അതിരപ്പള്ളിയും പിണറായി വിജയനും പിന്നെ ജീവവായുവും

പൂർണ്ണ വളർച്ചയെത്തിയ വലിയ രണ്ട് മരംമതി നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഓക്‌സിജൻ നൽകാൻ. പല തരത്തിലുള്ള മരങ്ങൾ എത്രമാത്രം ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നു എന്ന് ഇപ്പോൾ കണക്കുകൾ ലഭ്യമാണ്. ഒരു ദിവസം ഒരാൾക്ക് 3 സിലിണ്ടർ ഓക്‌സിജൻ വേണം. ഒരു സിലിണ്ടർ ഓക്‌സിജൻ സർക്കാർ സംവിധാനത്തിൽ 700 രൂപ കണക്കാക്കാം. ഒരു ദിവസത്തേക്ക് 2100 രൂപയുടെ ഓക്‌സിജൻ ആണ് നമുക്ക് വേണ്ടതെന്ന് ചുരുക്കം. ഒരു ദിവസം 39900 രൂപയുടെ ഓക്‌സിജൻ. ഒരു ഹെക്ടർ വനത്തിൽ നിന്നും പത്തൊൻപത് പേർക്ക് ഒരു വർഷത്തേക്കുള്ള ഓക്‌സിജൻ എന്നു വെച്ചാൽ അതിന്റെ തുക 14563500. ഈ കണക്കുവെച്ച് കെഎസ്ഇബി പറയുന്ന കണക്കിനെ നോക്കിയാലോ- സംവിദാനന്ദ് എഴുതുന്നു.

അതിരപ്പള്ളിയും പിണറായി വിജയനും പിന്നെ ജീവവായുവും

സംവിദാനന്ദ്

പിണറായി ഒരു ഗ്രാമമാണ്. അത് കൊണ്ട് തന്നെ ഗ്രാമീണതയുള്ള ആളാവും നമ്മുടെ മുഖ്യമന്ത്രി എന്നു കരുതുന്നതിൽ തെറ്റില്ല. വികസനവിഷയങ്ങളിലൊക്കെ അല്പമൊക്കെ ഗ്രാമീണമനുഷ്യരെപ്പോലെ ചിന്തിക്കുമെന്നു പ്രതീക്ഷിക്കണം.ഷീല ദീക്ഷിത് ഒരു നഗര വനിതയാണ് അവരുടെ മന്ത്രി സഭയിൽ ഉണ്ടായിരുന്ന കിരൺ വാലിയയെപ്പോലെയുള്ള സ്ത്രീകൾ നാഗരിക വനിതകളെപ്പോലെ കളർഫുൾ വസ്ത്രങ്ങളും ലിപ്സ്റ്റിക്കും ഒക്കെയിട്ട് പൊതുരംഗത്ത് ഇന്നും തുടരുന്നുണ്ട്. പക്ഷെ എന്നും ഷീല ദീക്ഷിത് ഒരു ഗ്രാമീണസ്ത്രീയെപ്പോലെ നില്പിലും ഇരുപ്പിലും ഇന്നലെ നഗരത്തിൽ വന്നു ചേർന്ന ഒരാളുടെ നിഷ്‌കളങ്കത ചോർന്നിട്ടില്ല എന്ന നിലയിൽ പെരുമാറി.


എന്നുമാത്രമല്ല പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലും പെരുങ്കള്ളന്മാരുടെ ആൾക്കൂട്ടപാർട്ടിയിൽ നിന്നും വ്യത്യസ്ഥമായ് ചിന്തിക്കാനെങ്കിലും അവർക്ക് സാധിച്ചു.

ഇതിത്രയും അനാവിശ്യമായ് ഇവിടെ ഉദാഹരിച്ചതിന്റെ കാരണം നഗരത്തിലേക്ക് കടന്നുവരുകയും ചിന്തകളും ജീവിതവും നാഗരികർക്കായ് അല്ലെങ്കിൽ വ്യവസായികൾക്കായ് ഒരുക്കിനിർത്തിയിരിക്കുന്ന കരുത്തന്മാരായ രണ്ട് പേരാണ് കേരളത്തിലെ പത്രതാളുകളിലെ പ്രിയ താരങ്ങൾ മോദിയും പിണറായിയും. ഇവർ തമ്മിൽ ഒത്തിരി സമാനതകളുണ്ട്. രണ്ട് പാർട്ടികളിലാണെന്ന് വ്യത്യാസമൊഴിച്ചാൽ ചിന്താഗതിയിൽ ഇവരൊരുമിച്ച് ചേരുന്ന പല കണ്ണികളുമുണ്ട്. അതിപ്പോഴിവിടെ കുറിച്ചാൽ അനവസരത്തിലുള്ളതാവുമെങ്കിലും വർഷങ്ങൾ പോകെ ജനങ്ങൾക്ക് ആ സമാനതകൾ പരിചിതമാവും.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി കൊണ്ട് വരുവാൻ മുഖ്യമന്ത്രിയാവും മുന്നെ തീരുമാനിച്ചുറപ്പിച്ച മനുഷ്യനാണ് പിണറായി വിജയൻ.പിണറായി വിജയനെപ്പോലെ നിലവിൽ ഒരു തീരുമാനം എടുത്താൽ നടപ്പാക്കാൻ കരുത്തുള്ള മറ്റൊരാൾ സാക്ഷാൽ നരേന്ദ്രമോദിയാണ്. സമാന പരിസ്ഥിതി പ്രശ്‌നം നേരിടുന്ന ഒരു കാടിന്റെ വിഷയത്തിൽ നരേന്ദ്രമോദി പറഞ്ഞത് അറവുകാരന്റെ ന്യായമായിരുന്നു. പെഞ്ച് - കാന ടൈഗർ ഫോറസ്റ്റ് എന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട കടുവാ ആവാസ വ്യവസ്ഥയാണ്. നിരവധി വ്യത്യസ്തയാർന്ന മൃഗങ്ങളുടെ ആവാസ വ്യവസ്ഥയുള്ള, മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ചത്തീസ്ഗഡിലുമായ് പരന്നുകിടക്കുന്ന ടൈഗർ റിസർവ്വ് ഫോറസ്റ്റാണ് കാന-പെഞ്ച്. അതിലൂടെ ഒരു ഹൈവേയും ഒരു തീവണ്ടിപാതയും വരുന്നു. അതിനർത്ഥം കടുവകളുടെ നാച്ചുറൽ ഹാബിറ്റാറ്റ് പൂർണ്ണമായും നശിക്കുന്നു എന്നു തന്നെയാണ്.

അതിനെതിരെ പരിസ്ഥിതി പ്രേമികൾ ശബ്ദമുയർത്തിയപ്പോഴാണ് മോദി പറഞ്ഞത് 'എക് ദോ ജാൻ വർ തു മരേഗ' അതെ ഒന്നോരണ്ടോ മൃഗങ്ങൾ ചിലപ്പോൾ ചത്തേക്കും. 'പട്ടീം മോദീം' ന്യായ പ്രകാരം ചത്താൽ മനസ്സിന് ദുഃഖമുണ്ടാകും. നമ്മുടെ വാഹനത്തിനടിയിൽ ഒന്നോ രണ്ടൊ കടുവയൊക്കെ പോയി ചത്താൽ ദുഃഖമുണ്ടാകും എന്നുവെച്ച് വികസനം വേണ്ടേ?.

സാക്ഷാൽ പിണറായി വിജയനും തത്തുല്ല്യമായ കര്യങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു എന്തോ വിദഗ്ദ പഠന സമിതി പറഞ്ഞുവത്രെ പരിസ്ഥിതിക്ക് കോട്ടമൊന്നും സംഭവിക്കില്ല എന്ന്. ഏത് വിദഗ്ദസമിതിയാണ് ? ജോലി നടത്താൻ വേണ്ടി നിശ്ചയിച്ചുറപ്പിക്കുന്നവൻ കാശുകൊടുത്തു നിയമിക്കുന്ന പണിക്കാർ. അവരെന്ത് പരിസ്ഥിതികോട്ടം കണ്ടുപിടിക്കുമെന്നാണ് വിജയൻ സഖാവ് വിശ്വസിക്കുന്നത്?. റഷ്യയിലെ വറ്റിപോയ കടലുപോലെ അത്ര സമയമൊന്നും എടുക്കുകയില്ല.

150 ഹെക്ടർ കാട് നശിച്ചാൽ ആർക്ക് പോയി എന്നാവും നമ്മുടെ വിചാരം പല ബുദ്ധിജീവിസുഹൃത്തുക്കളും ബദൽ പറയൂ അല്ലെങ്കിൽ ഇതിന്റെ ശാസ്ത്രീയമായ നഷ്ടം പറയൂ എന്നൊക്കെയാണ് ആവിശ്യപ്പെടുന്നത്. ഇടുക്കിയും ശബരിഗിരിയും പൂയം കുട്ടിയും പൊന്മുടിയും ആനയിറങ്ങിയും ഒക്കെയുണ്ടായിട്ട് എന്ത് പരിസ്ഥിതി കോട്ടം തട്ടിയെന്നാണ് പറയുന്നത് എന്നാണ് ചോദിക്കുന്നത്. വൈദ്യുതി കമ്മിയാണ് കാരണം 10-15 ശതമാനം വൈദ്യുതി കമ്മിയാണ് പ്രശ്‌നം . ചില ബുദ്ധിജീവികൾ പറയുന്നത് പത്ത് ദിവസം കറന്റില്ലാതെ വരുമ്പോൾ എല്ലാവനും പദ്ധതിയെ അനുകൂലിക്കും എന്നാണ്. അല്ല അപ്പോൾ രണ്ട് ദിവസം ഭക്ഷണമില്ലാതെ കഴിഞ്ഞാലോ? 90 ശതമാനവും ഭക്ഷണസാധനം പുറത്ത് നിന്ന് വരുത്തുന്ന കേരളീയൻ 10-15 ശതമാനം വൈദ്യുതിക്ക് വേണ്ടി അലമുറയിടുമത്രെ!. അതും 5000 കോടികടക്കാരായ കെ എസ് ഇ ബി എന്ന നുണയൻ പ്രസ്ഥാനത്തിനെതിരെ.

അവർ അതിരപ്പള്ളി പദ്ധതി തന്നെ 28 ഹെക്ടർ വനഭൂമിയെ നശിക്കു എന്നാണ് ആദ്യത്തെ നുണ പറഞ്ഞിരിക്കുന്നത്. അത് തന്നെയാണ് അത് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ റോക്ക് ഫിൽ ഡാമായ തെഹ് രി പ്രോജക്ടിൽ മുതലിങ്ങോട്ട് പറഞ്ഞിരിക്കുന്നത്. 1200 മെഗാവാട്ട് പറഞ്ഞാൽ 300 മെഗാവാട്ട് ഉത്പാദിപ്പിക്കും. നാല് ടർബൈനുകൾ കറക്കും എന്നു പറഞ്ഞാൽ ഒന്ന് കറക്കാനുള്ള വെള്ളം വരും. മഴക്കാലത്ത് രണ്ട് കറങ്ങും രണ്ട് കട്ടപുറത്തിരിക്കും എല്ലായിടത്തും പ്രോപ്പോസഡ് പ്രൊജക്ടിൽ ഇങ്ങനെ നുണകൾ നിരത്തിവെയ്ക്കും. നഷ്ടം കുറച്ച് കാണിച്ച് ലാഭം കൂട്ടിക്കാണിക്കും.അങ്ങനെ കാണിച്ച് കാണിച്ച് 5000 കോടി നഷ്ടത്തെ 6200 കോടി ആക്കാനുള്ള വിദഗ്ധ പദ്ധതിയായിരിക്കും അതിരപ്പള്ളി തീരുമ്പോൾ കെ എസ് ഇ ബി വിഭാവനം ചെയ്യുന്നത് എന്നു വേണം അനുമാനിക്കാൻ.

നിലവിലിന്നെവരെ ഇന്ത്യയിലെ ഒരു ജലവൈദ്യുത പദ്ധതിയും ഉത്പാദനശേഷിയുടെ അല്ലെങ്കിൽ പദ്ധതി വിഭാവനം ചെയ്യുന്ന വൈദ്യുതിയുടെ പകുതി പോലും തരുന്നില്ല. കേരളത്തിലും അത് തന്നെയാണ്. ഇടുക്കി 780 മെഗാവാട്ട് ലഭിക്കുന്നത് 273 മെഗാവാട്ട് . പെരിങ്ങൽ കുത്ത് 32 മെഗാവാട്ട് കിട്ടുന്നത് 19.6. ഷോളയാർ 54 മെഗാ കിട്ടുന്നത് 26.6 ചുരുക്കിപ്പറഞ്ഞാൽ കെ എസ് ഈ ബി പറഞ്ഞതിന്റെ പകുതിയെ കിട്ടു എന്നു ചുരുക്കം. അത് മാത്രമല്ല പറഞ്ഞ തുകയുടെ ഇരട്ടി ചിലവാക്കാനും മിടുക്കരാണ്. ആ പണം ചിലവാക്കാനാണല്ലൊ ഈ പദ്ധതി തന്നെ. 44 നദികളിലെയും നീരൊഴുക്കു കുറഞ്ഞ് എന്നിട്ടും ചോദിക്കുന്നത് എന്ത് പരിസ്ഥിതി പ്രശ്‌നം എന്ത് വന നശീകരണം എന്നാണ്. പലദിക്കിലും ടാങ്കർ ലോറികളിൽ വെള്ളമടിക്കുന്നു.(ഭവാനിപുഴയുടെ തീരത്ത് കിടക്കുന്ന ആദിവാസികോളനികളിൽ വെള്ളം കൊടുക്കാൻ ലോറിയിൽ ഈ വർഷം ലേഖകനും പോയിരുന്നു ).

വരാൻ പോകുന്ന ജലയുദ്ധങ്ങളുടെ കാലത്ത് പല സംസ്‌കൃതികളും നശിച്ച് പോയത് ജലമില്ലാതെ പോയത് കൊണ്ട് മാത്രമാണ് എന്നോർമ്മിച്ചാൽ നന്ന്. ഭരണാധികാരികളുടെ മണ്ടൻ പരിഷ്‌കാരങ്ങളുടെ ഇരമാത്രമാണ് തലമുറകൾ.

എന്താണ് പരിസ്ഥിതി നഷ്ടം എന്നൊന്നും വിലയിടണ്ട. അവിടെ 150 ഹെക്ടർ കാട് നശിക്കും എന്നു നമ്മൾക്ക് കണക്കിനായ് അനുമാനിക്കാം. അതിൽ കൂടുതൽ നഷ്ടപെട്ടാലും നമ്മൾ അറിയില്ല അതറിയാനുള്ള സംവിധാനവുമില്ല. വികസനം വന്നു വന്നു 40 ശതമാനം പച്ചപ്പ് നഷ്ടപ്പെട്ടു എന്നുമാത്രം അറിയാം. പക്ഷെ ശ്വാസത്തിനൊക്കെ ഇപ്പോൾ എന്ത് വിലയുണ്ടെന്നറിയാം. കനേഡിയൻ കമ്പനി ഇപ്പോൾ ഉദ്പാദിപ്പിച്ചയക്കുന്ന സ്വാഭാവിക നിബിഡവനത്തിലെ ഓക്‌സിജന്റെ ഒരു ശ്വാസമെടുക്കൻ പന്ത്രണ്ട് രൂപ അൻപത് പൈസമാത്രം മതി.

അധികമൊന്നും വിലയിടുന്നില്ല വെറും ശ്വാസത്തിന്റെ വിലമാത്രമിട്ട് നമുക്ക് ഈ പദ്ധതിയെ ഒന്നു വിലയിരുത്താം . എന്നുവെച്ചാൽ അവിടെ നഷ്ടപ്പെട്ടുപോകുന്ന ജൈവ വൈവിധ്യം, കേരളത്തിലെ ഏറ്റവും അധികം വ്യത്യസ്തമായ മത്സ്യസമ്പത്തിൽ പലതിനെയും കണ്ടെത്തിയ പ്രദേശം ,ആനകളെപ്പോലെ ആരും പറഞ്ഞുകൊടുക്കാതെ ജന്മനാ തന്നെ പരമ്പരാഗത പാതകളിലൂടെ സഞ്ചരിക്കുന്ന ജീവിവർഗ്ഗത്തിന്റെ പ്രശ്‌നങ്ങൾ എന്നിവയൊക്കെ പണം കൊണ്ട് കണക്കുകൂട്ടാൻ പറ്റില്ലായിരിക്കാം എങ്കിലും ഒരു ഹെക്ടർ വനത്തിൽ നിന്നും എത്രപേർക്ക് ശ്വസിക്കാനുള്ള വായു കിട്ടും എന്ന് അന്വോഷിച്ചാൽ 19 പേർക്ക് ഒരു വർഷം ശ്വസിക്കാനുള്ള വായു ലഭിക്കും എന്ന ഉത്തരം യു എൻ ഫോറസ്റ്റ് സർവീസ് അൻഡ് എൺ വയർമെന്റ് സൊസൈറ്റി പബ്‌ളിക്കേഷൻ വിഭാഗം പറയുന്നു.

പല തരത്തിൽ പലവലിപ്പത്തിലുള്ള മരങ്ങൾ എത്രമാത്രം ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നു എന്ന് ഇപ്പോൾ കണക്കുകൾ ലഭ്യമാണ്. ഒരു ദിവസം ഒരാൾക്ക് 3 സിലിണ്ടർ ഓക്‌സിജൻ വേണം. ഒരു സിലിണ്ടർ ഓക്‌സിജൻ സർക്കാർ സംവിധാനത്തിൽ 700 രൂപ കണക്കാക്കാം. ഒരു ദിവസത്തേക്ക് 2100 രൂപയുടെ ഓക്‌സിജൻ ആണ് നമുക്ക് വേണ്ടതെന്ന് ചുരുക്കം. ഒരു ദിവസം 39900 രൂപയുടെ ഓക്‌സിജൻ. ഒരു ഹെക്ടർ വനത്തിൽ നിന്നും പത്തൊൻപത് പേർക്ക് ഒരു വർഷത്തേക്കുള്ള ഓക്‌സിജൻ എന്നു വെച്ചാൽ അതിന്റെ തുക 14563500 . ഈ പദ്ധതിവരുമ്പോൾ പുറമേയ്ക്ക് 138.5 ഹെക്ടർ വനഭൂമി നശിക്കും എന്നു പറഞ്ഞ് ആശ്വസിപ്പിച്ചാലും 200 ഹെക്ടർ പോകും എന്നത് മുൻ കാല പ്രാബല്ല്യത്തിൽ ഊഹിക്കാവുന്നതാണ്. ഒരു കണക്കിന് വേണ്ടി ഒരു വർഷം 138.5 ഹെക്ടർ വനഭൂമി ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്റെ മൂല്ല്യം അളന്നാൽ 2017044750 രൂപ വരും. ഇത് കേവലം ഒരു വർഷം 138.5 ഹെക്ടർ വനം ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്റെ അളവാണ്.

പൂർണ്ണവളർച്ചയെത്തിയ വലിയ രണ്ട് മരം മതി നാലു പേരടങ്ങിയ ഒരു കുടുംബത്തിന് ഓക്‌സിജൻ നല്കാൻ തുടങ്ങിയ പല കണക്കുകളും വിട്ട് ഇത് ഏറ്റവും ലളിതമായ കണക്കാണ് അവതരിപ്പിക്കുന്നത്. അപ്പോൾ പിണറായി സഖാവ് പിണങ്ങാറായാലും മരങ്ങളുടെ കണക്ക് കൂട്ടിമാത്രം നമുക്ക് ഈ പദ്ധതി ഉപേക്ഷിക്കാം. 40 ശതമാനം ഹരിതാഭയും നഷ്ടപ്പെട്ട പശ്ചിമഘട്ടത്തിലെ കേരളത്തിന്റെ വികസനത്തിനേറ്റ കടുത്ത തിരിച്ചടിയാണെങ്കിലും അതിരപ്പള്ളി ഞങ്ങൾ ഉപേക്ഷിക്കുന്നു എന്നു താങ്കൾ പറയാൻ ഞങ്ങൾ കാത്തിരിക്കുന്നു.

നിലവിലെ കെ എസ് ഈ ബി ഉദ്യോഗസ്ഥ വൃന്ദത്തിനെഅവരുടെ ബൗദ്ധിക നിലവാരം വെച്ച് അതിരപ്പള്ളികാട്ടിലെ ഒരു മരത്തിന്റെ തുല്ല്യ മൂല്ല്യം പോലും കണക്കാക്കൻ സാധിക്കില്ലെങ്കിലും ചുരുങ്ങിയ പക്ഷം ഒരിലയുടെ വിലയെങ്കിലും അറിയാൻ മന്ത്രിസഭയ്ക്ക് കഴിയണം. അല്ലെങ്കിൽ കാലത്തിന്റെ ചവറ്റുകുട്ടയിലെ ഏറ്റവും നാറ്റമുള്ള ഓർമ്മകളിലൊന്ന് താങ്കളുടെ ഈ വികസനമാണെന്ന് ലോകം അറിയും.