ജീവിച്ചിരിക്കെ വൃക്ക ദാനം ചെയ്ത് ബിഷപ്പ് ജോസഫ്‌ മുരിക്കന്‍ മാതൃകയാകുന്നു

'ദാനം ചെയ്യുന്നത് അന്യ മതസ്ഥന് വേണ്ടിയാണെന്നത് തന്നെ അലട്ടുന്ന കാര്യമല്ല"

ജീവിച്ചിരിക്കെ വൃക്ക ദാനം ചെയ്ത്  ബിഷപ്പ് ജോസഫ്‌ മുരിക്കന്‍ മാതൃകയാകുന്നു

കേരളത്തില്‍ വീണ്ടും ഒരു വൈദികന്‍ ജീവിച്ചിരിക്കെ തന്റെ വൃക്ക ദാനം ചെയ്യുന്നു. കോട്ടയം പാലയിലെ സിറിയന്‍ മലബാര്‍ ചര്‍ച്ച് ബിഷപ്പായ ജോസഫ് മുരിക്കനാണ് ഈ പുണ്യ പ്രവൃത്തിക്കു സന്നദ്ധനായിരിക്കുന്നത്.

മലപ്പുറം സ്വദേശിയായ സൂരജിന് വേണ്ടിയാണ് ബിഷപ്പ് തന്റെ വൃക്ക ദാനം ചെയ്യുന്നത്. മുപ്പതുകാരനായ സൂരജ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തന്റെ രണ്ട് വൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. എല്ലാ പ്രതീക്ഷകളും കൈവിട്ട സമയത്താണ് താന്‍ 'കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ' എന്ന സംഘടനയില്‍ രജിസ്റ്റര്‍ ചെയ്യുന്നതും അതിലൂടെ ജോസഫ്‌ മുരിക്കന്റെ വിളി വരുന്നതുമെന്ന് സൂരജ് പറയുന്നു. തന്നെ സംബന്ധിച്ച് ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.


ഒരു വര്ഷം മുന്പ് ,സ്വന്തം വൃക്ക ദാനം ചെയ്യുന്ന ആദ്യ വൈദികനായി മാറിയ ഫാ.ചിരമേലിന്‍റെ നേതൃത്വത്തിലുള്ള സംഘടനയാണ് കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ. ഫാ.ചിറമേല്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്പ് പാലയില്‍ നടത്തിയ അവയവ ദാന ക്യാമ്പില്‍ പങ്കെടുത്തതാണ് ജോസഫ്‌ മുരിക്കന് തന്റെ വൃക്ക ദാനം ചെയ്യാനുള്ള തീരുമാനത്തിന് പ്രചോദനമായത്. ദാനം ചെയ്യുന്നത് അന്യ മതസ്ഥന് വേണ്ടിയാണെന്നത് തന്നെ അലട്ടുന്ന കാര്യമല്ലെന്നാണ് ജോസഫ്‌ മുരിക്കന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അവയവ ദാനത്തിനെ ചുറ്റിപ്പറ്റിയുള്ള തെറ്റിധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുവെന്നും തന്നെപ്പോലുള്ള കുറച്ചുപേര്‍ ഇതിനു തയ്യാറാകുന്നത്തിലൂടെ ഈ അവസ്ഥക്ക് കുറച്ചെങ്കിലും മാറ്റം വരുത്താനാകും എന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ശസ്ത്രക്രിയ ജൂണ്‍ 1-ന് നടക്കും എന്നാണു ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

Read More >>