അതിരപ്പിള്ളി പദ്ധതിക്ക് അനുമതി ലഭിക്കാന്‍ നിരത്തുന്നത് കള്ളകണക്ക് , പദ്ധതി നടപ്പിലായാല്‍ വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധിക്കും

തോമസ് ഐസക് ഉള്‍പ്പെടുന്ന മന്ത്രിമാരില്‍ നിന്ന് ഇന്നത്തെ സാഹചര്യത്തില്‍ കുറഞ്ഞത് ഉള്ളതിനെ നശിപ്പിക്കാതിരിക്കാനെങ്കിലും തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. മാത്രമല്ല വൈദ്യുതി ക്ഷാമം ചൂണ്ടികാട്ടി ഉയര്‍ത്തുന്ന വാദഗതികളൊക്കെ വന്‍കിടക്കാരുടെ വൈദ്യുതി മോഷണങ്ങളെകുറിച്ചും അവക്കെതിരേ അധികൃതര്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ചും കണക്കുകള്‍ നിരത്തി പൊതുസമുഹം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് വരെ മാത്രമേ ഉണ്ടാകു.

അതിരപ്പിള്ളി പദ്ധതിക്ക് അനുമതി ലഭിക്കാന്‍ നിരത്തുന്നത് കള്ളകണക്ക് , പദ്ധതി നടപ്പിലായാല്‍ വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധിക്കും

സംസ്ഥാനത്തിന്റെ വികസനത്തിന് ഗുണകരമാകും എന്ന വാദം ഉയർത്തി മൂന്ന് പതിറ്റാണ്ടായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ചർച്ച ചെയ്യപ്പെടുന്നു. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും അഞ്ചു കിലോമീറ്റർ മുകളിലും വാഴച്ചാൽ വെള്ളച്ചാട്ടത്തിന് നാനൂറ് മീറ്റർ മുകളിലുമായി ചാലക്കുടിപ്പുഴയിൽ ആണ് 163 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാം പണിയാനാണ് പദ്ധതികൊണ്ട് കെഎസ്ഇബി ലക്ഷ്യമിടുന്നത്. 23 മീറ്റർ ഉയരവും 311 മീറ്റർ വീതിയുമുള്ള ഈ ഡാമിന്റെ നിർമ്മാണം പൂർത്തിയായാൽ 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴയുടെ 60 കിലോമീറ്റർ ഭാഗത്തുവരുന്ന ഏഴാമത്തെ വലിയ ഡാം ആയിരിക്കും.


തൊട്ടുമുകളിലുള്ള പെരിങ്ങൽക്കുത്തു ഡാമിൽ നിന്നും വൈദ്യുതി ഉത്പ്പാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളം ടണൽ വഴി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ കണ്ണൻകുഴി തോടിന്റെ കരയിൽ സ്ഥാപിക്കുന്ന 160 മെഗവാട്ട് സ്ഥാപിത ശേഷിയുള്ള പവർഹൗസിലെത്തിക്കുന്നു. വെളളച്ചാട്ടം നിലനിർത്താനായി 3 മെഗാവാട്ടിന്റെ പവർ ഹൗസ് ഡാമിന് തൊട്ട് താഴെ സ്ഥാപിക്കും.

വൻകിട പദ്ധതികൾക്ക് പിന്നിൽ ലോബികൾ, ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് എന്ന വ്യത്യാസം മാത്രം.

മലയാളിയെ ഭരിക്കുന്നത് ലോബികളാണ്. മാറിമാറി വരുന്ന സർക്കാരുകൾ എന്ത്, എപ്പോൾ, എങ്ങിനെ ചെയ്യണം എന്നൊക്ക തീരുമാനിക്കുന്നത് ഈ ലോബികളാണ് എന്നാണ് വിമർശകർ ഉന്നയിക്കുന്നത്. യുഡിഎഫ് സർക്കാരിനെ മുൾമുനയിൽ നിർത്തിയ പല ലോബികളും പിണറായി വിജയൻ സർക്കാരിന് മുകളിലും ആധിപത്യം സ്ഥാപിച്ചേക്കും എന്ന ആശങ്ക ഈ സാഹചര്യത്തിലാണ് ഉയരുന്നത്.

കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പിലെ സിവിൽ വിങ്ങ് ഉദ്യേഗസ്ഥർക്കാണ് പദ്ധതി നടപ്പിലാക്കാൻ ഇത്ര വാശി. ഉദ്യോഗസ്ഥരുടെ പ്രമോഷനും മറ്റും ഇത് സഹായകരമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടാകണം.

എന്നാൽ അതിനേക്കാൾ ഉപരിയായി വൻകിട പദ്ധതികളുമയി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ലോബികളും സമ്മർദ്ദ തന്ത്രങ്ങളും ഈ കഥയിലേയും വില്ലൻമാരായികൂട എന്നില്ല. മാറിമാറി വന്ന സർക്കാരുകൾക്കെല്ലാം ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസം ഇല്ലാത്തത് എന്ത് കൊണ്ടാണ് എന്ന സംശയം പ്രസക്തമാകുന്നത് ഇവിടെയാണ്. അതിരപ്പിള്ളിയെ സംബന്ധിച്ചിടത്തോളം സിപിഎമ്മിന് മുൻപും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല.

നിലവിലെ സാഹചര്യത്തിൽ പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക അനുമതി 2008ൽ കാലഹരണപ്പെട്ടതാണ്. 2017 വരെയാണ് പാരിസ്ഥിതിക അനുമതിയുള്ളത്. 1000കോടിരൂപയിൽ താഴെ മാത്രം ചിലവ് വരുന്ന പദ്ധതികൾക്ക് സാമ്പത്തിക-സാങ്കേതിക അനുമതി വേണ്ട എന്നിരിക്കെ പദ്ധതി ചെലവ് കുറച്ച് കാട്ടി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് റിവർ റിസേർച്ച് സെന്റർ ഭാരവാഹികളായ ലത ആനന്ദും, എസ് പി രവിയും സംശയിക്കുന്നത്. പദ്ധതിക്ക് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട് റിവർ റിസേർച്ച് സെന്റർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ശക്തമായ ജനകീയ പ്രക്ഷോഭത്തെ എതിർത്ത് കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചാൽ ഹൈകോടതി അതിൽ ഇടപെടും എന്ന് തന്നെയാണ് റിവർ റിസർച്ച് സെന്റർ പ്രവർത്തകരായ ഡോ ലതാ ആനന്ദും എസ് പി രവിയും പ്രതീക്ഷിക്കുന്നത്.

അനുമതി ലഭിക്കാൻ കണക്കിൽ കളികൾ

സാമൂഹികപരമായും, സാമ്പത്തികമായും, പാരിസ്ഥിതികമായും നഷ്ടകണക്കുകൾ മാത്രം ബാക്കിവെക്കുന്ന ഒരു പദ്ധതിയാണ് അതിരപ്പിളളി ജലവൈദ്യുതപദ്ധതി. തെറ്റായ നീരൊഴുക്കിന്റെ കണക്കുകൾ കാണിച്ച് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയിൽ നിന്ന് പദ്ധതിക്ക് അനുമതി വാങ്ങിയ കെഎസ്ഈബി ഉത്തരം നൽകേണ്ടതായ നിരവധി ചോദ്യങ്ങളുണ്ട്. ജലവൈദ്യുത പദ്ധതികൾ യഥാർത്ഥത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാനേ ഉതകു എന്ന് റിവർ റിസേർച്ച് സെന്റർ പ്രവർത്തക ഡോ. ലത ആനന്ദ് വ്യക്തമാക്കുന്നു.

2000 ഡിസംബറിൽ കോൺട്രാക്ട് നല്കാൻ തീരുമാനിക്കുമ്പോൾ 415 കോടി രൂപയാണ് കെഎസ്ഈബി അതിരപ്പിള്ളി പദ്ധതി ചിലവായി കണക്കായിരുന്നത്. 2005 മാർച്ചിൽ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയിൽ നിന്ന് പുതിയ ടെക്നിക്കൽ ക്ലീയറൻസ് വാങ്ങുമ്പോൾ ഇത് 340 കോടിയായി മാറി. ഒപ്പം 27 കോടി നിർമ്മാണകാലത്തെ പലിശ തുകയായും ചുണ്ടികാട്ടിയിരുന്നു. അന്ന് ഒരു യുണിറ്റിന് 2 രൂപ 58 പൈസയാണ് വൈദ്യുതി ചിലവായി കെഎസ്ഈബി കണക്കായിത്. 2005 ഒക്ടോബറിൽ പദ്ധതിയുടെ നിർമ്മാണ കോൺട്രാക്ട് നൽകാൻ കെഎസ്ഇബി തന്നെ ഈ തുക 570 കോടിയായി ആണ് വ്യക്തമാക്കുന്നത്.

ചുരുക്കത്തിൽ സത്യസന്ധമായി അവതരിപ്പിച്ചാൽ സാങ്കേതിക സാമ്പത്തിക അനുമതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് കണക്കിൽ കൃത്രിമം കാട്ടിയത്. പലപ്പോഴും തുടക്കത്തിൽ പ്രതീക്ഷിക്കുന്ന തുകയേക്കാൾ വൻ തുകയാണ് പൂർത്തിയാകുമ്പോൾ ചിലവാക്കേണ്ടി വരുക. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ചിടത്തോളം ഇന്ന് 1500 കോടിക്ക് മുകളിൽ ചിലവാക്കേണ്ടി വരുമെന്നാണ് സൂചന. വർഷം തിരിച്ചടിവിന് മാത്രം 250 കോടിയിലേറേ മാറ്റിവേക്കേണ്ടുന്ന അവസ്ഥ.

ഇത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് ഒരു യുണിറ്റിന് കുറഞ്ഞത് 15 രൂപയാകും എന്ന് കൂടി ചേർത്ത് വായിക്കണം. ഇതേ സാഹചര്യമാണ് പാത്രകടവിലും.

പദ്ധതിയുടെ സ്ഥാപിത ശേഷിയെന്നത് അവിടെ സ്ഥാപിക്കുന്ന ജനറേറ്ററുകളുടെ ശേഷിയാണ്. ജനറേറ്റർ പ്രവർത്തിപ്പിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യത തീരുമാനിക്കുക. ജല ലഭ്യതയുടെ അടിസ്ഥാനത്തിലാണ് ഈ സമയം ക്രമീകരിക്കുന്നത്. 48 മെഗാവാട്ട് ശേഷിയുള്ള പെരിങ്ങൽക്കുത്തിൽ യന്ത്രങ്ങൾ 60ശതമാനം സമയമാണ് പ്രവർത്തിക്കുന്നത്. അതിരപ്പള്ളിയിൽ അതിന്റെ മൂന്നരമടങ്ങ് ശേഷിയുള്ള യന്ത്രമാണ് സ്ഥാപിക്കുന്നത്. അതിനാൽ തന്നെ തീരെ കുറഞ്ഞ സമയം വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ജലം മാത്രമേ ലഭിക്കു. പദ്ധതിയിൽ നിന്ന് 233 ദശലക്ഷം യുണിറ്റ് വൈദ്യുതി ഒരു വർഷം ഉൽപ്പാദിക്കാമെന്നാണ് കേന്ദ്രവൈദ്യുതി അതോറിറ്റി 2005ൽ കണക്കായിത്. ഇത് സ്ഥാപിത ശേഷിയുടെ 16% മാത്രമാണ്.

അതിരപ്പിളളി പദ്ധതി നടപ്പിലായാൽ ഇടമലയാർ ഓഗ്മെന്റേറ്റഷൻ പദ്ധതി നിർത്തലാക്കും. ഇതോടെ ഇടമലയാറിലെ അധിക വൈദ്യുതി ഉൽ്പപാദനം നിലക്കുകയും പെരിയാറിലെ വേനൽകാല ജല ലഭ്യതയിൽ കുറവുണ്ടാവുകയും ചെയ്യും. ഇടമലയാറിലെ വൈദ്യുതി ഉൽപ്പാദനത്തിലെ കുറവ് ശ്രദ്ധിക്കാതെയായിരുന്നു ഈ നിഗമനം. ഇടമലയാറിലെ കുറവും വെള്ളച്ചാട്ടങ്ങളുടെ ജലവിഹിതത്തിൽ വരുത്തിയ മാറ്റം കൊണ്ടുള്ള കുറവും കൂടി കണക്കാക്കിയാൽ യഥാർത്ഥ വൈദ്യുതി ലഭ്യത 150-160 ദശലക്ഷം യുണിറ്റ് മാത്രമായിരിക്കും. അതായത് സ്ഥാപിത ശേഷിയുടെ 11 ശതമാനം മാത്രമാകും. പദ്ധതിയിൽ നിന്ന് ലഭിക്കുന്നത് 20 മെഗാവാട്ടിന് തുല്യമായ വൈദ്യുതിയാണെന്നിരിക്കെ പദ്ധതി ചെലവ് 163 മെഗാവാട്ടിനനുസരിച്ചാണ്.

ഇതിനൊക്കെ അപ്പുറത്തേക്ക് പദ്ധതി മുലം ഉണ്ടാകാൻ പോകുന്ന യഥാർത്ഥ നഷ്ടങ്ങളുടെ കൃത്യമായ ചിത്രം ലഭിക്കാൻ ജൈവവൈവിധ്യത്തിനും ആദിവാസികൾക്കും ടൂറിസം രംഗത്തെ തൊഴിലുമായി ബന്ധപ്പെട്ടത് ഉൾപ്പടെയുള്ള നഷ്ടങ്ങൾ കൂടി കണക്കാക്കേണ്ടതുണ്ട്. ഒരു പുഴ മരിക്കുമ്പോൾ അത് നാടിന്റെ, ജനതയുടെ മരണമാണ് എന്ന തിരിച്ചറിവും കൂട്ടിവെക്കണം.

ജൈവവൈവിധ്യം

അതീവ ജൈവ സമ്പനന്മായ പുഴയോരകാടുകളുടെ സാന്നിദ്ധ്യം, പറമ്പികുളത്തിനും പൂയംകുട്ടിക്കുമിടയിൽ ആനത്താര കടന്ന് പോകുന്ന പ്രദേശം, 260ലധികം ഇനം പക്ഷികളുടെ ആവാസകേന്ദ്രം, അപൂർവ ഇനം മത്സ്യങ്ങളുെട ആവാസ കേന്ദ്രം തുടങ്ങി നിരവധി പാരസ്ഥിതിക സവിശേഷതകളുണ്ട് ഈ പ്രദേശത്തിന്. കടുവയും സിംഹവാലൻ കുരങ്ങും വംശനാശം നേരിടുന്ന ചൂരലാമയും ഇവിടെയുണ്ട്. പശ്ചിമഘട്ടത്തിലെ ശോഷിച്ചു വരുന്ന വനമേഖലയിലെ 138 ഹെക്ടർ വനം കൂടി പദ്ധതിക്ക് വേണ്ടി വെട്ടനിരത്തപ്പെടും.

ആനകളുടെ സാന്ദ്രത എറ്റവും കൂടിയ രണ്ടാമത്തെ ഡിവിഷനാണ് വാഴച്ചാൽ. സംസ്ഥാനത്ത് പുഴയോരകാടുകൾ അവശേഷിക്കുന്ന ഒരേയൊരു മേഖല പെരിങ്ങൽകുത്ത് പവർഹൗസിന് താഴെ ചാലകുടി പുഴയോരത്താണ്. ഈ പുഴയോരകാടുകളും പദ്ധതി നടപ്പിൽ വന്നാൽ നശിക്കും. 264 ഇനം പക്ഷികളെ കണ്ടെത്തിയ പ്രദേശം കൂടിയാണിത്. നാലിനം വേഴാമ്പലുകൾ കാണപ്പെടുന്ന പ്രദേശം. കാടിനും പുഴക്കും പുഴയെ ആശ്രയിക്കുന്ന മനുഷ്യരുൾപ്പടെയുള്ള ജീവജാലങ്ങൾക്കും കനത്ത ക്ഷതമേൽപ്പിക്കുന്നതാണ് പദ്ധതി.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മത്സ്യ വൈവിധ്യമുള്ള പുഴയാണ് ചാലക്കുടി പുഴ.

ആദിവാസികളും വനാവകാശ സംരക്ഷണനിയമവും

അതിരപ്പിള്ളി പദ്ധതി നടപ്പിലായാൽ പ്രദേശത്തെ രണ്ട് ആദിവാസി ഊരുകളെ ബാധിക്കും. പ്രാക്തനഗോത്രമായ കാടർ വിഭാഗത്തിൽപ്പെടുന്ന അദിവാസികളാണ് ഇവർ.വാഴച്ചാൽ കോളനിയിൽ 60 കൂടുംബങ്ങളും റിസർവോയറിനോട് ടേർന്ന വരുന്ന പൊകലപ്പാറയിൽ 25 കുടുംബങ്ങളുമാണുളളത്. ചാലകുടിനദിതടത്തിലും പരിസരത്തും മാത്രം കാണപ്പെടുന്ന കാടർ ആദിവാസികളഉടെ നിലനിൽപ്പ് വിവിധകാരണങ്ങളാൽ ഭീഷണി നേരിടുന്ന ഘട്ടത്തിലാണ് ഇാ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്. വനാവകാശ നിയമപ്രകാരം ആദിവാസികളുടെ അനുമതിയില്ലാതെ ഇത്തരം പദ്ധതികൾ നടപ്പിൽ വരുത്താനാകില്ല.

അതിരപ്പള്ളി ഏറ്റവും ഒടുവിൽ സന്ദർശിച്ച എൻഡിഎ മന്ത്രി ഉൾപ്പടെയുള്ളവരെ ആദിവാസികൾ പദ്ധതിയോടുള്ള എതിർപ്പ വ്യക്തമാക്കിയിട്ടുണ്ട്.

ടൂറിസം തകരും

അതിരപ്പിള്ളി പദ്ധതി നടപ്പിലായാൽ അതിരപ്പിള്ളി വാഴച്ചാൽ ജലപാതങ്ങളെകാര്യമായി ബാധിക്കും. ജലപാതങ്ങളിൽ മുകളിലെ അണക്കെട്ടിലെത്തുന്ന വെള്ളം രണ്ടായി വിഭജിക്കപ്പെടും. വൈദ്യുതി ബോർഡിന്റെ കണക്കുകൾ പ്രകാരം ജലപാതങ്ങൽക്കായി നീക്കി വെക്കുന്നത് 21 ശതമാനം മാത്രമാണ്. ടണലിലൂടെപ്രധാന പവർഹൗസിലേക്ക് തിരിച്ചുപോകുന്ന 79 ശതമാനവും ജലപാതങ്ങൾക്ക് നഷ്ടപ്പെടും. പ്രതിവർഷം പത്ത് ലക്ഷത്തോളം ജനങ്ങൽ അതിരപ്പള്ളിയിലെത്തുന്നത് കേരളത്തിന്റെ ഈ പ്രകൃതിയെ അതിന്റെ സ്വഭാവികമായ ഭംഗിയിൽ ആസ്വദിക്കാനാണ്. ഇത് നഷ്ടപ്പെടുമ്പോൾ ഇങ്ങോട്ടേക്കുള്ള ജനങ്ങളുടെ വരവും കുറയും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന വനസംരക്ഷണസമിതി അംഗങ്ങൾക്കും സാധാരണക്കാരുടെയും തൊഴിൽ നഷ്ടത്തിന്റെ കണക്ക് വേറെയാണ്.

500 ഓളം കുടുംബങ്ങൾക്ക് അതിരപ്പിള്ളി വാഴച്ചാൽ ടുറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജിവിക്കുന്നുണ്ട്. ഇവർ ഭൂരിഭാഗവും ആദിവാസികളോ പിന്നാക്ക വിഭാഗക്കാരോ ആണ്. ടുറിസം മേഖല വൃത്തിയാക്കുന്നതും ടുറിസ്റ്റുകളെ അപകടത്തിൽപ്പെടാതെ സംരക്ഷിക്കുന്നതും ഇവരാണ്. വെള്ളച്ചാട്ടം ഇല്ലാതാകുമ്പോൾ ഇവരെ അതെങ്ങിനെ ബാധിക്കും എന്നതിന് അധികൃതർക്ക് ഉത്തരമുണ്ടാകില്ല.

ജലസേചനത്തേയും കുടിവെള്ള ലഭ്യതേയും ബാധിക്കും

തൃശൂർ, എറണാകുളം ജില്ലകളിലെ 35,000 ഏക്കർ സ്ഥലത്ത് ജലസേചനം ഉറപ്പാക്കുന്നത് ചാലക്കുടി റിവർ ഡൈവേർഷൻ സ്‌കീമാണ്. (തുമ്പൂർമുഴി ജലസേചന പദ്ധതി) പുഴയിൽ ആദ്യത്തെ അണക്കെട്ട് പണിയുന്നതിന് മുമ്പ് പുഴയിലെ സ്വാഭാവിക വേനൽകാല നീരൊഴുക്ക് ഉപയോഗിച്ച ജലസേചനം തുടങ്ങിയ ആദ്യപദ്ധതിയാണിത്. തുമ്പൂർമുഴിയിൽ നിന്നും ജലസേചനം സുഗമമായി നടക്കണമെങ്കിൽ പുഴയിൽ തുടർച്ചയായി സെക്കന്റിൽ 15,000 മുതൽ 20,000 ലിറ്റർ വരെ നീരൊഴുക്ക് വേണം. അതിരപ്പള്ളി പദ്ധതി വന്നാൽ സെക്കന്റിൽ7650 ലിറ്റർ ജലം മാത്രമാണ് 20 മണിക്കൂറും ലഭ്യമാവുക. ഈ പഞ്ചായത്തുകളിലെ ജലസേചനത്തെയും കുടിവെള്ള ലഭ്യതയേയും പദ്ധതി ബാധിക്കും.

കാലവസ്ഥവ്യതിയാനം ചെറുക്കാൻ പുഴയും കാടും അനിവാര്യം, ഇനി വേണ്ടത് ബദല് സംവിധാനങ്ങള്


അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നത് കൊണ്ട്, അദാനിക്ക് മാത്രം ഗുണകരമാകുന്ന വിഴിഞ്ഞം പദ്ധതി പോലെ, കോർപ്പേററ്റ് ലോബിയെ തൃപ്തിപ്പെടുത്താൻ മാത്രമേ ഉതകു. വർദ്ധിക്കുന്ന വൈദ്യുത ഉപഭോഗം നേരിടാൻ കൂടുതൽ ചെലവുള്ള പദ്ധതികളിലേക്ക് നാം കടക്കുന്നത് എന്ത് കൊണ്ടാണ് എന്നതാണ് സംശയം. ഇപ്പോഴത്തെ സാഹചര്യത്തിൽ സെൻട്രൽ ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയുടെ ചാർജ്ജ് ശരാശരി 2 രൂപയിൽതാഴെയാണ്.

താപ വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് ഏകേദശം 7രൂപയാണ്.കാറ്റിൽ നിന്ന ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ വെറും മൂന്നര രൂപയിൽ താഴെ മാത്രമാണ് എന്നും തിരിച്ചറിയണം എന്നും ഡോ ലത ചൂണ്ടികാട്ടുന്നു. പാരമ്പര്യേതര ഊർജ്ജ സംവിധാനങ്ങളാണ് ഇനി നാടിന് ആവശ്യം കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ ചൂടിനും വരൾച്ചക്കും ആണ് കഴിഞ്ഞ കുറച്ച് മാസം നമ്മൾ സാക്ഷ്യം വഹിച്ചത്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനല്ലെങ്കിലും അതിന്റെ പ്രത്യാഘാതം കുറക്കാനെങ്കിലും കാടും മലയും പുഴയും ഒക്കെ അവശേപ്പിച്ചേ മതിയാകു. പുഴയെന്നത് വെള്ളം കൊണ്ട് പോകുന്ന വെറും ഒരു കനാലല്ല എന്ന തിരിച്ചറിയുകയും മരിച്ചുകൊണ്ടിരിക്കുന്ന പുഴകളെ മടക്കി കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് ഇനി അനിവാര്യം.

പദ്ധതിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അവഗണിച്ച് കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ സമരം ശക്തമാക്കാനാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനം. 2010ലെ ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി തോമസ് ഐസക് സൂചിപ്പിച്ചത് ക്ഷയിച്ച വനങ്ങളെ യുദ്ധകാലടിസ്ഥാനത്തിൽ പുനരുജ്ജീവിപ്പിക്കും എന്നാണ്. തോമസ് ഐസക് ഉൾപ്പെടുന്ന മന്ത്രിമാരിൽ നിന്ന് ഇന്നത്തെ സാഹചര്യത്തിൽ കുറഞ്ഞത് ഉള്ളതിനെ നശിപ്പിക്കാതിരിക്കാനെങ്കിലും തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

മാത്രമല്ല വൈദ്യുതി ക്ഷാമം ചൂണ്ടികാട്ടി ഉയർത്തുന്ന വാദഗതികളൊക്കെ വൻകിടക്കാരുടെ വൈദ്യുതി മോഷണങ്ങളെകുറിച്ചും അവക്കെതിരേ അധികൃതർ സ്വീകരിക്കുന്ന നടപടികളെ കുറിച്ചും കണക്കുകൾ നിരത്തി പൊതുസമുഹം ചോദ്യങ്ങൾ ഉയർത്തുന്നത് വരെ മാത്രമേ ഉണ്ടാകു.