സൗജന്യ സേവനങ്ങളും സൗകര്യങ്ങളുമായി എഐഎഡിഎംകെ പ്രകടന പത്രിക

കഴിഞ്ഞ ദിവസം ഈറോഡില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലെ ജയലളിതയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു, 'അമ്മയ്ക്കറിയാം തന്റെ കുഞ്ഞുങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന്. എന്റെ സര്‍ക്കാരില്‍ നിന്നും നിങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും ലഭിക്കും'.

സൗജന്യ സേവനങ്ങളും സൗകര്യങ്ങളുമായി എഐഎഡിഎംകെ പ്രകടന പത്രിക

ചെന്നൈ: എഐഎഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. വന്‍ വാഗ്ദാനങ്ങളാണ് പത്രികയില്‍ പറഞ്ഞിരിക്കുന്നത്. എല്ലാ രണ്ട് മാസത്തിലും നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി, സ്‌കൂട്ടര്‍ വാങ്ങിക്കാന്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സബ്‌സിഡി അടക്കമുള്ള കാര്യങ്ങളാണ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീകളേയും വിദ്യാര്‍ത്ഥികളേയും കര്‍ഷകരേയും ലക്ഷ്യം വെച്ചുള്ള പത്രികയാണ് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്.

പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍നെറ്റ് കണക്ഷനോടുകൂടി സൗജന്യ ലാപ്‌ടോപ്പ്, വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് എട്ട് ഗ്രാം സൗജന്യ സ്വര്‍ണം, റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കെല്ലാം സൗജന്യ സെല്‍ഫോണ്‍, പ്രസവാവധി ആറ് മാസത്തില്‍ നിന്നും ഒമ്പത് മാസമായി വര്‍ധിപ്പിക്കും, പ്രസവ ശുശ്രൂശയ്ക്കായി 18,000 രൂപ, അടുത്ത അഞ്ച് വര്‍ഷത്തേക്ക് 40,000 രൂപ കാര്‍ഷിക വായ്പ എന്നിവയടക്കമുള്ള കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ജയലളിത  വാഗ്ദാനം ചെയ്യുന്നത്.


മെയ് 16 നാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഈറോഡില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലെ ജയലളിതയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു, 'അമ്മയ്ക്കറിയാം തന്റെ കുഞ്ഞുങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന്. എന്റെ സര്‍ക്കാരില്‍ നിന്നും നിങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും ലഭിക്കും'.

എഐഎഡിഎംകെയുടെ പ്രധാന എതിരാളിയായ ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി രണ്ടാഴ്ച്ച കഴിഞ്ഞാണ് പാര്‍ട്ടി പത്രിക പുറത്തിറക്കുന്നത്. 14 അംഗ സംഘമാണ് പത്രിക തയ്യാറാക്കിയത്.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍:

1. എല്ലാ കുടുംബത്തിലെയും ഒരാള്‍ക്ക് വീതം ജോലി

2. മത്സ്യതൊഴിലാളികള്‍ക്കുള്ള സാമ്പത്തിക സഹായത്തില്‍ 5000 രൂപയുടെ വര്‍ധനവ്.

3. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങിക്കാന്‍ 50 ശതമാനം സബ്‌സിഡി.

4. എല്ലാ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം

5. തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ വിദ്യാഭ്യാസ വായ്പ സര്‍ക്കാര്‍ അടക്കും

6. വിവാഹത്തിന് എട്ട് ഗ്രാം സ്വര്‍ണം നല്‍കും

7. സര്‍ക്കാര്‍ ജോലിക്കാരുടെ പെന്‍ഷന്‍ തുടരും.

8. സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള ഭവനവായ്പ 40 ലക്ഷമായി വര്‍ധിപ്പിക്കും.

9. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് 18000 രൂപയുടെ ധനസഹായം.

10. പ്രസവാവധി ഒമ്പത് മാസമായി വര്‍ധിപ്പിക്കും.