ബംഗാളിൽ എന്താണ് സംഭവിക്കുന്നത്?

കോൺഗ്രസിനും ഇടതുപക്ഷത്തിനും തൃണമൂലിനും ഒരുപോലെ അഗ്നിപരീക്ഷയാണ് ബംഗാൾ ഇലക്ഷൻ. കോൺഗ്രസ്-ഇടതുസഖ്യം എത്രകണ്ട് വിജയിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. ബംഗാളിൽ വിജയിച്ചാൽ ചില സംസ്ഥാനങ്ങളിലെങ്കിലും ഈ മോഡൽ പരീക്ഷിക്കാൻ സാധിക്കും. ഈ സഖ്യത്തെ എങ്ങനെയാവും മമതാ ബാനർജി മറികടക്കുക- ബംഗാളിന്റെ രാഷ്ട്രീയം, എഴുതുന്നു ഷൈൻ ജേക്കബ്.

ബംഗാളിൽ എന്താണ് സംഭവിക്കുന്നത്?

bengal_5പരിവർത്തൻ (മാറ്റത്തിനു വേണ്ടി ഒരു വോട്ട്)! അഞ്ചു വർഷങ്ങൾക്ക് മുൻപ് മമത ബാനെർജീ (ദീദി) ബംഗാളിന്റെ ചരിത്രം തിരുത്തി കുറിച്ച ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖിരിച്ചപ്പോൾ ഇതായിരുന്നു പശ്ചിമ ബംഗാളിൽ അലയടിച്ചിരുന്ന വികാരം. ദേശിയ അന്തർദേശീയ മാധ്യമങ്ങൾ അന്ന് 34 വർഷത്തെ ഇടതു ഭരണത്തെ വേരോടെ പിഴുത, വെള്ള സാരിയും ഹവായി ചപ്പലും ധരിക്കുന്ന ബാനെർജി എന്ന ധീര വനിതയെ മാറ്റത്തിന്റെ മിശിഹയായി ആണ് ചിത്രീകരിച്ചത്.

അഞ്ചു വർഷങ്ങൾക്ക് ഇപ്പുറം ഹൂഗ്ലീ നദിയുടെ തീരങ്ങൾ ഇന്ന് വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലാണ്. സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രമായ റൈട്ടെർസ് കെട്ടിടത്തിന്റെ കൈയവകാശം വീണ്ടും ബാനെർജീക്ക് കിട്ടുമോ എന്നതാണ് രാഷ്ട്രിയ നിരീക്ഷകരുടെ മുന്നിലെ ചോദ്യചിഹ്നം.


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ബനെർജീയുടെ തൃണമൂൽ കോൺഗ്രസിന്് ഉണ്ടായിരുന്ന മേൽക്കൈ ഇന്ന് നഷ്ടപെട്ടു എന്ന് കരുതുന്നവരും ചുരുക്കമല്ല. മാ, മട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യവുമായി സാധാരണക്കാരന്റെ ഹൃദയങ്ങളെ കീഴടക്കിയ ത്രിണമൂലിനെ കാലം പരിവർത്തന വിധേയമാക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൊത്തം 294 നിയമസഭ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ 114ലിൽ മത്സരിക്കുന്ന തൃണമൂൽ സ്ഥാനാർഥികളും കോടീശ്വരന്മാർ ആണ് എന്നത് ഈ രാഷ്ട്രീയ കക്ഷി പാവപ്പെട്ടവനിൽ നിന്ന് കഴിഞ്ഞ അഞ്ചു വർഷമായി അകന്നു പോയി എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ്.

എന്നാൽ ബനെർജീക്കു പകരം വെയ്ക്കുവാനുള്ള ഇടതുകോൺഗ്രസ് സഖ്യത്തിനും എടുത്തു പറയുവാൻ രാഷ്ട്രീയ നേട്ടങ്ങളൊന്നും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ്‌സിലെ പടല പിണക്കങ്ങളും കുടുംബ വാഴ്ചയും ആണ് തൃണമൂലിനു ജന്മം നൽകിയതെങ്കിൽ ആ രാഷ്ട്രീയ കക്ഷിയെ വളർത്തിയത് ഇടതുപക്ഷ വിരോധമാണ്. മുപ്പത്തി നാല് വർഷം അക്രമ രാഷ്ട്രീയത്തിലൂടെയും ബൂത്ത് പിടിത്തതിലൂടെയും അധികാരം നില നിരത്തിയ ചരിത്രമാണ് ഇടതു പക്ഷത്തിനു ഇവിടെ ഉള്ളത്. ആഗോള കുത്തകയായ സലിം ഗ്രൂപിന് വേണ്ടി നിർബന്ധപൂർവ്വം കർഷക ഭൂമി സി.പി.എം നന്ദിഗ്രാമിൽ കയ്യേറുവാൻ ശ്രമിച്ചപ്പോൾ പൊലിഞ്ഞ 14 ജീവനും, ടാറ്റ ഗ്രൂപിന് വേണ്ടി സിംഗൂരിൽ ഭൂമി കൈയേറിയപ്പോൾ വീണ കർഷകരുടെ കണ്ണീരും ഇനിയും ബംഗാളിന്റെ മനസാക്ഷി മറന്നിട്ടില്ല.

bengal_1പക്ഷെ മാറ്റത്തിന്റെ വക്താവായ ബാനെർജീക്കു എന്ത് ചെയുവാൻ കഴിഞ്ഞു എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഏകദേശം 17 ലക്ഷം നിക്ഷേപകരെ കണ്ണീരു കുടിപ്പിച്ച 24000 കോടി രൂപയുടെ ശാരദ കുംഭകോണവും, അതിലും വലിയ റോസ് വാലി കുംഭകോണവും തൃണമൂൽ സർക്കാരിന്റെ കാലത്താണ് എന്നത് ബാനെർജീ വിദ്വേഷികളുടെ കൈയിലെ ആയുധമാണ്. അതിലുമുപരി തൃണമൂലിന്റെ പാർലമെന്റ് അംഗം ആയിരുന്ന കുനാൽ ഘോഷിനും, ഗതാഗത മന്ത്രി ആയിരുന്ന മദൻ മിത്രക്കും ശാരദ കുംഭകോണത്തിൽ ഉണ്ടായ പങ്കു തൃണമൂലിനെ രാഷ്ട്രീയമായി ബാധിച്ചിരുന്നു.

തിരഞ്ഞെടുപ്പിനോട് അടുത്ത് നാരദ ന്യൂസ് പുറത്തിറക്കിയ വീഡിയോകൾ സംസ്ഥാന രാഷ്ട്രീയത്തെ തന്നെ പിടിച്ചുലക്കുക ഉണ്ടായി. ഏകദേശം 24 മിനിറ്റ് നീണ്ട വീഡിയോയിൽ തൃണമൂലിന്റെ 16 നിയമസഭ സാമാജികരും അഞ്ചു പാർലമെന്റു അംഗങ്ങളും ഒരു പോലീസെ ഉദ്യോഗസ്ഥനും ഒരു വ്യാജ കമ്പനിയുടെ പ്രതിനിധികളുടെ കൈയ്യിൽ നിന്ന് സഹായം ഉറപ്പിച്ചു കൊണ്ട് പണം കൈപറ്റുന്നതായാണ് വീഡിയോയിൽ. തിരഞ്ഞെടുപ്പ് ചൂടിൽ മുറുകുമ്പോൾ ഈ അഴിമതി ആരോപണങ്ങൾ ആണ് ബാനെർജീയെ ഏറ്റവും വലച്ചത്.

കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ ഭരണം വിലയിരുത്തുമ്പോൾ ബാനെർജീക്കു മുൻപിൽ നേട്ടങ്ങൾ വിരളമാണ്. എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും നിരത്തപ്പെടുന്ന നേട്ടങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നില്ക്കുന്നത് 80 ലക്ഷം ജനങ്ങൾക്ക് കിലോയ്ക്ക് രണ്ടു രൂപ എന്ന നിരക്കിൽ അരി നല്കുവാൻ കഴിഞ്ഞു എന്നതാണ്. ഇടതു പക്ഷത്തിന്റെ കാലത്ത് വെല്ലുവിളി ഉയർത്തിയിരുന്ന നക്‌സൽ ആക്രമണങ്ങൾക്ക് അറുതി വരുത്തുവാൻ തൃണമൂലിനു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

bengal_4കണക്കുകൾ നോക്കുക ആണെങ്കിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം 20042011 വരെ ദേശിയ ശരാശരിയെക്കാൾ 10.4 ശതമാനം കുറവായിരുന്നെങ്കിൽ, അത് ബനെർജീയുടെ ഭരണകാലത്ത് 12.2 ശതമാനമായി കൂപ്പുകുത്തി. ലോക സഭയുടെ കണക്കു പ്രകാരം 2011ൽ 4.1 ദശലക്ഷം ആയിരുന്ന തൊഴിലില്ലായ്മ ബാനെർജീ അധികാരത്തിൽ എത്തി ഒരു വര്ഷത്തിനു ശേഷം 4.2 ദശലക്ഷം ആയി ഉയർന്നു. 2011ൽ 27 ശതമാനം വരുന്ന മുസ്ലിം വോട്ടർമാരിൽ ഭൂരിപക്ഷവും തൃണമൂലിനു അനുകൂലമായി നീങ്ങുക ഉണ്ടായി. എന്നാൽ നിരീക്ഷകരുടെ നോട്ടത്തിൽ, ഇത്തവണ ബി.ജെ.പി യുടെ ശക്തമായ സാന്നിധ്യം രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റി മറിക്കുവാനാണ് സാധ്യത. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 17 ശതമാനം വോട്ടുകളോടെ രണ്ടു മണ്ഡലങ്ങളിൽ ജയിക്കുകയും 22 നിയമസഭ മണ്ഡലങ്ങളിൽ മേൽക്കൈ നേടുകയും ഉണ്ടായി, ഈ രാഷ്ട്രീയ തരംഗം ഇപ്പോളും ബി.ജെ.പ്പി ക്ക് അനുകൂലമാണോ എന്ന് കാണേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മേഖലയിലെ ശക്തമായ സാന്നിധ്യം ഈ വോട്ട് ശതമാനം 20നു മുകളിലേക്ക് ഉയര്തുവാനാണ് സാധ്യത എന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ.

എന്നാൽ തിരഞ്ഞെടുപ്പ് സർവേകൾ തൃണമൂലിനാണ് മുൻകൈ നല്കുന്നത്. ഇന്ത്യ ടിവി സീ വോട്ടർ സർവ്വേ ത്രിനമൂലിനു 160 സീറ്റും, ഇടതു കോൺഗ്രസ് സഖ്യത്തിന് 127 സീറ്റും ആണ് പ്രവചിച്ചിരിക്കുന്നത്. എ.ബി.പി നീൽസൺ ഇത് 178ഉം 110 ഉം ആയാണ് രണ്ടു സഖ്യങ്ങൾക്കും ലഭിക്കുക എന്ന് പറഞ്ഞിരിക്കുന്നത്. ന്യൂസ് നെഷൻ ഇത് ബനെർജീയുടെ പാർടിക്ക് 165ഉം, ഇടതു പക്ഷ സഖ്യത്തിന് 125 ഉം ആയാണ് പ്രവചിച്ചിരിക്കുന്നത്. മറ്റു സർവ്വേകളുടെ ഫലങ്ങളും ഇടതു പക്ഷത്തിനു ആശാവഹമല്ല.

എന്നാൽ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോളും ഇടതുകോൺഗ്രസ് സഖ്യം ബനെർജീക്കു കടുത്ത മത്സരം തന്നെ ആണ് നല്കുന്നത്. Is Mamata’s Trinamool set for a shock defeat? എന്ന തലക്കെട്ടുമായി ഇറങ്ങിയ ഹിന്ദു ബിസിനസ് ലൈൻ പത്രം തന്നെ ഈ കടുത്ത മത്സരത്തിനു തെളിവാണ്. ഇന്റെല്ലിജെൻസു റീപ്പോർട്ടുകളെ സക്ഷ്യമാക്കി ഈ പത്രം പറയുന്നത് ഇടതുപക്ഷ സഖ്യം ഒരു അദ്ഭുത വിജയത്തിലേക്ക് നീങ്ങുക ആണെന്നാണ്. അഴിമതി ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ശക്തമായി ബാധിച്ചിട്ടുണ്ടെന്നാണ് അടിയൊഴുക്കുകൾ സൂചിപ്പിക്കുന്നത്.

ബംഗാളിൽ ഒരു പത്ര പ്രവർത്തകൻ എന്ന നിലയിൽ, എന്നെ സംഭന്ധിച്ചിടത്തോളം തൃണമൂൽ ഭരണം അത്ര ആസ്വാദ്യകരമായ ഒരു അധ്യായം ആയിരുന്നില്ല. മാധ്യമങ്ങളുടെ വൻപിച്ച പിന്തുണയോടെ ഭരണത്തിൽ ഏറിയ ബനെർജീ അതെ മാധ്യമ സ്വാതന്ത്രത്തിനു എതിരെ കടന്നു കയറി കൊണ്ടാണ് ഭരണം തുടങ്ങിയത്. ഭരണ സിരാ കേന്ദ്രമായ റൈട്ടെർസ് കെട്ടിടത്തിൽ പത്ര പ്രവര്തകര്ക്കുള്ള സ്വാതന്ത്ര്യം കുറയ്ക്കുകയാണ് തൃണമൂൽ ആദ്യം ചെയ്തത്. കൽക്കട്ടയെ വെള്ളയും നീലയും നിറങ്ങളാൽ പെയിന്റ് ചെയുക എന്നതും ബനെർജീയുടെ തുഗ്ലക് പരിഷ്‌കാരങ്ങളിൽ പെടുന്നു.

ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തെ ബോയ്‌കൊട്ട് ചെയുന്നത് വരെ തുനിഞ്ഞു തൃണമൂൽ പാർട്ടി വൃത്തങ്ങൾ. രാഷ്ട്രീയ കാരണങ്ങലോടൊപ്പം തന്നെ ഈ അടുത്ത കാലത്ത് നടന്ന 27 പേരുടെ മരണത്തിനു ഇടയാക്കിയ ഫ്‌ലൈ ഓവർ ദുരന്തം പാർട്ടിയുടെ പ്രതിഛായയ്ക്ക് മങ്ങൽ ഏല്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപെട്ടിട്ടുള്ള അഴിമതി ആരോപണങ്ങൾ തൃണമൂലിനെ ഇപ്പോളും വേട്ടയാടുന്നു.

bengal_3അക്രമ രാഷ്ട്രീയവും ബൂത്ത് പിടിത്തവും ഇത്തവണയും ബംഗാളിൽ വൻ തോതിൽ നടന്നു എന്നാണ് കണക്കുകൂട്ടൽ. അതിനാൽ തന്നെയാണ് ഇപ്പോളും തൃണമൂലിനു ശക്തമായ വിജയ സാധ്യത പലരും കല്പികുന്നത്. പോളിങ്ങിന്റെ മൂന്നാം ഖട്ടത്തിൽ നടന്ന ആക്രമണങ്ങളിൽ ഒരു സി.പി.എം പ്രവർത്തകൻ കൊല്ലപെടുകയുണ്ടായി. ആറു ഘട്ടങ്ങളിൽ ആയി നടന്ന തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം 2011ലെ 51,919ൽ നിന്നും 2016ൽ 77,247 ആയി ഉയരുകയുണ്ടായി.

തിരഞ്ഞെടുപ്പ് രംഗത്ത് എടുത്തു പറയാൻ നേതാക്കൾ ഇല്ലാത്തതാണ് ഇടതു പക്ഷത്തിന്റെ ന്യൂനത. മുൻ പ്രതിപക്ഷ നേതാവ് സുർജ്യ കാന്ത മിശ്ര മാത്രമാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ള എടുത്തു പറയത്തക്ക ഒരു നേതാവ്. ബാനെർജീയുടെ മറ്റു ഭരണ നേട്ടങ്ങളിൽ പെൺകുട്ടികൾക്കായുള്ള സ്‌കോളർഷിപും, തൊഴിൽരഹിതർക്ക് നല്കിയ സ്വയം തൊഴിൽ സഹായങ്ങളും, കന്യശ്രീ പദ്ധതിയും എടുത്തു പറയേണ്ടതാണ്. പാവപെട്ട ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്ക് 25 ലക്ഷം സൈക്കിൾ വിതരണം ചെയ്തതും, മുസ്ലിം ഇമമുമാർക്കു സ്‌റ്റൈപ്പെന്റ് നല്കിയതും മറ്റു നേട്ടങ്ങളാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 295ൽ 187 സീറ്റ് ആണ് തൃണമൂൽ സ്വന്തമാക്കിയത്. അവസാനഘട്ട പോളിങ്ങും കഴിഞ്ഞപ്പോൾ നിരീക്ഷകർ കരുതുന്നത് ബാനെർജീ തന്നെ ഭരണത്തിലേക്ക് തിരികെ വരും എന്നാണ്.

ഗോഖലെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഇന്ന് ബംഗാൾ ചിന്തിക്കുന്നത് പോലെയാണ് നാളെ ഇന്ത്യ ചിന്തിക്കുന്നത് എന്ന്. ബംഗാളിന്റെ നാഡിസ്പന്ദനം എന്ത് എന്നറിയാൻ ഫലം വരുന്നത് വരെ കാത്തിരിക്കണം. ഭാരതം കണ്ട നിരവധി മഹാരധന്മാർക്ക് ജന്മം നല്കിയ ബംഗാളിന്റെ മണ്ണ് ഇത്തവണ ആർക്കൊപ്പം നില്ക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

അത് മമതക്ക് ഒപ്പം നിലക്കുമോ അതോ ഇടതു പക്ഷത്തിനു ഇത് പുനരുദ്ധാനത്തിന്റെ നാളുകളായിരിക്കുമോ. നമുക്ക് കാത്തിരിക്കാം, മെയ് 19ലെ വിധിക്കായി.

ഷൈൻ ജേക്കബ്