'ശ്വാസം' മുട്ടുന്നു ...സാരമില്ല, പോക്കറ്റില്‍ പണമുണ്ടെല്ലോ !

യാത്ര പുറപ്പെടും മുമ്പ്, വെളളം കരുതിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് നമ്മൾ വീടിന് പുറത്തേക്കിറങ്ങുന്നത്. ഇനി അതിനൊപ്പം ഒന്നു കൂടി... ശ്വസിക്കുവാനുള്ള വായു കരുതിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ അത് വാങ്ങുവാനുള്ള പണമെങ്കിലും ..

ഇനി ശ്വസിക്കുവാൻ വേണ്ട വായുവും നമ്മുക്ക് വില കൊടുത്തു വാങ്ങാം.

ശുദ്ധവായു ലഭിക്കാത്ത ആളുകടെ എണ്ണത്തില്‍ ഉണ്ടായ  വർദ്ധനവ്  ലോക ആരോഗ്യ സംഘടന(WHO)യുടെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ വിവരിക്കുന്നുണ്ട്. പട്ടണപ്രദേശങ്ങളിൽ താമസിക്കുന്നവരിൽ 80 ശതമാനത്തിലധികം ആളുകളാണ് ഈ ദുരവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്നത്.

ദരിദ്ര രാജ്യങ്ങളിലെ നഗരവാസികൾക്കാണ് ശുദ്ധ വായുവിന്റെ അലഭ്യത രൂക്ഷമായിരിക്കുന്നതെന്ന് WHOവിലയിരുത്തുന്നു. ഇവിടെയുള്ളവരിൽ 98% ലധികം പേരും ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്ന നിലവാരമില്ലാത്ത വായുവിന്റെ ഉപഭോക്താക്കളാണ്.


ശുദ്ധവായും ലോക വിപണിയിൽ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കേൾക്കുമ്പോൾ ആദ്യം അസംഭവ്യമെന്ന് തോന്നുമെങ്കിലും കാര്യങ്ങൾ യാഥാർത്ഥ്യമാണ്. കുപ്പിയിലടച്ചു സീൽ ചെയ്ത ശുദ്ധവായുവിന് വില അൽപം കൂടുമെങ്കിലും ആവശ്യക്കാരേറുന്നതായാണ് കണക്ക്. ബ്രിട്ടണിലെ മല മുകളിൽ നിന്നും ശേഖരിക്കുന്ന ഒരു കുപ്പി ശുദ്ധവായുവിന് ഏകദേശം 8000 രൂപ ഇന്ത്യൻ നിരക്കിൽ വില വരും എന്നാണ് കണക്കാക്കപ്പെടുന്നത്. മറ്റെല്ലാ ബിസിനസ്സുകളിൽ ഉള്ളത് പോലെ ഹോൾസെയിൽ പർച്ചേസിന് വില അൽപ്പം കുറയും. ആവശ്യക്കാർക്ക് വീടുകളിൽ ഇത് വാങ്ങി സൂക്ഷിക്കാവുന്നതാണ്. ശ്വാസമില്ലാതെ ജീവിതമില്ലെല്ലോ.

ചൈനയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ബെയ്ജിംഗിൽ ഷാൻഹായിയിലും ശുദ്ധവായു വിൽപ്പന പൊടിപൊടിക്കുന്നുണ്ട്. ഇതര രാജ്യങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും സംഭരിക്കുന്ന ശുദ്ധവായു ചെറിയ ടിന്നുകളിലാക്കി ഇവിടെ വിൽപ്പനയ്ക്കെത്തിക്കുന്നു.

canada-selling-hand-bottled-air-polluted-chinese-cities

ശ്യൂനമായതിൽ പോലും വായുവിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നു പഠിച്ച ശാസ്ത്രത്തെ തിരുത്തുവാൻ കാലമായിരിക്കുന്നു. തങ്ങളുടെ ഈ കുപ്പികളിൽ സ്വഭാവിക വായുമല്ല, ശുദ്ധവായു ഉണ്ടെന്നാണ് കച്ചവടക്കാരുടെ അവകാശവാദം. അന്തരീക്ഷ മലിനീകരണം ശ്വാസം മുട്ടിക്കുന്ന ജനത കുപ്പിയിലെത്തുന്ന ശ്വാസത്തിനായി കാത്തിരിക്കുന്നത് എത്ര വിചിത്രമായ ഒരു കാര്യമാണ്.

ഹോങ്കോങ് സ്വദേശിയായ ഡീ വാറ്റ്‌സണ്‍ ഈതര്‍ എന്ന ശുദ്ധവായു കമ്പനി ആരംഭിച്ചിട്ട് നാളുകളായി. കമ്പനി ഒരു വര്‍ഷമായി വിവിധ സ്ഥലങ്ങളിലേക്ക് ശുദ്ധ വായു കയറ്റി അയക്കുന്നു. വായു ശേഖരിക്കുന്നതിനും ഇവര്‍ക്ക് ചില രീതികളുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് വായു ശേഖരണം ആരംഭിക്കുന്നത്. വല കെട്ടിയ നീളമുള്ള കമ്പി കൊണ്ടാണ് വായു വീശി പിടിക്കുക. വായു ചോര്‍ന്ന് പോകാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്ന പ്രത്യേക കുപ്പിയും ഇവര്‍ നിർമ്മിച്ചിട്ടുണ്ട് പോലും.

air-gricultural_wo_3568436b

അന്തരീക്ഷ മലീനകരണത്തിന് പല കാരണങ്ങളാണ് WHOയുടെ കോർഡിനേറ്റർ കാർലോസ് ചൂണ്ടി കാണിക്കുന്നത്. വാഹന പെരുപ്പം സൃഷ്ടിക്കുന്ന മലിനീകരണം തന്നെയാണ് പ്രധാനമായത്. വാഹന വിൽപ്പനയുടെ ഉയർന്ന തോത് ആവശ്യപ്പെടുന്നത് മികച്ച ഗതാഗത സൗകര്യങ്ങൾ മാത്രമായിരിക്കരുത്. ജീവിക്കുവാനുള്ള ശ്വാസം തടഞ്ഞു നിർത്തുന്ന വികസനത്തെ കുറിച്ചുള്ള കാഴ്ചപാടുകളും മാറേണ്ടതുണ്ട്. സൈക്ലിംഗും,നടയാത്രയും പ്രോത്സാപ്പിക്കുന്ന നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം അത്ര രൂക്ഷമല്ല എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

air-pollution-cars-1

അന്തരീക്ഷ മലിനീകരണത്തിന് ഹേതുവാകുന്ന മറ്റ് ഒരു പ്രധാന കാരണം, വർദ്ധിച്ച എ.സി / ഹീറ്റർ ഉപയോഗമാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. പ്രകൃതിയുടെ സ്വാഭാവികതയെ വെല്ലുവിളിച്ച മനുഷ്യർ വീണ്ടും തെറ്റുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. എ. സി യിൽ നിന്നും, ഹീറ്ററിൽ നിന്നും പുറന്തള്ളുന്ന വായു മറ്റൊരു ജീവജാലം ഉപയോഗിക്കുന്നതെങ്ങനെ?

മാലിന്യ നിർമ്മാർജനത്തിനുപയോഗിക്കുന്ന പല മാർഗ്ഗങ്ങളും ശുദ്ധവായു ലഭ്യത ഇല്ലാതാക്കുന്നു. പരസ്യമായ മാലിന്യ നിക്ഷേപം, അവ സംസ്ക്കരിക്കുന്നതിനു സ്വീകരിക്കുന്ന മാർഗ്ഗങ്ങളും പലപ്പോഴും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു. മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതും, ഫാക്ടറികളിൽ നിന്നുമുള്ള പുക മാലിന്യങ്ങൾ ഏറെ ഉയരത്തിൽ ആകാശത്തേയ്ക്ക് നിക്ഷേപിക്കുന്നതും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ സ്വീകരിക്കുവാൻ സമയമായി.

അന്തരീക്ഷമലിനീകരണം തടയുന്ന പ്രകൃതിയുടെ സ്വാഭാവികതയെ മനുഷ്യന്‍ പണ്ടേ നശിപ്പിച്ചിരുന്നെല്ലോ. കണ്ടല്‍കാടുകള്‍ വെട്ടി മാറ്റിയും, ഉയര്‍ന്ന മലകളെ ഇടിച്ചു താഴ്ത്തിയും മനുഷ്യന്‍ സ്വയം അവന്‍റെ കഴുത്തിലെ പിടി മുറുക്കി.

ശുദ്ധജലം വാങ്ങുന്നതിനെ കുറിച്ചു പണ്ട് നമ്മൾ അസംഭവ്യം എന്ന് പറഞ്ഞിരുന്ന കാലം ഓർമ്മകളിൽ അത്ര പഴയതല്ല. ഒടുവിൽ വേനൽ കടുത്തപ്പോൾ, പ്രകൃതി കനിയാതെയിരുന്നപ്പോൾ നമ്മൾ വെള്ളം തേടി പാഞ്ഞു. യാത്ര പുറപ്പെടും മുമ്പ്, വെളളം കരുതിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് നമ്മൾ വീടിന് പുറത്തേക്കിറങ്ങുന്നത്. ഇനി അതിനൊപ്പം ഒന്നു കൂടി... ശ്വസിക്കുവാനുള്ള വായു കരുതിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ അത് വാങ്ങുവാനുള്ള പണമെങ്കിലും ..

രാജ്യങ്ങളും സംസ്ഥാനങ്ങളും ആകാശത്ത് അവരുടെ അതിർവരമ്പുകൾ കെട്ടി ഉയർത്തട്ടെ. ശ്വസിക്കാനില്ലാതെ ജീവിക്കാനാവില്ലെല്ലോ.

ശ്വാസം മുട്ടുന്നു ...സാരമില്ല, പോക്കറ്റില്‍ പണമുണ്ടെല്ലോ..

പോക്കറ്റിലെ പണം എണ്ണി കൊടുക്കുവാനുള്ളവർ വായുവും, വെള്ളവും വെളിച്ചവും വാങ്ങട്ടെ ... അതില്ലാത്തവർക്ക് ജീവിക്കുവാൻ എന്തവകാശം?