യൂറോപ്പിനെ ചുട്ട് പൊള്ളിച്ച് 'ബിയാലൊവിസിയ'

കാടിനെ കൈകാര്യം ചെയ്യാൻ മഴുവിന് മാത്രമേ കഴിയൂ എന്നാണ് പുതിയ സർക്കാരിന്റെ വാദം. ഇതാണ് ബിയാലൊവിസിയ കാടിന് ശാപമാകുന്നത്.

യൂറോപ്പിനെ ചുട്ട് പൊള്ളിച്ച്

Białowieża
യൂറോപ്പിലെ അവശേഷിക്കുന്ന പ്രാചീന വനങ്ങളിലൊന്നാണ് ബിയാലൊവിസിയ കാടുകൾ. ഇപ്പോൾ കാടുമായി ബന്ധപ്പെട്ട് യൂറോപ്പിൽ വലിയ പ്രതിഷേധം രൂപപ്പെടുകയാണ്. യൂറോപ്പിലെ അവസാനിക്കുന്ന പ്രാചീനവനം എന്നറിയപ്പെടുന്ന ബിയാലൊവിസിയ കാടുകളിൽനിന്ന് തടി വെട്ടാനുള്ള പദ്ധതിയിലാണ് പോളീഷ് സർക്കാർ. അതാണ് പ്രതിഷേധത്തിന് കാരണം.

പോളണ്ട്, ബെലാറസ് രാജ്യങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ വനം യൂറോപ്പിനെ ഒരുപരിധിവരെ സംരക്ഷിക്കുന്നുണ്ട്. 3,085 ചതുരശ്ര കിലോമീറ്ററിൽ പരന്ന് കിടക്കുന്ന ബിയാലൊവിസിയ കാടിനെ വെട്ടിമുറിക്കാനുള്ള തീരുമാനമെടുത്തത് പോളീഷ് സർക്കാരാണ്. പോളീസ് സർക്കാരിന്റെ ഈ തീരുമാനവും അതിനെതിരെ യൂറോപ്പിൽ ആകമാനം ഉയർന്നുവരുന്ന പ്രതിഷേധവുമാണ് ഇപ്പോൾ പരിസ്ഥിതി വാദികളും അവരുടെ അന്താരാഷ്ട്ര ഫോറങ്ങളും കാര്യമായി ചർച്ച ചെയ്യുന്നത്.


യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിലൊന്നാണ് ഈ വനമേഖല. കൂടാതെ യൂറോപ്യൻ യൂണിയൻ പ്രത്യേക സംരക്ഷിതമേഖലയായി പരിഗണിക്കുന്ന അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ഇത്. പോളണ്ടും ബെലാറസും തുല്യമായി അതിർത്തി പങ്കിടുന്ന ബിയാലൊവിസിയ കാടുകളുടെ സംരക്ഷണവും ടൂറിസം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിയന്ത്രണവും ഇരുരാജ്യങ്ങളിലേയും പരിസ്ഥിതി വകുപ്പുകൾ തുല്യമായാണ് ചെയ്യുന്നത്.

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സാന്നിധ്യവും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും മൂലം ബിയാലൊവിസിയ കാടുകളെ സംരക്ഷിക്കണം എന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയനോ പരിസ്ഥിതി സ്നേഹികൾക്കോ യാതൊരു സംശയവുമില്ല. എന്നാൽ പോളണ്ടിലെ പുതിയ സർക്കാർ എടുത്ത തീരുമാനം വലിയ തോതിൽ ഒച്ചപ്പാടുണ്ടാക്കി. ബിയാലൊവിസിയ കാടുകളിലെ പത്ത് ശതമാനം പൈൻ മരങ്ങൾ വെട്ടണം എന്നതാണ് സർക്കാരിന്റെ ആവശ്യം.

ഈ ആവശ്യത്തിനെതിരെ പരിസ്ഥിതി സ്നേഹികൾ കൂട്ടത്തോടെ രംഗത്തെത്തി. പൈൻ മരങ്ങളോടൊപ്പം മറ്റ് മരങ്ങളും കാര്യമായി വെട്ടിമാറ്റപ്പെടുമെന്ന് പരിസ്ഥിതി സ്നേഹികൾ ആരോപിച്ചു. പുതിയ സർക്കാരിന് ബിയാലൊവിസിയ കാടുകളിലെ മരങ്ങളിൽ മാത്രമാണ് കണ്ണെന്നും അവർ ആരോപിപ്പിക്കുന്നു.

നൂറ് കണക്കിന് വർഷങ്ങളായി വളരുന്ന ഓക്ക് മരങ്ങളും മറ്റുമാണ് ബിയാലൊവിസിയ കാടുകളിൽ ഉള്ളത്. ഇവ ഉൾപ്പെടെയുള്ള വനസമ്പത്ത് വ്യാപകമായി കൊള്ളയടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നത് വ്യക്തമാണ്. പോളീഷ് സർക്കാർ നടപ്പിലാക്കിയ പുതിയ നിയമം ബിയാലൊവിസിയ കാടുകളിലെ വനസമ്പത്തിനെ മാത്രം ലക്ഷ്യംവെച്ചുള്ളതാണെന്നും പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നവർ ആരോപിക്കുന്നു.

124 മില്യൺ പൗണ്ടാണ് മരം മുറിക്കൽ പദ്ധതിയിലാണ് സർക്കാർ സംഭരിക്കാൻ ഉദ്ദേശിക്കുന്നത്. ഹിമയുഗത്തിനുശേഷം മനുഷ്യസാന്നിധ്യം ഉണ്ടായിട്ടില്ലാത്ത 17 ശതമാനം വനഭാഗങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മരംമുറിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. പുതിയ സർക്കാരിന്റെ പദ്ധതികളിൽ തുടക്കംമുതൽതന്നെ സംശയം പ്രകടിപ്പിച്ചിരുന്ന ബിയാലൊവിസിയ നാഷണൽ പാർക്ക് ഡയറക്ടർ മിറോസ്ലോവ് സ്റ്റെഫാനിക്കിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ബിയാലൊവിസിയ കാടുകളെ മുഴുവൻ സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കണം എന്നതായിരുന്നു മിറോസ്ലോവ് സ്റ്റെഫാനിക്കിൻരെ ആവശ്യം.

ബിയാലൊവിസിയ വനമേഖലയുടെ ഏതാനം ഭാഗങ്ങളിൽ മാത്രമാണ് പുതിയ നിയമപ്രകാരം മരങ്ങൾ മുറിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് നടപ്പിലായാൽ ബിയാലൊവിസിയ കാടുകൾ മുഴുവൻതന്നെ തുടച്ച് നീക്കപ്പെടുമെന്നാണ് പരിസ്ഥിതി സ്നേഹികൾ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ പരിസ്ഥിതി സ്നേഹികൾ ഉയർത്തുന്നത്.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള സ്റ്റേറ്റ് കൗൺസിലിൽ അംഗങ്ങളായ 32 പേരെയും പുതിയ സർക്കാർ ചുമതലയേറ്റശേഷം നീക്കം ചെയ്തിരുന്നു. ബിയാലൊവിസിയ കാടുകളിലെ മരം മുറിക്കാനുള്ള തീരുമാനത്തെ എതിർത്താണ് കാരണമെന്ന് നീക്കം ചെയ്യപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാൾ പറഞ്ഞു. കൗൺസിലിലെ പുതിയ അംഗങ്ങളെല്ലാംതന്നെ പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ സുഹൃത്തുക്കളും അനുയായികളുമാണെന്നും അദ്ദേഹം ആരോപിച്ചു.

പോളീഷ് സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ യൂറോപ്യൻ യൂണിയനിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള നിയമങ്ങളുടെ ചുവട് പിടിച്ചും ഇയു നിയമങ്ങളുടെ പിൻബലത്തിലും കാര്യങ്ങളെ നിയന്ത്രിക്കാനാണ് യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ തന്നെ നിർമ്മിച്ച പല നിയമങ്ങളുമാണ് സഖ്യരാജ്യങ്ങൾ തന്നെ ഉപയോഗിക്കുന്നത്.

സർക്കാർ മരം മുറിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമ്പോൾ ജനങ്ങൾ അങ്ങേയറ്റം പ്രതിഷേധത്തിലാണ്. എന്ത് വില കൊടുത്തും സർക്കാർ തീരുമാനത്തെ എതിർക്കുമെന്നാണ് പ്രദേശവാസികളും അല്ലാത്തവരുമായവർ ഒരേപോലെ പറയുന്നത്.

ഒരു ജനത കാടിനെ സംരക്ഷിക്കാൻ ഒരുങ്ങുന്നതിന്റെ വാർത്തകളാണ് ബിയാലൊവിസിയ കാടുകളുടെ പ്രാന്തപ്രദേശങ്ങളിൽനിന്ന് കേൾക്കുന്നത്. യൂറോപ്പിന്റെ ശ്വാസകോശമാണ് ബിയാലൊവിസിയ കാടുകൾ. മനുഷ്യർ കയറിയിട്ടാത്തത് കൊണ്ടുമാത്രം സ്വഭാവിക വനത്തിന്റെ വന്യത നിലനിർത്തിയിരുന്ന കാടുകളിലേക്കാണ് പോളീഷ് സർക്കാരിന്റെ ആർത്തി പിടിച്ച കണ്ണുകൾ പതിഞ്ഞിരിക്കുന്നത്. ജനങ്ങൾ ഒന്നടങ്കം മുന്നോട്ട് വന്നിട്ടുണ്ടെങ്കിൽ കാടിനെ കൈകാര്യം ചെയ്യാൻ മഴുവിന് മാത്രമേ സാധിക്കൂ എന്ന നിലപാടുള്ള നേതാക്കന്മാരുടെ നാട്ടിൽ അത് നടക്കുമോ എന്നതാണ് ചോദ്യം.

Read More >>