തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആര്‍ക്ക് വേണ്ടി?

ഇത്തവണ ഒരു സവിശേഷ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. നമ്മുടെ ചരിത്രത്തില്‍ ഇത്രയും അഴിമതി നിറഞ്ഞതും കാര്യശേഷി ഇല്ലാത്തതുമായ ഒരു ഭരണകൂടം ഉണ്ടായിട്ടില്ല. റവന്യൂ വകുപ്പ്, എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഭക്ഷ്യവകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിങ്ങനെ ഉള്ള എല്ലാ വകുപ്പുകളും അഴിമതിയുടേയും തോന്നിവാസത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആര്‍ക്ക് വേണ്ടി?

ജനറല്‍ ചാത്തന്‍

2016 കേരളാ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കെ ചില ദിക്കുകളില്‍ നിന്നും തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. പൊതുവേ നിഷ്‌കളങ്കം എന്നും അരാഷ്ട്രീയം എന്നും  തോന്നിക്കുന്ന ഇത്തരം ആഹ്വാനങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം നാം കാണാതിരുന്നുകൂടാ അതിലേക്ക് ഒരെത്തിനോട്ടമാണു ഈ ചെറുലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു ജനാധിപത്യ സമൂഹത്തില്‍ പൗരനില്‍(സിറ്റിസണില്‍/ ആപ്റ്റായ ജന്‍ഡര്‍ ന്യൂട്രല്‍ ടേം കിട്ടിയില്ല) നിക്ഷിപ്തമായ പല കടമകളില്‍ പ്രാധാന്യമുള്ള ഒന്നാണു ഭരണകൂടത്തെ തിരഞ്ഞെടുക്കാനായി നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുക എന്നത്. ഒരു മികച്ച ഭരണകൂടത്തെ തിരഞ്ഞെടുക്കാന്‍ ആ പ്രദേശത്തെ ആളുകള്‍ക്ക് കിട്ടുന്ന ഒരു അവസരം കൂടിയാണു തിരഞ്ഞെടുപ്പ്. സവിശേഷ സാഹചര്യങ്ങളില്‍ തിരഞ്ഞെടുപ്പ് ബഹിഷകരണം പലസംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കിയിട്ടുള്ളത് വളരെ വിരളമായിട്ടാണ്. പലപ്പോഴും തിരഞ്ഞെടുപ്പിനു മുന്നേ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സ്വാധീനിക്കാനുള്ള ഒരു ഉപകരണമായാണു ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വര്‍ത്തിച്ചിട്ടുള്ളത്.  ഒരു തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കൊണ്ട് എന്ത് നേട്ടം ആണ് വിട്ട് നില്‍ക്കുന്നവര്‍ക്ക് അല്ലെങ്കില്‍ സമൂഹത്തിനു ലഭിക്കുക എന്നതും ബഹിഷ്‌കരണത്തിനു ആഹ്വാനം നല്‍കുന്നവര്‍ ആലോചിക്കേണ്ടിയിരിക്കുന്നു.


ഇത്തവണ ഒരു സവിശേഷ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. നമ്മുടെ ചരിത്രത്തില്‍ ഇത്രയും അഴിമതി നിറഞ്ഞതും കാര്യശേഷി ഇല്ലാത്തതുമായ ഒരു ഭരണകൂടം ഉണ്ടായിട്ടില്ല. റവന്യൂ വകുപ്പ്, എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഭക്ഷ്യവകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിങ്ങനെ ഉള്ള എല്ലാ വകുപ്പുകളും അഴിമതിയുടേയും തോന്നിവാസത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്. ആഴ്ച്ചക്കൊന്ന് വച്ച് എന്നവണ്ണം  അഴിമതികള്‍ തെളിഞ്ഞു വരുന്നു. ഇതിലൊക്കെ പൊറുതിമുട്ടിയ പൊതുജനങ്ങള്‍ക്കിടയില്‍ ഭരണവിരുദ്ധ വികാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെയാണു പെട്ടെന്ന് ഇലക്ഷന്‍ ബഹിഷ്‌കരണം എന്ന മുദ്രാവാക്യം ചില ഭാഗത്തു നിന്നും ഉയരുന്നത്.

പറവൂര്‍ വെടിക്കെട്ടപകടത്തിനു ശേഷം  വെടിക്കെട്ടുകളെ കര്‍ശന നിയന്ത്രണത്തില്‍ കൊണ്ട് വരണമെന്നും ആനകളെ പൊരിവെയിലത്ത് നടത്തുന്നത് തടയണമെന്നുമുള്ള പൊതുജനാഭിപ്രായം ശക്തമാവുകയും മറ്റ് പല വെടിക്കെട്ടുകള്‍ക്കും നിയന്ത്രണം വരും എന്ന നിലയിലായപ്പോള്‍  തൃശ്ശൂര്‍ പൂരപ്രേമികള്‍ എന്ന പേരില്‍ ചിലര്‍ തിരെഞ്ഞടുപ്പ് ബഹിഷ്‌കരണത്തിനു ആഹ്വാനം നല്‍കി. അത് ലക്ഷ്യം കണ്ടു. മുഖ്യമന്ത്രി നേരിട്ടെത്തി മദ്ധ്യസ്ഥത വഹിച്ച് പൂരം പതിവ് പോലെത്തന്നെ നടക്കുമെന്ന് ഉറപ്പുവരുത്തി. വേറെ ചെറുപൂരങ്ങള്‍ പലതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി കിട്ടാതെ  വെടിക്കെട്ട് നടത്താതിരുന്നു. അവര്‍ക്കൊക്കെ തൃശ്ശൂര്‍ പൂരവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലപേശല്‍ ശേഷി കുറവായതാകാം അവരുടെ ബഹളങ്ങള്‍ ഒന്നും ഒരു മന്ത്രിയുടെയും കാതില്‍ വീണില്ല. മെയ് 8നു നടക്കാനിരിക്കുന്ന തിരുവില്ല്വാമല പറക്കോട്ട്കാവ് താലപ്പൊലിയില്‍ വെടിക്കെട്ട് നടത്താന്‍ ഇതുവരെ അനുമതി കിട്ടിയില്ല എന്നാണറിയുന്നത്. അതിനെതിരെ അവിടത്തെ പൂരപ്രേമികളും തിരെഞ്ഞടുപ്പ് ബഹിഷ്‌കരണം എന്ന ഭീഷണി മുഴക്കിക്കഴിഞ്ഞു. അവിടത്തെ പൂരപ്രേമികളുടെ വിലപേശല്‍ ശക്തി ഈ ഞായറാഴ്ചയോടെ അറിയും.

നിയമവാഴ്ച്ചക്കെതിരെയുള്ള ഒരു കൂട്ടം ആളുകളുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങുക എന്ന ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലാത്തകാര്യമാണ് തൃശ്ശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ നടന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ഉയര്‍ത്തിയ പൂരപ്രേമികള്‍  ഒറ്റ നോട്ടത്തില്‍ അരാഷ്ട്രീയ കൂട്ടമാണു എന്ന് തോന്നാമെങ്കിലും സൂക്ഷ്മ നോട്ടത്തില്‍ അവരില്‍ ഒരു വിഭാഗത്തിനെ നയിക്കുന്നത് സംഘരാഷ്ട്രീയമാണു എന്ന് കാണാം. അത്തരം ഒരു കൂട്ടത്തിനെ സ്വാധീനിക്കുക വഴി ഏത് വിധേനയും പൊതുജന സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്ന ബിജെപി തന്ത്രത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാന്‍. ഇവരുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം ഒരു രാഷ്ട്രീയ സമ്മര്‍ദ്ധ തന്ത്രം ആയാണു വര്‍ത്തിച്ചത്. പൂരപ്രേമികളിലെ ചിലരെ എങ്കിലും തങ്ങളുടെ പാളയത്തില്‍ എത്തിക്കുന്നതില്‍ ഇവര്‍ വിജയിച്ചോ എന്നത് ഇതുവരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. അതിന്റെ ഫലം അറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാക്കാം.

ഈ ആഴ്ച പെരുമ്പാവൂരില്‍ ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയുടെ അതിക്രൂര കൊലപാതകത്തിനു കേരളം സാക്ഷിയായി. കൊല നടന്ന് 5 ദിവസത്തോളം കഴിഞ്ഞാണ് പൊതുമാധ്യമങ്ങള്‍ ഈ വാര്‍ത്ത അതിന്റെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതും സോഷ്യല്‍ മീഡിയകളില്‍ ആളുകളുടെ ശ്രദ്ധ ഈ വാര്‍ത്തയില്‍ പതിഞ്ഞു എന്നും ഇനിയും തമസ്‌കരിക്കുന്നത് അബദ്ധമാണു എന്നും മനസ്സിലാക്കിയതിനു ശേഷം മാത്രമാണു അവര്‍ ഈ വാര്‍ത്തക്ക് പ്രാധാന്യം കൊടുത്തത്. അതിവേഗ നടപടി എടുക്കേണ്ടിയിരുന്ന പോലീസ് നിഷ്‌ക്രിയരായി നിന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടത് ഒരു വിദഗ്ദ്ധ ഡോക്ടറാണ് എന്ന നിയമം കാറ്റില്‍ പറത്തി പിജി വിദ്യാര്‍ത്ഥിയെക്കൊണ്ട് ചെയ്യിച്ചതില്‍ നിന്നും എത്രമാത്രം നിസ്സംഗതയാണു അധികാരവര്‍ഗ്ഗം സ്ത്രീകളോട് പൊതുവേയും ദളിത് വിഭാഗങ്ങളോട് പ്രത്യേകിച്ചും പെരുമാറുന്നതെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേട് പകല്‍ പോലെ നാമെല്ലാം കണ്ടതാണ്.  ഈ സംഭവ വികാസവുമായി നടന്ന ചര്‍ച്ചകളില്‍ ഒന്നിലാണ് ഒരു വ്യക്തി കേരളത്തിലെ എല്ലാ സ്ത്രീകളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം എന്ന ആവശ്യം മുന്നോട്ട് വെയ്ക്കുന്നത്.  ഒരുപക്ഷെ ഇതുവരെ വന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളില്‍ ഏറ്റവും അപകടം പിടിച്ച ഒന്നായാണു ഇതിനെ കാണേണ്ടത്. അഞ്ച് കൊല്ലമായി അഴിമതിയും, കൊടുകാര്യസ്ഥതയും നുണയും മാത്രം കൊണ്ട് നടക്കുന്ന ഒരു സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണു വേറൊരു അപകടകരമായ നിസ്സംഗത ഭരണകൂടം കാണിച്ചത്. ഈ അവസ്ഥയില്‍ ആണു  ഗവണ്‍മെന്റിനെതിരെ വോട്ട് ചെയ്ത് പ്രതിഷേധിക്കൂ എന്ന സ്വാഭാവിക പ്രതികരണത്തിന് പകരം വോട്ട് ബഹിഷ്‌കരിക്കൂ എന്ന ആഹ്വാനം വരുന്നത്. ഈ ആഹ്വാനം ആരെ സഹായിക്കാനാണെന്ന് ആരും ചോദിച്ചുപോകും. കേരളത്തില്‍ പൊതുവെ (ഇടതായാലും, വലതായാലും, ഈ അടുത്തകാലത്ത് രൂപം കൊണ്ട് തീവ്ര വലതായാലും) രാഷ്ട്രീയപക്ഷത്തുള്ളവര്‍ ഏതുവിധേനെയും സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരാണ്. അവര്‍ എന്തായാലും ഈ ആഹ്വാനം വകവെക്കാന്‍ പോകുന്നില്ല. മറിച്ച് അതാതുകാലത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങള്‍ അനുസരിച്ച് വോട്ട് ചെയ്യുന്ന ഒരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. പലപ്പോഴും ഇവരുടെ വോട്ടുകളാണു ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ബോധപൂര്‍വ്വമാണെങ്കിലും അല്ലെങ്കിലും അത്തരം അരാഷ്ട്രീയരായ വോട്ടര്‍മാരെ ലക്ഷ്യം വെച്ചാണു മേല്‍പ്പറഞ്ഞ ഈ ഇലക്ഷന്‍ ബഹിഷ്‌കരണം എന്ന ആശയം തൊടുത്ത് വിടപ്പെട്ടത്. ഭരണവിരുദ്ധ വികാരങ്ങള്‍ ഉച്ഛസ്ഥായിയില്‍ നില്‍ക്കെ ഭരണപക്ഷത്തിനു എതിരായി വീഴേണ്ട വോട്ടുകളെ ബഹിഷ്‌കരണം വഴി യൂ ഡി എഫിനു അനുകൂലമാക്കുന്ന ഒരു പ്രവര്‍ത്തിയാണു കേരളത്തിലെ സ്ത്രീകളോട് ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടത് മൂലം ആ വ്യക്തി ചെയ്തിരിക്കുന്നത്. പുരോഗമന ചിന്താഗതിയുള്ള ഒരാള്‍ ഇത്തരം ഒരു പിന്തിരിപ്പന്‍ ആഹ്വാനം നടത്തിയത് ശരിയാണോ എന്ന് അവര്‍ ചിന്തിക്കട്ടെ. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണോ വേണ്ടേ എന്നത് അതാത് വ്യക്തികള്‍ തീരുമാനിക്കട്ടെ, പക്ഷെ ഒരു നികൃഷ്ട ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന സന്ദര്‍ഭത്തില്‍ നിശ്ശബ്ദരായിരിക്കുക എന്നത് നീതികേടാണ്. അങ്ങനെ നിശ്ശബ്ദരായിരിക്കുന്നവര്‍ അനീതിക്കൊപ്പമാണു നില്‍ക്കുന്നത് എന്ന് തിരിച്ചറിയുക.  ജനാധിപത്യബോധമുള്ള വോട്ടര്‍മാര്‍ ഈ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനത്തെ അത് അര്‍ഹിക്കുന്ന രീതിയില്‍ തള്ളിക്കളയും എന്ന് പ്രത്യാശിക്കുന്നു.