തൂക്കുമരങ്ങളും ആള്‍ക്കൂട്ടനീതിയുമല്ല: വേണ്ടത് ബോധവല്‍ക്കരണം

വിദ്യാലങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കണം. ആവശ്യം പോലെ ഉപയോഗിക്കുവാനും ഭോഗിക്കുവാനും പിച്ചി ചീന്തുവാനും ഉള്ളതല്ല സ്ത്രീകള്‍ സമൂഹം എന്ന് മനസിലാക്കേണ്ടതുണ്ട്. അതിനു ലൈംഗിക വിദ്യാഭ്യാസം ആണ് ഏറ്റവും നല്ല പ്രതിവിധി.

തൂക്കുമരങ്ങളും ആള്‍ക്കൂട്ടനീതിയുമല്ല: വേണ്ടത് ബോധവല്‍ക്കരണം

ഇന്നലെയും ഒരുപാട് പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റപ്പെട്ടു. കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു, ചിലര്‍ കലക്കവെള്ളത്തില്‍ നിന്നും വോട്ട് പിടിക്കാന്‍ ഇറങ്ങി. കുറേ മുതലക്കണ്ണീരുകള്‍ ഒഴുകി ഒഴുകി പുഴകള്‍ തീര്‍ത്തു. ജിഷ ലൈംഗിക അതിക്രമത്തിന്റെ ഇര മാത്രമല്ല. ആതുരമായ ഒരു സമൂഹത്തിന്റെ കുഷ്ഠം തുറന്നു കാട്ടിയ വേദനിപ്പിക്കുന്ന സത്യം കൂടിയാണത്. ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രതിനിധി ആയ ആ കൊലയാളി ഒരു അസാധാരണ മനോരോഗി കൂടി ആയിരിക്കണം. അതികഠിനമായ വേദനയും മരണവും അവള്‍ക്കു സമ്മാനിച്ചുകൊണ്ട് ആ കുറ്റവാളി രതിസുഖം ആവോളം ആസ്വദിച്ചുകൊണ്ട് ഇരുട്ടിലേക്ക് ഇറങ്ങി പോയി. ജിഷ എന്ന ദളിത് പെണ്‍കുട്ടി എല്ലാവരിലും ഒരു വേദനയുടെ കടല്‍ സൃഷ്ടിച്ചു. അവളുടെ ജീവിത സമരം പൊലിഞ്ഞു പോയതില്‍ കേരള സമൂഹം ആത്മാര്‍ത്ഥമായി ദുഃഖിച്ചു. അവളുടെ അടച്ചുറപ്പിലാത്ത വീടിനും തുണികൊണ്ട് മറച്ച കുളിപുരയും കണ്ടു ഓരോരുത്തരും വൈകാരിക ക്ഷോഭത്തില്‍ നീറി. അവള്‍ക്കു നീതി ലഭിക്കണം. അവളുടെ ഈ അവസ്ഥക്ക് കാരണം നമ്മള്‍ ഓരോരുത്തരും ആണ്. വികാരധീതരായ മലയാളി സമൂഹം ആ കുറ്റവാളിയെ കണ്ടെത്തുവാനും അവനെ നടുറോട്ടില്‍ തല്ലി ചതക്കാനും വധശിക്ഷ നേടികൊടുക്കുവാനും വെമ്പല്‍ കൊള്ളുന്നു. പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കുകയും മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്യുന്നു. ചിലര്‍ നമ്മുടെ നീതി ന്യായ വ്യവസ്ഥയെ പഴിക്കുന്നു. ഇത്തരം കേസുകളില്‍ ഗള്‍ഫിലേത് പോലെ ശിക്ഷ നല്‍കണമെന്നാണ് ചിലരുടെ ആവശ്യം.


ഖത്തീഫ് ബലാല്‍സംഘ കേസില്‍ 'ഏഴുപേരാല്‍ ക്രൂരമായി ബലാല്‍സംഘം ചെയ്യപ്പെട്ട് പരാതിപ്പെട്ട പെണ്‍കുട്ടിയെ അന്യപുരുഷനൊടൊപ്പം ഇരുന്നു എന്ന കുറ്റത്തിന് 90 ചാട്ടവാറടിയും ആറുമാസം തടവും വിധിച്ച നിയമവ്യവസ്ഥയാണോ ഇവിടെ വരേണ്ടത്? ജ്യോതി സിംഗിന് വേണ്ടി നമ്മള്‍ ഒരുപാടുപേര്‍ പ്രയത്‌നിച്ചു. മെഴുകുതിരി കത്തിച്ചു, ഫെയസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി... എന്നാല്‍ ജ്യോതിമാര്‍ ഉണ്ടായിക്കൊണ്ടിരുന്നു ഇനി ജിഷമാരും ഉണ്ടായിക്കൊണ്ടിരിക്കും.. ജ്യോതി രാത്രി കാമുകനോടൊപ്പം പുറത്തുപോയതിനാല്‍ പീഡനം അര്‍ഹിക്കുന്നവളാണെന്നായിരുന്നെന്ന് പറയാന്‍ ഒരുപാട് മാന്യന്മാരുണ്ടായിരുന്നു. ശാരിയുടെ സിനിമാമോഹത്തിന് കിട്ടിയ ഉത്തരമാണെന്ന് പറഞ്ഞവരും ഒട്ടും കുറവല്ല. സൂര്യനെല്ലി പെണ്‍കുട്ടിയെ ബാലവേശ്യ എന്ന് ഒരു ജഡ്ജി വിശേഷിപ്പിച്ചത് മറക്കാനും കഴിയില്ല. ഇവിടെ ജിഷയും ജ്യോതിയും (നിര്‍ഭയ എന്ന പേരിനെ വ്യാജം എന്ന് വിശേഷിപ്പിക്കുവാനേ സാധിക്കുകയുള്ളൂ) ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ കേസുകളുടെ ക്രൂരതയുടെ ആഴം കൊണ്ടാണ്. ക്രൂരതയുടെ ഏറ്റക്കുറച്ചിലാവരുത് എന്നാല്‍ കുറ്റകൃത്യത്തിങ്ങളുടെ ഉന്മൂലനം ആവണം നമ്മുടെ ചര്‍ച്ചകള്‍. ഇന്നുതുടങ്ങി ഒരാഴ്ചക്കുള്ളില്‍ എല്ലാവരും മറക്കുന്ന പ്രതിഷേധങ്ങളോ നിമിഷങ്ങള്‍ക്കുള്ളില്‍ കെടുന്ന മെഴുകുതിരികളോ അല്ല നമുക്ക് വേണ്ടത് ഒരു കുറ്റവാളിയെ തൂക്കിക്കൊല്ലുന്നതോ വഴിയില്‍ തല്ലിച്ചതക്കുന്നതോ മാത്രമല്ല അവള്‍ക്കു നേടികൊടുക്കേണ്ട നീതി. ഇനി ഇവിടെ ജിഷമാര്‍ ഉണ്ടാകരുത് മറ്റൊരു സ്വപ്നം കൂടി വിടരും മുന്‍പ് പൊലിയരുത്. അതിനു വ്യക്തമായ ശാശ്വതമായ പരിഹാരങ്ങള്‍ വേണം. ശരിയായ ലൈംഗിക ബോധവത്കരണങ്ങള്‍ വേണ്ടതുണ്ട് നമുക്ക്.

വിദ്യാലങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കണം. ആവശ്യം പോലെ ഉപയോഗിക്കുവാനും ഭോഗിക്കുവാനും പിച്ചി ചീന്തുവാനും ഉള്ളതല്ല സ്ത്രീകള്‍ സമൂഹം എന്ന് മനസിലാക്കേണ്ടതുണ്ട്. അതിനു ലൈംഗിക വിദ്യാഭ്യാസം ആണ് ഏറ്റവും നല്ല പ്രതിവിധി. സ്ത്രീ പുരുഷന് ഒപ്പം സ്ഥാനം ഉള്ളവള്‍ ആണെന്നും ബഹുമാനിക്കപ്പെടേണ്ട സഹജീവിയാണെന്നതും മനസിലാക്കാനുള്ള ബോധനിലവാരം ആ കുറ്റവാളിക്കുണ്ടായിരുന്നെങ്കില്‍ ജിഷ അവളുടെ പഠനം തുടര്‍ന്നേനെ. അവളുടെ അമ്മയുടെ അഭിമാനം ആയേനെ. കുടുബത്തിന് താങ്ങും തണലും ആയേനെ. അവളുടെ ഇരിപ്പും നില്‍പ്പും വസ്ത്രവുമാണ് കാരണം എന്നൊക്കെ ന്യായങ്ങള്‍ നിരത്തുന്ന മാന്യരും, തുല്യതയ്ക്കായി വാദിക്കുന്ന ഫെമിനിസ്റ്റുകളെ പരിഹസിക്കുന്ന ഓരോരുത്തരും 'നസ്ത്രീ നഃ സ്വതന്ത്രമര്‍ഹതി' എന്ന് പഠിപ്പിച്ച സംസ്‌കാരവും കൃഷിയിടങ്ങളോട് ഉപമിക്കുന്ന മതങ്ങളും എല്ലാം അവള്‍ എന്ന നൊമ്പരത്തിന് ഉത്തരവാദികള്‍ ആണ്.

ഓരോ ദിവസവും ഇന്ത്യയില്‍ ബലാത്സംഗം ചെയ്യപ്പെടുന്നവരുടെ എണ്ണം എന്നും ഞെട്ടിപ്പിച്ചിട്ടേയുള്ളൂ. അതില്‍ സ്ത്രീകള്‍ മാത്രം അല്ല കുട്ടികളും ട്രാന്‍സജെന്‍ഡേര്‍സും പെടുന്നു. ലൈംഗികത എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള ആഘോഷം ആണെന്നു മനസിലാക്കാന്‍ നമ്മുടെ സമൂഹത്തിനു ഇനിയും ഒരുപാട് കാലം വേണ്ടി വരും. ഇതേ പുരുഷാധിപത്യ സമൂഹത്തിന്റെ ഇരയാണ് ജിഷയും.

ഹരിത തമ്പി