കാറ്റിനെ വലവീശിപിടിക്കുന്നവര്‍

ഡെമോക്രസിയില്‍ ഏറ്റവും എളുപ്പം ചെയ്യാവുന്ന പണിയാണ് അരാഷ്ട്രീയവാദിയാവല്‍. രാജാധിപത്യത്തില്‍ ആണെങ്കില്‍ എന്തായാലും രാജാവിനെയും എല്ലാ റോയല്‍ ബ്ലഡ്‌സിനെയും ബഹുമാനിക്കാതെ പറ്റില്ലല്ലോ..

കാറ്റിനെ വലവീശിപിടിക്കുന്നവര്‍

സന്ദീപ് ബാലസുധ

ടൈം ലൈനില്‍ തലങ്ങും വിലങ്ങും ആഹ്വാനങ്ങള്‍ പാഞ്ഞു നടക്കുന്നു. കൊല്ലാനും മുറിച്ചുകളയാനും ഉള്ള സ്ഥിരം ആഹ്വാനങ്ങള്‍ക്കിടയില്‍ പുതിയമുഖം വോട്ട് ബഹിഷ്‌കരണ ആഹ്വാനം ആണ്. ഇലക്ഷന്‍ ബോയ്‌കോട്ടിംഗ് പുതുമ അല്ലെങ്കിലും ഇതുപോലെ ഒന്ന് ആദ്യമാണെന്നു തോന്നുന്നു. ഇത്തവണ ജനാധിപത്യം നാണിച്ചു ഓടിപ്പൊകും, തീര്‍ച്ച..

ഡെമോക്രസിയില്‍ ഏറ്റവും എളുപ്പം ചെയ്യാവുന്ന പണിയാണ് അരാഷ്ട്രീയവാദിയാവല്‍. രാജാധിപത്യത്തില്‍ ആണെങ്കില്‍ എന്തായാലും രാജാവിനെയും എല്ലാ റോയല്‍ ബ്ലഡ്‌സിനെയും ബഹുമാനിക്കാതെ പറ്റില്ലല്ലോ..എന്നാല്‍ 'രാഷ്ട്രീയക്കാര്‍ എല്ലാം കള്ളന്മാരാണ്', ' നമുക്കൊരു ഗുണവും ഇല്ല' ('നമുക്ക് ') , 'ഇവര്‍ക്ക് വോട്ടു ചെയ്യാന്‍ എന്റെ ഡോബര്‍മാന്‍ വരും' തുടങ്ങി കുറച്ച് തട്ടിപ്പീസ് ടാഗ് ലൈനുകള്‍ മാത്രം ജനാധിപത്യത്തില്‍ അപൊളിറ്റികല്‍ ആകാന്‍.


കാപിറ്റലിസത്തിന്റെ കാലത്ത് അരാഷ്ട്രീയര്‍ ആവുന്നതിന് മാര്‍കറ്റ് ഉള്ള സ്ഥിതിക്ക് എളുപ്പം വിറ്റ് പോകാനും സാധ്യത ഉണ്ട്. എന്നു വച്ചാല്‍ വലിയ മുതല്‍ മുടക്കില്ലതെ ലൈം ലൈറ്റില്‍ നില്‍ക്കാന്‍. ഇതൊക്കെ കണ്ടാവും ചിലര്‍ മുട്ടിനു മുട്ടിനു ആഹ്വാനങ്ങള്‍ ഇറക്കുന്നത് എന്ന് തോന്നുന്നു. ആനയെ എഴുന്നള്ളിക്കുന്നതിനും പൂരം നടത്തുന്നതിനു എതിരെ വോട്ട് ചെയ്യാതെ പ്രതിഷേധിക്കാനായിരുന്നു കുറച്ച് ദിവസം മുമ്പ് ആഹ്വാനം എങ്കില്‍ സ്ത്രീകളുടെ 'ആത്മാഭിമാനം' സംരക്ഷിക്കാനാണ് പുതിയ ബഹിഷ്‌കരണ ആഹ്വാനം അങ്ങ് കടലിനക്കരെ നിന്നും വരുന്നത്. ഒറ്റ ബുദ്ധികളുടെ  ദൈന്യം ദിന വ്യവഹാരങ്ങളില്‍ ലോജിക്കിന് പണ്ടേ സ്ഥാനം ഇല്ലെന്നറിയാം പക്ഷെ ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ കിടന്നു ''ഞങ്ങള്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു' എന്നൊക്കെ ആഹ്വാനിക്കുമ്പോള്‍ മിനിമം ബോധം സൂക്ഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഉറച്ച വിശ്വാസം.

നിസ്സഹകരണം എന്നത് ഒരു പുതിയ രീതി അല്ല. (ബഹിഷ്‌കരണം അതെ അര്‍ത്ഥത്തില്‍ അല്ലെങ്കിലും യോജിച്ചു പോകുന്നതാണ്). പൊതുവേ പ്രീ ഡെമോക്രാറ്റിക്  കാലഘട്ടങ്ങളില്‍ അനുയോജ്യമായിരുന്ന ഒരു രീതിയായിരുന്നു ഇത്. ഭരണ സംവിധാനങ്ങളിലും നയ രൂപീകരണങ്ങളിലും ജനത്തിന് അന്ന് പങ്കു ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം. കാലം മാറി. പെര്‍ഫെക്റ്റ് അല്ലെങ്കില്‍ പോലും അതിനോട് ഏറ്റവും അടുത്തതും ഗുണപരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതുമായ ഒരു സംവിധാനം ആണ് നാം ഇന്ന് ജീവിക്കുന്ന ജനാധിപത്യം. കുറഞ്ഞത് അഞ്ചു കൊല്ലത്തിലൊരിക്കല്‍ ഒരു നാടിന്റെ ഭാവി എങ്ങനെ ആയിരിക്കണം എന്ന് അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യം അത് തരുന്നുണ്ട്. അതിനോടൊപ്പം അടുത്ത അഞ്ചു വര്‍ഷം വരെ, ഭരിക്കുന്നവരെ സ്വാധീനിക്കാവുന്നവിധം -അത് എത്ര ചെറുതായിരുന്നാല്‍ പോലും - പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും മറ്റു ഇടപെടലുകള്‍ നടത്താനുമുള്ള സ്വാതന്ത്ര്യവും അത് തരുന്നു. ഇതില്‍ ഒക്കെ പോരായ്മകള്‍ ഉണ്ടെന്നു ഇനിയും നന്നാവാന്‍ ഇടം ബാക്കി ഉണ്ടെന്നും സമ്മതിച്ചുകൊണ്ടു തന്നെ, പക്ഷെ അത് വേറെ ചര്‍ച്ച് ചെയ്യേണ്ട വിഷയം ആണ്.

ഇതിനു ഇടയിലേക്കാണ് ബോയ്‌ക്കോട്ട് പ്രസ്ഥാനക്കാര്‍ കടന്നു വരുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില bad elements നന്നാക്കാന്‍ രാഷ്ട്രീയക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നം. അതിപ്പോ ആന ആയാലും ആത്മാഭിമാനം ആയാലും. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്ക് സമൂഹത്തിനു കൂട്ടുത്തരവാദിത്തം ഉണ്ടെന്നു ഇവര്‍ സമ്മതിച്ചു തരില്ല (ഉത്തര വാദിത്തം ഏറ്റെടുക്കാന്‍ നേരത്തെ പറഞ്ഞ ഡോബര്‍മാന്‍ വീണ്ടും വരും).  തങ്ങളുടെ ബാര്‍ബറിക് സംസ്‌കാരം ഇപ്പോളും അമൂല്യമായി കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹം അതിന്റെ കൊള്ളരുതായ്മകളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിലുള്ള കയ്യടക്കവും മെയ് വഴക്കവും അസാമന്യമാണു. അങ്ങനെ ആള്‍ക്കൂട്ടം കൈ കഴുകി പോകുമ്പോളും ചൂണ്ടിക്കാണിച്ച് കള്ളാ എന്നു വിളിക്കാന്‍ നമുക്കൊരു ആളു വേണമല്ലൊ. അങ്ങനെ കൊമകൊള്ളികള്‍  പതിവുപോലെ രാഷ്ട്രീയക്കാര്‍ തന്നെ ആവുന്നു. അവരെ ചൊവ്വാ മനുഷ്യര്‍ ആയതിനാലും അവരെ ദൈവം ഹാന്‍ഡ് പിക്ക് ചെയ്ത് പറഞ്ഞു വിട്ടതിനാലും അത് അങ്ങനെ തന്നെ വേണമല്ലോ.

ഇനി ഈ ആഹ്വാനത്തിലെ പ്രധാന വങ്കത്തരം നോക്കു... നമ്മുടെ ഇലക്ട്രല്‍ സിസ്റ്റം അനുസരിച്ച് ആകെ പോള്‍ ചെയ്ത വോട്ട് ഒന്നാണെങ്കില്‍ പോലും അത് കിട്ടിയ ആള്‍ ജയിക്കും. ഇനി നോട്ട ഭൂരിപക്ഷം നേടിയാല്‍ പോലും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥി തന്നെയാണ് ജയിക്കുന്നത്. അപ്പൊ പിന്നെ ആരെ തോപ്പിക്കാനാണ് ഈ ബഹിഷ്‌കരണ പ്രസ്ഥാനക്കാര്‍ നടക്കുന്നത്. ഒരു പ്രതിഷേധം എന്നൊക്കെ പറഞ്ഞു ഘോര ഘോരം ആഹ്വാനം ചെയ്യുമ്പോള്‍ ആ പ്രതിഷേധം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നെങ്കിലും ഒരു ബോധം വേണ്ടേ. അതോ ഇത് പണ്ട് ഫെയിസ്ബുക്കിനെ മുട്ടില്‍ ഇഴയിച്ച പോലത്തെ വല്ല പരിപാടിയും ആണോ? വല വീശി കാറ്റു പിടിക്കാന്‍ നിക്കുന്നവരോടു സഹതാപം മാത്രമെ ഉള്ളൂ.

പിന്നെ, മേല്‍പ്പറഞ്ഞ ഈ 'ഞങ്ങള്‍ ആത്മാഭിമാനം ഉള്ള സ്ത്രീകളില്‍' എത്രപേര്‍ തങ്ങളുടെ ആണ്‍ പെണ്മക്കള്‍ക്ക് ഒരേ ട്രീറ്റ്‌മെന്റ് കൊടുക്കുന്നുണ്ട്? പെണ്മക്കളുടെ ഈ പറഞ്ഞ ആത്മാഭിമാനം  ചെറുപ്പം മുതലേ അടുക്കള-പാചക-പുസ്തകത്തില്‍ കാണ്ഡം കാണ്ഡം ആയി എഴുതി വയ്ക്കാന്‍ കൂട്ട് നില്‍ക്കാത്ത എത്രപേര്‍ ഉണ്ട്? സ്വന്തം കയ്യിലിരിപ്പുകള്‍ക്ക് ഒട്ടും അക്കൌണ്ടബിള്‍ ആവാത്ത ഒരു സമൂഹത്തില്‍ രാഷ്ട്രീയക്കാര്‍ മാത്രം ആണ് കുഴപ്പക്കാര്‍ എന്ന് പാടി നടക്കുന്നവര്‍ , അവരുടെ തലയി പറ്റി ഇരിക്കുന്ന  പൂട എങ്കിലും ആദ്യം തട്ടിക്കളയണം.. ആളുകള്‍ ചിരിക്കും

ബീയിംഗ് റെസ്‌പോന്‌സിബിള്‍ എന്നത് വളരെ വിലപിടിച്ച ഒരു സംഗതി ആണ്.  വോട്ടു ചെയ്യാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നും ഒരു പാട് കാശ് മുടക്കി നാട്ടില്‍ പോകുന്നവരെ അറിയാം  അവര്‍ മണ്ടന്മാര്‍ ആയതുകൊണ്ടല്ല. അവരെല്ലാം എന്റെ അതേ പൊളിറ്റികല്‍ ചോയ്‌സുള്ളവരും അല്ല.. പക്ഷെ നിങ്ങളെക്കാള്‍ അവര്‍ പ്രസക്തര്‍ ആവുന്നു . കാരണം സമൂഹത്തില്‍ ഇടപെട്ടുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാണ്. ഒഴിഞ്ഞുമാറലുകള്‍  അല്ല ഇടപെടലുകള്‍ ആണ് മാറ്റം ഉണ്ടാക്കുന്നത് എന്ന് അവര്‍ക്ക് ബോധ്യം ഉണ്ട്..ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കിടക്കുന്ന കൂരയും വരെ നാട്ടിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചിരിക്കും എന്നിരിക്കെ ഒരു ബെറ്റര്‍ സൈഡിനെ തിരഞ്ഞെടുക്കേണ്ട സമയത്ത് മുണ്ട് പൊക്കി കാണിക്കുന്നവര്‍ക്ക്  സമൂഹത്തോട് എന്ത് ബാധ്യത ഉണ്ടാവാനാണ്.

ഫെമിനിസവും ആക്ടിവിസവും ഒക്കെ  ലൈ ലൈറ്റില്‍ നില്‍ക്കാനുള്ള അഭ്യാസം മാത്രം ആകുമ്പോള്‍ ആഹ്വാനങ്ങള്‍ ഇങ്ങനെ മാനായും മയിലായും ദൂരദേശങ്ങളില്‍നിന്നും വരുന്നത് സ്വാഭാവികം.. പക്ഷെ വോട്ട് ചെയ്യല്‍ ഒരു ഔദാര്യമല്ലെന്നു കൃത്യമായ ധാരണയുള്ള ബഹുഭൂരിപക്ഷം നിങ്ങളുടെ പാചക പുസ്തകത്തിനു പുറത്തുണ്ടെന്നു മനസ്സിലാക്കിയാല്‍ ഭാവിയിലെങ്കിലും ഗുണം ചെയ്യും.

ആഹ്വാനങ്ങളും അവലോകനങ്ങളും തൊണ്ട തൊടാതെ വിഴുങ്ങി നേരം ഇരുട്ടി വെളുക്കുമ്പോള്‍ പുറത്ത് വരുന്നതാണ് വിപ്ലവം എന്ന് ധരിച്ചുവച്ചിരിക്കുന്ന ജീവികളെ, നിങ്ങളുടെ വിപ്ലവസൂര്യന്‍ പടിഞ്ഞാറുദിക്കുമ്പോള്‍ സൂര്യനമസ്‌കാരം ചെയ്യാന്‍ എന്നേം വിളിക്കണേ.. അന്നു ഞാന്‍ എന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യാം..