കുടല്‍മാല വെളിയില്‍ച്ചാടി, അടിവയറ്റില്‍ കമ്പിപ്പാരയുമായി നില്‍ക്കുന്ന മലയാളിപ്പെണ്ണേ.. നീയും പോളിംഗ് ബൂത്തും തമ്മിലെന്ത്?

ജിഷയുടെ കൊലപാതകം ഓരോ മലയാളിപ്പെണ്ണിനേയും ഭയപ്പെടുത്തുന്നുണ്ട്, കരയിപ്പിക്കുന്നുണ്ട്, രോഷംകൊള്ളിക്കുന്നുണ്ട്. അതിനപ്പുറം, ഓരോ മലയാളിപ്പെണ്ണും ഇന്ന് താന്‍ ജിഷയാണ്, സൗമ്യയാണ്, ജ്യോതി സിംഗാണ് എന്ന തിരിച്ചറിവില്‍ നില്‍ക്കുകയാണ്. അങ്ങനെ കുടല്‍മാല വെളിയില്‍ച്ചാടി, അടിവയറ്റില്‍ കമ്പിപ്പാരയുമായി നില്‍ക്കുന്ന മലയാളിപ്പെണ്ണേ.. നീയും പോളിംഗ് ബൂത്തും തമ്മിലെന്ത്?

കുടല്‍മാല വെളിയില്‍ച്ചാടി, അടിവയറ്റില്‍ കമ്പിപ്പാരയുമായി നില്‍ക്കുന്ന മലയാളിപ്പെണ്ണേ.. നീയും പോളിംഗ് ബൂത്തും തമ്മിലെന്ത്?

എംഎസ്അനുപമ

1920, ഓഗസ്റ്റ് 26. എണ്‍പത് വര്‍ഷങ്ങളുടെ ശ്രമത്തിനൊടുവില്‍, ഭരണഘടനയുടെ 19ാം ഭേദഗതിയിലൂടെ ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ അമേരിക്കയില്‍ വനിതാ സമ്മതിദാനം (Women's Suffrage) യാഥാര്‍ഥ്യമാകുന്നു.

2016, മെയ് 2. സ്ത്രീ സമ്മതിദാനാവകാശം നേടിയതിന് നൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം ബാക്കിനില്‍ക്കെ, ഇങ്ങ് ദക്ഷിണധ്രുവത്തില്‍, അമ്മയെക്കൊന്ന പരശുരാമന്റെ നാട്ടില്‍, സ്ത്രീകള്‍ പൊരുതിനേടിയ ഈ അവകാശം കൈവെടിയണമെന്ന് മുറവിളി ഉയരുന്നു. അരാഷ്ട്രീയവാദത്തിനും അപ്പുറം, യുക്തിരാഹിത്യം അലങ്കാരമാക്കുവിധം ഈ ആവശ്യം സമൂഹമാധ്യമങ്ങളില്‍ പരക്കുന്നു. വോട്ട് ചെയ്യില്ല എന്ന് പ്രത്യക്ഷത്തില്‍ പ്രബുദ്ധരായ സ്ത്രീകള്‍ പോലും പറയുന്നു. പെരുമ്പാവൂരില്‍ കൊലപാതകത്തിനും ബലാത്സംഗത്തിനും ഇരയായ ജിഷ എന്ന 29കാരിയെ മുന്‍നിര്‍ത്തിയാണ് അരാഷ്ട്രീയവാദത്തിന്റെ അപകടകരമായ തലങ്ങളിലെത്തിനില്‍ക്കുന്ന ഈ മുറവിളി, ജനാധിപത്യത്തിനെതിരെയുള്ള കൊലവിളി, ഉയരുന്നത്.


ജിഷയുടെ മരണവും വോട്ടവകാശവും തമ്മില്‍ എന്തു ബന്ധം എന്നാണ് ആദ്യമായി ഉയരുന്ന, ഉയരേണ്ട ചോദ്യം. ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുംവരെ വോട്ട് ചെയ്യില്ല എന്നാണ് ഈ അബദ്ധപഞ്ചാംഗ ആഹ്വാനങ്ങളുടെ സംക്ഷിപ്തരൂപം. ജിഷയുടെ കൊലപാതകം ഓരോ മലയാളിപ്പെണ്ണിനേയും ഭയപ്പെടുത്തുന്നുണ്ട്, കരയിപ്പിക്കുന്നുണ്ട്, രോഷംകൊള്ളിക്കുന്നുണ്ട്. അതിനപ്പുറം, ഓരോ മലയാളിപ്പെണ്ണും ഇന്ന് താന്‍ ജിഷയാണ്, സൗമ്യയാണ്, ജ്യോതി സിംഗാണ് എന്ന തിരിച്ചറിവില്‍ നില്‍ക്കുകയാണ്. അങ്ങനെ കുടല്‍മാല വെളിയില്‍ച്ചാടി, അടിവയറ്റില്‍ കമ്പിപ്പാരയുമായി നില്‍ക്കുന്ന മലയാളിപ്പെണ്ണേ.. നീയും പോളിംഗ് ബൂത്തും തമ്മിലെന്ത്? ഈ ചോദ്യത്തിന് ഉത്തരം ഇല്ലാഞ്ഞിട്ടോ, ഇല്ലെന്ന് നടിച്ചിട്ടോ ആണ്, അങ്ങ് കാനഡയില്‍നിന്നുപോലും വോട്ട് ചെയ്യരുത് എന്ന ആവശ്യവുമായി പലരും മലയാളിപ്പെണ്ണിന്റെ ശബ്ദമായി മാറാന്‍ ശ്രമിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വനിതാ സമ്മതിദാന അവകാശം ഒരിക്കലും തര്‍ക്കവിഷയം ആയിരുന്നില്ല. 1947ല്‍ രൂപംകൊണ്ട പുത്തന്‍രാജ്യത്തിന് അത്തരം 17ാം നൂറ്റാണ്ടിന്റെ സംശയങ്ങള്‍ ഉണ്ടാകേണ്ടതുമില്ല. അതുകൊണ്ടാകം, എത്ര ചോര ചീന്തിയശേഷമാണ് ഈ അവകാശം ലഭ്യമായത് എന്ന് നമുക്ക് അറിയാതെ പോയത്. എന്നാല്‍, സ്ത്രീ സമത്വത്തിനുവേണ്ടിയുള്ള പോരാട്ടം നമുക്ക് അന്യമല്ല. കാലങ്ങളായി, പല പല ഭരണസംവിധാനങ്ങളായി, പരിഷ്‌കരിച്ച നിയമങ്ങളിലൂടെതന്നെയാണ് നമുക്ക് അവകാശങ്ങള്‍ പലതും ലഭിച്ചിട്ടുള്ളത്. സതി അടക്കം നിയമംമൂലമാണ് ഇല്ലാതെയായത്. തെരുവിലിറങ്ങി സമരം ചെയ്തും ലഭിച്ച അവസരങ്ങളിലെല്ലാം ഒച്ചയുയര്‍ത്തി സംസാരിച്ചും നിരന്തരം വ്യവസ്ഥിതിയോട് കലഹിച്ചും തന്നെയാണ് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നമ്മള്‍ സ്ത്രീകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ശരിയാണ്, അനീതിയും ലിംഗ അസമത്വവും നിലനില്‍ക്കുന്നുണ്ട്. ഇനിയും നടന്നുതീര്‍ക്കാന്‍ കനല്‍വഴികള്‍ ഏറെയുണ്ട് നമ്മുടെ മുന്നില്‍. എന്നാല്‍ അതിനുള്ള പരിഹാരം, കൈവശമുള്ള അവകാശം ഇട്ടെറിഞ്ഞ് ഒളിച്ചിരിക്കുക എന്നതല്ല. ജനാതിപധ്യത്തിന്റെ ശക്തിയും ദൗര്‍ബല്യവും കിടക്കുന്നത് അതിന്റെ കര്‍ശനമായ ഗണിതത്തിലാണ്. വോട്ടുചെയ്യാന്‍ ഒരാളെങ്കിലും എത്തിയാല്‍ അയാള്‍ തെരെഞ്ഞെടുക്കുന്ന ആളായിരിക്കും മറ്റ് പതിനായിരിങ്ങളെ എല്ലാം ഭരിക്കുക. ഇത് കേവലം യുക്തി മാത്രമാണ്. അത് മറന്ന്, വോട്ട് ചെയ്യില്ല എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ നഷ്ടം നമുക്ക് തന്നെയാണ്. ജിഷയ്ക്ക നീതിയാണ്, നേരായ കേസ് അന്വേഷണമാണ് നമുക്ക് ആവശ്യം. അതുമാത്രമല്ല, ഇനിയൊരിക്കലും ഉറപ്പില്ലാത്ത കതകുകള്‍ക്കപുറത്ത് ഉറങ്ങേണ്ടിവരാത്ത ജിഷമാരും, എത്ര ഉറപ്പില്ലാത്ത കതകായാലും ചവിട്ടിത്തുറക്കാത്ത പുരുഷന്‍മാരും നമുക്ക് വേണം. വ്യവസ്ഥിതി മാറണം. പക്ഷേ, ഇതിനൊന്നും ഉള്ള ഉത്തരം ബഹിഷ്‌കരണമല്ല, തിരുത്തലാണ്.

നിയമസഭയെന്നാല്‍, നിയമനിര്‍മാണസഭയാണ്. സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിയാത്മകവും ശിക്ഷണപരവുമായ നിരവധി നിയമങ്ങള്‍ വരേണ്ടതുണ്ട്, പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. നീതിക്കുവേണ്ടുയള്ള നമ്മുടെ ആവശ്യം നിയമത്തിന്റെ വഴിയിലൂടെ തന്നെയാവണം. അല്ലെങ്കില്‍, കൈലാഷ് ജ്യോതി ബെഹ്റയെ മരത്തില്‍ കെട്ടിയിട്ടുകൊന്ന ആള്‍ക്കൂട്ടവും, ജിഷയുടെയും സൗമ്യയുടെയും ഘാതകരും, നമ്മള്‍ സ്ത്രീകളും തമ്മില്‍ എന്താണ് വ്യത്യാസം. അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് നമ്മുടെ നിയമനിര്‍മാണ സഭയിലേക്ക് ആര് പോകണം, ആര് പോകരുത് എന്ന് തീരുമാനിക്കാന്‍ അവകാശം ലഭിക്കുന്നത്. ആ അവസരം ബുദ്ധിപരമായി വിനിയോഗിക്കുന്നതിനു പകരം, സ്‌കൂള്‍കുട്ടികളെപ്പോലെ പിണങ്ങിയിരിക്കാന്‍ മാത്രം അബലകളാണോ നമ്മള്‍?

ചരിത്രബോധം പലപ്പോഴും ഒരു ബാധ്യതയാണ്. നമ്മള്‍ മലയാളി പെണ്ണുങ്ങള്‍ എന്നും വലിയ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്ന വീമ്പുപറച്ചില്‍ അപമാനിക്കുന്നത് സത്യത്തെയാണ്. മുലയരിഞ്ഞ് ഇലയില്‍ പൊതിഞ്ഞ് പ്രവര്‍ത്തിയാര്‍ക്ക് നീട്ടിയ ചേര്‍ത്തലയിലെ നങ്ങേലിയെയാണ്. ഒരുപാടു പേരുടെ ചോരയും, പിന്നെയും പതിനായിരക്കണക്കിന് പേരുടെ കണ്ണീരും വിയര്‍പ്പും നനച്ചിട്ട പുരഷാധിപത്യത്തിന്റെ മണ്ണിലാണ് ഇന്ന് നമ്മള്‍ താരതമ്യേന എളുപ്പത്തില്‍ തൂമ്പയിറക്കുന്നത്, കൊടി നാട്ടുന്നത്. നൂറ്റാണ്ടുകളുടെ ശ്രമഫലമായി നമുക്ക് കൈവന്ന പൂമുഖദര്‍ശനം, ക്ഷണഭംഗുരമായ ആവേശത്തില്‍ ചവിട്ടിത്തെറുപ്പിച്ച് അരങ്ങത്തുനിന്ന് അടുക്കളയിരുട്ടിലേക്ക് മറയരുത്. വിളയൂരില്ലത്തെ തേതിയെ (വി.ടി.യുടെ കഥാപാത്രം) കര്‍ക്കടകാം കുന്നത്ത് നമ്പൂരിയുടെ അഞ്ചാംവേളി ആക്കരുത്.

അതുകൊണ്ട്, എന്റെ പെണ്ണുങ്ങളേ, പോളിംഗ് ബൂത്തിലേക്ക് നീങ്ങിക്കൊണ്ടാവട്ടെ നിങ്ങളുടെ പ്രതിഷേധം. ഉറക്കെ സംസാരിച്ചുകൊണ്ടാവട്ടെ നിങ്ങളുടെ സമരം. മഷിപുരണ്ട് ഇടതു ചൂണ്ടുവിരല്‍ കൊണ്ടാവട്ടെ നിങ്ങള്‍ അധികാരികളോട് കയര്‍ക്കുന്നത്.

Read More >>