ഈ നാട്ടില്‍ നീതീയില്ല

പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയുടെ നിലവിളി കേരളത്തില്‍ മുഴുവന്‍ ഉയര്‍ന്നു വരേണ്ട മുദ്രാവാക്യമാണ്. യുഎപിഎയും രാജ്യദ്രോഹ കുറ്റവും പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഒരു വ്യക്തിയെ എപ്പോള്‍ വേണമെങ്കിലും തടവിലിടാവുന്ന ഈ രാജ്യത്ത് നീതിയെ കുറിച്ച് സംസരിക്കെണ്ടതുണ്ട്. ഭരണകൂടം ചെയ്യുന്ന അനീതിയെ കുറിച്ച് സംസരിക്കേണ്ടതുണ്ട്.

ഈ നാട്ടില്‍ നീതീയില്ല

കെ കെ സിസിലു

തന്റെ മകള്‍ അതി ദാരുണമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടപ്പോള്‍ ഒരമ്മ കേരളം മുഴുവന്‍ കേള്‍ക്കുമാറുച്ചത്തില്‍ നിലവിളിച്ചു പലരും ആ നിലവിളി കേട്ടില്ല. കേട്ടവരില്‍ പലരും ആ അവസ്ഥയെകുറിച്ച് ആലോചിച്ചിട്ടുണ്ടാവില്ല. സ്വര്യജീവിതത്തില്‍ അഭിരമിച്ചു ഉറങ്ങുന്ന മലയാളിക്ക് കുറച്ചു ദിവസം സഹതപിക്കാനുള്ള ചില കാരണങ്ങളായി അത് മാറി. ഭൂമിയില്ലത്തവന്റെ അടിച്ചമര്‍ത്തപെടുന്നവന്റെ പീഡിപ്പിക്കപെടുന്നവന്റെ ദളിതന്റെ അദിവാസികളുടെ അവസ്ഥകള്‍ ആ ജീവിതം അനുഭവിച്ചവര്‍ക്കു മാത്രം അറിയാവുന്ന ഒന്നായി നിലനില്ക്കുന്നു. അതുകൊണ്ട് തന്നെ ഈ നാട്ടില്‍ നീതിയില്ല എന്ന് പറഞ്ഞാല്‍ നേട്ടങ്ങള്‍ കൈപറ്റി ജീവിക്കുന്നവര്ക്ക് അതത്ര യോജിക്കാവുന്ന ഒന്നല്ല. എന്തുകൊണ്ട് ഈ നാട്ടില്‍ രണ്ടു നീതി നടപ്പാക്കപ്പെടുന്നു? പണക്കാര്‍ കൂടുതല്‍ പണക്കാരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരവുകയും ചെയ്യുന്നു. നാലു സെന്റു കോളനികളിലേക്കും ലക്ഷം വീട് കോളനികളിലേക്കും ദളിതര്‍ എടുത്തെറിയപ്പെട്ടു.. അരികുവല്‍ക്കരിക്കപ്പെട്ട ജീവിതമായി ചേരികളിലും പുറമ്പോക്കുകളിലും ഒരു തുണ്ട് ഭൂമിയുമില്ലതെയും ജീവിക്കേണ്ടി വരുന്നു.. ഒരു മുറി മാത്രമുള്ള, കക്കൂസുപോലും ഇല്ലാത്ത വീടുകളില്‍ ജീവിതം തള്ളിനീക്കേണ്ടിവരുന്നു.. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായി ഒരു സുരക്ഷയും ഇല്ലാതെ ഇത്തരം ജനവിഭാഗങ്ങള്‍ മാത്രം ജീവിക്കേണ്ടി വരുന്നു. ഇത് സാമൂഹിക നീതിയാണോ? ജനിച്ച നാള്‍ മുതല്‍ സ്ത്രീയും പുരുഷനും രണ്ടു തട്ടിലായി ജീവിക്കേണ്ടി വരുന്നു.


പ്രാഥമിക തലം മുതല്‍ രണ്ടു സ്‌കൂളുകളിലും രണ്ടു ക്ലാസുകളിലും രണ്ടു ബഞ്ചുകളിലുമായി നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നു ആണെന്നും പെണ്ണെന്നും വേര്‍തിരിച്ചു പെണ്‍കുട്ടികള്‍ക്ക് അതിരുകളും വിലക്കുകളും തീര്‍ക്കുന്നു ആണ്‍കുട്ടിയും പെണ്‍കുട്ടിയും സൗഹൃദ്ര പരമായ വളര്‍ച്ചകളെ തടയുന്നു ഇഷ്ടങ്ങളെ സ്നേഹങ്ങളെ വിലക്കുന്നു രതിയെ പാപമാക്കുന്നു. ഇഷ്ടമില്ലതെയുള്ള എല്ലാ കടന്നുകയറ്റവും ജനാതിപത്യ വിരുദ്ധതയാണെന്ന് നമ്മുടെ ആണ്‍കുട്ടികളെ നാം പഠിപ്പിക്കാറില്ല ഉപദേശിക്കാറില്ല പകരം പെണ്‍കുട്ടികളെ അവരുടെ സ്വാതന്ത്ര്യങ്ങളെ കുറക്കാന്‍ പഠിപ്പിക്കുന്നു ഇത് നീതിയാണോ? ഇക്കാലമത്രയും ഇതൊന്നു അനീതിയാണെന്ന് നമുക്ക് തോന്നിയിട്ടില്ല! തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന മനുഷ്യരെ കുറിച്ചും ജോലി തേടി ഇന്ത്യയുടെ അങ്ങേതലയില്‍ നിന്ന് കേരളത്തിലേക്ക് പലായനം ചെയ്തെത്തുന്ന ഇദര സംസ്ഥാനക്കാരെ കുറിച്ചും, വികസനത്തിന്റെ പേരില് പുറംതള്ളപ്പെടുന്ന ജീവിതങ്ങളെ കുറിച്ചും നാം ആലോചിക്കാന്‍ മിനക്കെടാറില്ല. ഇതിന്റെയൊന്നു കാരണക്കാര്‍ നമ്മളല്ല എന്നതാണ് നമ്മുടെ യുക്തി. നമ്മുടെ ജനത എങ്ങനെ ആയിരിക്കണം എന്നും, എങ്ങനെ ജീവിക്കണം എന്നതിനും നമുക്കൊരു പങ്കും ഇല്ലാതായിട്ടുണ്ട് നാം വോട്ടു ചെയ്യുന്നുണ്ട് എന്നത് ശരിയാണ് എന്നാല്‍ നമുക്ക് വേണ്ടിപാര്‍ലിമെന്റിലേക്കും നിയമസഭയിലേക്കും ജയിച്ചു പോവുന്നവരോന്നും നമ്മുടെ ജനതക്കുവേണ്ടിയല്ല ഭരിക്കുന്നത് എങ്കിലും അവര്‍ നീതിയെ കുറിച്ച് നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലം ആരുടെ നീതിയാണ്? ആരുടെ പ്രശ്നങ്ങളെയാണ് ഇവര്‍ പരിഹരിക്കുന്നത്? അതിക്രൂരമായി പീഡിപ്പിക്കപെട്ടു കൊലചെയ്യപ്പെട്ടതുകൊണ്ട് മാത്രമാണ് 6 ദിവസം കഴിഞ്ഞപ്പോയെങ്കിലും നമ്മുടെ പത്രങ്ങളും മാധ്യമങ്ങളും ജിഷയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 'അതിക്രൂരത' ഇല്ലായിരുന്നു എങ്കില്‍ ആരും അറിയപ്പെടാതെ പോകുന്ന അനേകായിരം പീഡനങ്ങളില്‍ ഒന്നുമത്രമായി അവശേഷിക്കുമായിരുന്നു. മാത്രവുമല്ല ഇരകളെ വേട്ടയാടുന്നതിലൂടെ സദാചാര ബോധത്തെ എങ്ങനെ വിറ്റഴിക്കാം എന്ന് മാത്രമാണ് നമ്മുടെ മാധ്യമങ്ങള്‍ ശ്രദ്ധിക്കറുള്ളത്. വക്കീലന്മാരും കോടതി വിധികളും ഇതിനു അപവാദങ്ങളല്ല നാട്ടിലിറങ്ങി സഞ്ചരിക്കാന്‍ കഴിയാതെ പീഡിപ്പിക്കപെട്ട സ്ത്രീകള്‍ എന്നും വീടെന്ന തടവറക്കകത്ത് കഴിയേണ്ടി വരുന്നു.

സൂര്യനെല്ലി പെണ്‍കുട്ടിയെ പോലെ സമൂഹത്തിന്റെ, നാട്ടുകാരുടെ, ആങ്ങളമാരുടെ, അച്ഛന്മാരുടെ എല്ലാം ശാസനകളും നോട്ടങ്ങളും അനുഭവിച്ചു പേടിച്ചു ഇരുളടഞ്ഞ മുറിയില്‍ കഴിയേണ്ടി വരും. എവിടെയാണ് ഈ മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധത? ഏതു അംബനിമാര്‍ക്കു വേണ്ടിയാണ് ഇവര്‍ വാര്‍ത്തകള്‍ വിഴുങ്ങിയത്? ഡല്‍ഹി റേപ്പ് കേസുമായി ബന്ധപ്പെട്ട് അരുന്ധതി റോയ് അന്ന് ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ് അതിനുള്ള തെളിവുകളാണ് ഈ മധ്യമങ്ങളുടെ കുറ്റകരമായ നിശബ്ദത! നാട്ടിലൊരു ചെറിയ അപകടം നടന്നാല്‍ പോലും ബന്ദും ഹര്‍ത്താലും നടത്തുന്ന നല്ലവരായ നമ്മുടെ നാട്ടുകാര്‍ എന്തേ ഈ വിഷയത്തെ ഏറ്റെടുക്കതിരുന്നത് ? തെളിവുകള്‍ നശിപ്പിക്കാനുള്ള പോലീസിന്റെ വ്യഗ്രത വ്യക്തമായ രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത് ഒരു പാവപ്പെട്ട ദളിത് പെണ്‍കുട്ടിയുടേത് അല്ലായിരുന്നെങ്കില്‍ ആ കേസന്വേഷിച്ച സിഎ ഉള്‍പെടെയുള്ളവരുടെ ഇടപെടലുകള്‍ ഇങ്ങനെ ആവുമായിരുന്നൊ? ആ പോലീസുകാര്‍ നീതി പാലകര്‍ ആയിരുന്നോ? ആ നാട്ടില്‍ ജീവിക്കാനും അവര്‍ക്കെതിരെ നടത്തികൊണ്ടിരിക്കുന്ന അക്രമത്തിനുമെതിരെ 50 തവണയെങ്കിലും ജിഷയുടെ അമ്മ പോലിസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടുണ്ടാവും അന്നൊന്നും കാണിക്കാത്ത ഉത്സാഹമാണ് ഇന്ന് പോലീസുകാര്‍ ഈ കേസില്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ കാണിച്ചുകൊണ്ടിരിക്കുന്നത് ഒരു കക്കൂസിനും വീടിനും വേണ്ടി അവര്‍ എത്രയെത്ര രാഷ്ട്രീയക്കാരുടെ കാലുപിടിച്ചിട്ടുണ്ടാവും അന്നൊന്നുമില്ലാത്ത ആശങ്കയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കിപ്പോളുള്ളത് അവര്‍ ഇപ്പൊള്‍ അമ്മമാരെ കുറിച്ച് വാചാലരാവുന്നു പെങ്ങളെ കുറിച്ച് കണ്ണീരു പൊഴിക്കുന്നു സുരക്ഷയെ കുറിച്ച് അവര്‍ ആശങ്ക പങ്കുവെക്കുന്നു വോട്ടില്‍ കണ്ണ് നട്ടിരിക്കുന്ന അവരുടെ ആശങ്ക അധികാരത്തിന്റെ നീതിയാണ് അത് എല്ലാകാലത്തും അങ്ങനെയാവാതെ തരമില്ല.

പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയുടെ നിലവിളി കേരളത്തില്‍ മുഴുവന്‍ ഉയര്‍ന്നു വരേണ്ട മുദ്രാവാക്യമാണ്. യുഎപിഎയും രാജ്യദ്രോഹ കുറ്റവും പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഒരു വ്യക്തിയെ എപ്പോള്‍ വേണമെങ്കിലും തടവിലിടാവുന്ന ഈ രാജ്യത്ത് നീതിയെ കുറിച്ച് സംസരിക്കെണ്ടതുണ്ട്. ഭരണകൂടം ചെയ്യുന്ന അനീതിയെ കുറിച്ച് സംസരിക്കേണ്ടതുണ്ട്. ജനാധിപത്യ സമരങ്ങെളയെല്ലാം ഭരണകൂട വിരുദ്ധവും രാജ്യദ്രോഹ വിരുദ്ധവുമാക്കി അടിച്ചമര്‍ത്തിക്കൊണ്ടിരുക്കുന്ന ഈ നാട്ടില്‍ ഭരണകൂടം ചെയ്യുന്നത് അനീതിയല്ലാതെ മറ്റെന്താണ് ഇതെല്ലാം മറിച്ചു വെച്ചാണ് ഭരണവര്‍ഗ പ്രസ്ഥാനങ്ങളെല്ലാം തന്നെ പെരുമ്പാവൂരില്‍ പോയി ജിഷക്ക് നീതി കിട്ടണം ആ അമ്മക്ക് നീതി കിട്ടണം എന്നെല്ലാം പറയുന്നത് പെരുമ്പാവൂര്‍ ഒറ്റപെട്ട തുരുത്തല്ല കേരളത്തിലെ ദളിതരുടെയും ആദിവാസികളുടെയും ഭൂപരിഷ്‌കരനത്തിന്റെ 'നേട്ടങ്ങളുടെ' ഭാഗമായി പുറത്താക്കപ്പെട്ട ജനതയുടെ, മണ്ണില്‍നിന്നു ആട്ടിയോടിക്കപ്പെട്ട കര്‍ഷകതൊഴിലളിയുടെ, വികസനത്തിന്റെ പേരില്‍ ആവാസവ്യവസ്ഥയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട, ആകാശത്തിനു താഴെ ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത മനുഷ്യ രൂപങ്ങളുടെ എല്ലാം ഒരു കൊച്ചു ഭൂപടമാണ് ഇവിടെ നീതിയില്ല എന്നത് ആലങ്കാരികമായി പറയേണ്ട, ചര്‍ച്ചകളില്‍ അധര വ്യായാമം നടത്തേണ്ട ഒന്നല്ല സമൂഹത്തില്‍നിന്നു പുറം തള്ളുന്ന, ജാതിയുടെ പേരില്‍ അയിത്തം കല്‍പ്പിക്കുന്ന സാമൂഹികാവസ്ഥ ഇവിടെ നിലനില്‍ക്കുന്നു ഇതിനെയൊന്നും സ്പര്‍ശിക്കാതെ കേവലമായി നീതിയെകുറിച്ചു നമുക്ക് പറയാനാവുമോ? സ്ത്രീയായി ജനിച്ചതുകൊണ്ടു മാത്രം അവള്‍ രണ്ടാം തരം പൗരയാണ്.

ഈ നാട്ടിലെ എല്ലാറ്റിലും പുരുഷാധിപത്യം ശക്തമായി നിലനിക്കുന്നു. ജനാധിപത്യം പഠിക്കാതെ ജെന്‍ഡര്‍ വ്യത്യാസം പഠിച്ചതുകൊണ്ടോ, പ്രണയമില്ലാതെ രതി ചെയ്തതോകൊണ്ടോ, സ്നേഹം ഇല്ലാതെ ബന്ധങ്ങള്‍ ഉണ്ടായതുകൊണ്ടോ മനുഷ്യന് വളര്‍ച്ചയുണ്ടാവുന്നില്ല. ദയാ രഹിതമായി വികസനത്തെ മുന്നോട്ട്‌കൊണ്ട് പോവുന്ന നേതാക്കള്‍ ഉള്ള കാലത്തില്‍, ലോക ചരിത്രത്തില്‍ തന്നെ സമാനതകള്‍ ഇല്ലാത്ത ചൂഷണമായ ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന, ജെന്‍ഡര്‍ ബൈനറിക്കകത്ത് വ്യക്തികളെ കാണുന്ന, സാമൂഹിക അവസ്ഥയും അനീതി തന്നെയാണ് നിലവിലുള്ള ഭരണകൂട നീതി തന്നെ അനീതിയാണ് അതുകൊണ്ട് തന്നെ ഈ നാട്ടില്‍ നീതിയില്ല ഭരണകൂട 'നീതി'യും പുരുഷ'നീതി'യും ജാതി'നീതി'യുമാണ് വികസന 'നീതി'യുമാണ് വോട്ടു 'നീതി'യുമെല്ലാമാണ് ജിഷയെ പോലെ എല്ലാ ജീവിത പ്രയാസങ്ങളോടും എതിരിട്ടു മുന്നോട്ടുപോവുന്ന പെണ്‍കുട്ടികളെ കൊന്നുകളയുന്നത് ഈ 'നീതി'കളെല്ലാമാണ്. ഇതര സംസ്ഥാന തൊഴിലാളിയിലോ അയല്‍ക്കാരനായ ചെരുപ്പക്കാരനിലോ കൂലിപ്പണിക്കാരനായ ഏതെങ്കിലും തൊഴിലാളിയിലോ മുസ്ലിംങ്ങളിലോ ദളിതരിലോ കുറ്റം കെട്ടിവെച്ചു രക്ഷപ്പെടാവുന്ന ഒന്നല്ല ചെയ്തവന്റെ ലിംഗം ഛേദിച്ചതുകൊണ്ടോ തൂക്കികൊന്നതുകൊണ്ടോ തീരാവുന്ന പ്രശ്നവുമല്ല

എല്ലാ അനീതിയേയും മുറുകെ പിടിച്ചു നാം നീതിയെ കുറിച്ച് സംസാരിക്കുന്നത് തന്നെ അനീതിയാണ്.

Read More >>