അജയ് ദേവ്ഗണിന്‍റെ പുതിയ ചിത്രം 'ശിവായ്' നിയമകുരുക്കില്‍

ചിത്രത്തിന്‍റെ പോസ്റ്റര്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചു ഒരു കൂട്ടം ഹിന്ദു മത വിശ്വാസികള്‍ ചിത്രത്തിനെതിരെ പരാതി ഫയല്‍ ചെയ്തിരിക്കുകയാണ്

അജയ് ദേവ്ഗണിന്‍റെ പുതിയ ചിത്രം

അജയ് ദേവ്ഗണ്‍ നായകനും സംവിധായകനുമാകുന്ന പുതിയ ചിത്രം 'ശിവായ്' നിയമകുരുക്കില്‍. കഴിഞ്ഞ വാരം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്.

പോസ്റ്റര്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചു ഒരു കൂട്ടം ഹിന്ദു മത വിശ്വാസികള്‍ ചിത്രത്തിനെതിരെ ഡല്‍ഹി തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍  പരാതി  ഫയല്‍ ചെയ്തിരിക്കുകയാണ്. പോസ്റ്ററില്‍  അജയ് അവതരിപ്പിക്കുന്ന കഥാപാത്രം ഭഗവാന്‍ പരമ ശിവന്‍റെ മഞ്ഞ് കൊണ്ടുള്ള  വിഗ്രഹ രൂപത്തിലേക്ക് ഷൂസ് അണിഞ്ഞ കാലുമായി ചവുട്ടിനില്‍ക്കുന്ന രംഗമാണ് അവരെ ചൊടിപ്പിച്ചത്. ഇത് ഹിന്ദു മതത്തെയും ഭഗവാന്‍ ശിവനെയും അവഹേളിക്കുന്നതിന് തുല്ല്യമാണെന്നാണ് അവരുടെ ആരോപണം. എന്നാല്‍ പോസ്റ്ററിന്റെ പേരില്‍ ആരോടും ക്ഷമ ചോദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് അജയ് ദേവ്ഗണ്‍. ബോധപൂര്‍വ്വം ഒരു മതത്തെയും അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ഇതിന്റെ പേരില്‍ മാപ്പ് പറയാന്‍ തക്ക കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അജയ് മാധ്യമങ്ങളോട് വ്യക്തമാക്കി.

'യു മി ഓര്‍ ഹം' എന്ന ചിത്രത്തിന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാകും 'ശിവായ്'. ആക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം നിര്‍മ്മിക്കുന്നതും അജയ് തന്നെയാണ്. സയെഷ സൈഗാള്‍, വീര്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വര്‍ഷം ഒക്ടോബര്‍ 28-ന് തീയറ്ററുകളില്‍ എത്തും.