണികൾ കരുതിയിരിക്കേണ്ടിവരും.അടുത്ത നിയമസഭാ തിരഞെടുപ്പിൽ കേരളത്തിൽ വർഗ്ഗീയ കോമരങ്ങൾ കൂട്ടത്തോടെ രംഗം കീഴടക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഇടതും വലതും മുന്നണികൾ ഇന്നേ തുടങ്ങിയില്ലെങ്കിൽ മതേതര കേരളത്തിന്റെ ഭാവി അപകടത്തിലാണു എന്ന് പറയേണ്ടിവരും.

Story by