'കമ്മട്ടിപ്പാടം' ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്യാംഗ്സ്റ്റര്‍ സിനിമകളില്‍ ഒന്നെന്ന് അനുരാഗ് കശ്യപ്

ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് രംഗത്ത്‌ എത്തിയിരിക്കുകയാണ്

ദുല്‍ഖറിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമയിലെ പല പ്രമുഖരും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് രംഗത്ത്‌ എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗ്യാംഗ്സ്റ്റര്‍ സിനിമകളില്‍ ഒന്നാണ് കമ്മട്ടിപ്പാടം എന്നാണു അനുരാഗ് കശ്യപ്  തന്റെ ട്വിറ്റെര്‍ പേജിലൂടെ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ രാജീവ് രവിയെ അഭിനന്ദിക്കാനും അനുരാഗ് കശ്യപ് മറന്നില്ല.




ആദ്യം 'കമ്മട്ടിപ്പട്ടം' എന്ന് തെറ്റായി ട്വീറ്റ് ചെയ്ത കശ്യപ് പിന്നീട് അത് തിരുത്തി 'കമ്മട്ടിപ്പാടം' എന്ന് തന്നെ ട്വീറ്റ് ചെയ്തു. 'ദേവ് ഡി', 'ഗ്യാങ്‌സ് ഓഫ് വസൈപൂര്‍', 'ബോംബെ വെല്‍വറ്റ്' തുടങ്ങി അനുരാഗ്  സംവിധാനം ചെയ്തതും നിര്‍മ്മിച്ചതുമായ ബോളിവുഡ് ചിത്രങ്ങള്‍ക്ക് രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.അനുരാഗ് കശ്യപ് സംവിധാനം ചെയ്ത്  2010ല്‍ പുറത്തിറങ്ങിയ  'ദേവ് ഡി'  എന്ന ചിത്രത്തിലൂടെ മികച്ച സിനിമാറ്റോഗ്രാഫര്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും രാജീവ് രവി സ്വന്തമാക്കിയിട്ടുണ്ട്.