എന്‍ഡിഎയില്‍ വിള്ളല്‍; വോട്ട് മറിക്കാന് ബിഡിജെഎസ്

ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറിമാരായ സുഭാഷ്‌വാസു, ടി.വി.ബാബു എന്നിവര്‍ മത്സരിക്കുന്ന കുട്ടനാട്, നാട്ടിക എന്നിവിടങ്ങളിലും അക്കീരമണ്‍ ഭട്ടതിരിപ്പാട് മത്സരിക്കുന്ന തിരുവല്ല, സജി പരമ്പത്ത് മത്സരിക്കുന്ന ഉടുമ്പന്‍ചോല, അഡ്വ.പ്രവീണ്‍ മത്സരിക്കുന്ന തൊടുപുഴ എന്നിവടങ്ങളിലൊഴികെ മറ്റു മണ്ഡലങ്ങളില്‍ വോട്ടുമറിക്കാനാണ് ബി.ഡി.ജെ.എസ് തയാറെടുക്കുന്നത്. കോവളത്ത് ബിജെപി നേരത്തേ തന്നെ കാലുവാരാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം വട്ടിയൂര്‍ക്കാവിലും നേമത്തും തിരുവനന്തപുരത്തുമുണ്ടാകും

എന്‍ഡിഎയില്‍ വിള്ളല്‍; വോട്ട് മറിക്കാന് ബിഡിജെഎസ്

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബി.ഡി.ജെ.എസ് വോട്ടുമറിക്കാന്‍ തയാറെടുക്കുന്നതായി സൂചന. ഇന്ന് വൈകുന്നേരം ചേരുന്ന ബി.ഡി.ജെ.എസ് ഉന്നതതല യോഗത്തിനുശേഷം ഇതുസംബന്ധിച്ച നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്കു നല്‍കുമെന്നാണ് അറിയുന്നത്. ബി.ജെ.പിയുടെ ഘടകകക്ഷിയായി എന്‍.ഡി.എയിലാണ് നില്‍ക്കുന്നതെങ്കിലും മറ്റ് മുന്നണികള്‍ക്ക് വോട്ടുമറിക്കാനാണ് നീക്കം. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്.


തെരഞ്ഞെടുപ്പിനു മുമ്പ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതു നല്‍കാതെ സുരേഷ് ഗോപിയെ രാജ്യസഭാ അംഗമാക്കിയതില്‍ ബിഡിജെഎസിലെ തുഷാര്‍ വിഭാഗത്തിന് ശക്തമായ അമര്‍ഷമുണ്ട്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് തുഷാറിന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതെന്നാണ് ഇവരുടെ നിലപാട്. ബി.ഡി.ജെ.എസിന്റെ സ്വാധീനം വോട്ടെടുപ്പില്‍ അറിഞ്ഞശേഷം രാജ്യസഭാ സീറ്റ് നല്‍കിയാല്‍ മതിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചു. ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്തിയതു തന്നെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വിയോജിപ്പ് തള്ളിക്കൊണ്ടായിരുന്നു. എന്നാല്‍ തുഷാറിന്റെ രാജ്യസഭാ സീറ്റ് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ബി.ജെ.പി ദേശീയ നേതൃത്വം അംഗീകരിച്ചു. ഇതോടെ തുഷാറിനെ അനുകൂലിക്കുന്നവര്‍ ബി.ജെ.പിക്ക് എതിരായി. ഇതിനിടെ, ബി.ജെ.പി ബന്ധം സംബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുകയും ചെയ്തു. ബി.ഡി.ജെ.എസ് രൂപീകരണ സമയത്തു തന്നെ അച്ഛനും മകനും തമ്മില്‍ തുടങ്ങിയ അകല്‍ച്ച ഇതോടെ രൂക്ഷമായി. ബി.ജെ.പിക്ക് ഒപ്പം നില്‍ക്കണമെന്നും ഇതിലൂടെ ശക്തി തെളിയിക്കണമെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇതിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ബി.ഡി.ജെ.എസിലുണ്ട്.

തന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ സഹായിക്കാനില്ലെന്നാണ് തുഷാറിന്റെ നിലപാട്. ഇത്തവണ ബി.ജെ.പിക്ക് വോട്ട് കൂടിയാല്‍പോലും തന്നെ അവഗണിക്കുമെന്ന ആശങ്കയാണ് തുഷാറിനുള്ളത്. വോട്ട് വര്‍ധിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതൃത്വത്തിന്റെയും ചില സംസ്ഥാന നേതാക്കളുടേയും മെച്ചമായി മാത്രമേ ബി.ജെ.പി ഇതിനെ കാണുകയുള്ളൂവെന്നാണ് തുഷാര്‍ അനുകൂലികളുടെ നിലപാട്. രാജീവ് പ്രതാപ്‌റൂഡി, ജെ.പി.നഡ്ഡ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ ക്യാമ്പു ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏര്‍പ്പെടുകയാണ്. കൂടാതെ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പൂര്‍ണ ചുമതല ആര്‍.എസ്.എസിനാണ്. അതിനാല്‍ തന്നെ വോട്ട് വര്‍ധിച്ചാല്‍ അവകാശവാദവുമായി നിരവധി പേര്‍ രംഗത്തുവരും. ഇതോടെ ബി.ഡി.ജെ.എസിന്റെ സ്വാധീനമെന്ന അവകാശവാദം പൂര്‍ണമായും നിരസിക്കപ്പെടുകയും ചെയ്യും. മാത്രമല്ല ബി.ഡി.ജെ.എസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നും തന്നെ ബി.ജെ.പിയും ആര്‍.എസ്.എസും ശക്തമായ പ്രചാരണത്തിലില്ല. ഇതിലും ബി.ഡി.ജെ.എസിന് കടുത്ത അമര്‍ഷമുണ്ട്. എന്‍.ഡി.എയുടെ ഘടകകക്ഷിയാണെങ്കിലും അതിനനുസരിച്ചുള്ള പ്രാധാന്യം ബി.ജെ.പി നല്‍കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

അതിനാല്‍ ബി.ഡി.ജെ.എസിന്റെ ശക്തരായ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളൊഴികെ മറ്റുള്ളിടങ്ങളില്‍ വോട്ട് മറിക്കാനാണ് തീരുമാനം. ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറിമാരായ സുഭാഷ്‌വാസു, ടി.വി.ബാബു എന്നിവര്‍ മത്സരിക്കുന്ന കുട്ടനാട്, നാട്ടിക എന്നിവിടങ്ങളിലും അക്കീരമണ്‍ ഭട്ടതിരിപ്പാട് മത്സരിക്കുന്ന തിരുവല്ല, സജി പരമ്പത്ത് മത്സരിക്കുന്ന ഉടുമ്പന്‍ചോല, അഡ്വ.പ്രവീണ്‍ മത്സരിക്കുന്ന തൊടുപുഴ എന്നിവടങ്ങളിലൊഴികെ മറ്റു മണ്ഡലങ്ങളില്‍ വോട്ടുമറിക്കാനാണ് ബി.ഡി.ജെ.എസ് തയാറെടുക്കുന്നത്. കോവളത്ത് ബിജെപി നേരത്തേ തന്നെ കാലുവാരാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം വട്ടിയൂര്‍ക്കാവിലും നേമത്തും തിരുവനന്തപുരത്തുമുണ്ടാകും.

എന്നാല്‍ വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നവര്‍ ഇതിനെ എതിര്‍ക്കുകയാണ്.  പുതിയ പാര്‍ട്ടി രൂപീകരണവും ബി.ജെ.പിയോട് അടുത്തു നില്‍ക്കാനുള്ള തീരുമാനവും മറ്റു മുന്നണികളില്‍ നിന്നും എസ്.എന്‍.ഡി.പിയെ മാറ്റിനിര്‍ത്താന്‍ ഇടയാക്കിയതാണ്. ബി.ജെ.പിയെങ്കിലും കൂടെയില്ലെങ്കില്‍ എസ്.എന്‍.ഡി.പിക്ക് വന്‍ക്ഷീണമുണ്ടാക്കുമെന്നാണ് വെള്ളാപ്പള്ളിപക്ഷക്കാരുടെ നിലപാട്.