വാഗ്ദാന പെരുമഴയായി ബിജു രമേശിന്റെ പ്രകടന പത്രിക; എല്ലാ വീടുകളിലും ഗൃഹോപകരണങ്ങള്‍, പെണ്‍കുട്ടികളുടെ വിവാഹത്തിന് 25000 രൂപ ധനസഹായം

പെണ്‍കുട്ടികളുടെ വിവാഹത്തിന് 25000 രൂപയും നാല് ഗ്രാം സ്വര്‍ണവുമാണ് മറ്റൊരു വാഗ്ദാനം. ബിരുദധാരികളായ പെണ്‍കുട്ടികളാണെങ്കില്‍ 50,000 രൂപയും സ്വര്‍ണവും നല്‍കും. മാത്രമല്ല, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും സൈക്കിളും നല്‍കും.

വാഗ്ദാന പെരുമഴയായി ബിജു രമേശിന്റെ പ്രകടന പത്രിക; എല്ലാ വീടുകളിലും ഗൃഹോപകരണങ്ങള്‍, പെണ്‍കുട്ടികളുടെ വിവാഹത്തിന് 25000 രൂപ ധനസഹായം

തിരുവനന്തപുരം: തമിഴ്‌നാട് മോഡല്‍ സഹായ വാഗ്ദാനങ്ങളുമായി എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ബിജു രമേശിന്റെ പ്രകടന പത്രിക. മണ്ഡലത്തിലെ എല്ലാ വീടുകളിലും ടിവിയും ഫ്രിഡ്ജും മിക്‌സിയും തയ്യല്‍ മെഷീനും അടക്കമുള്ള ഗൃഹോപകരണങ്ങള്‍ നല്‍കുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം.

കൂടാതെ, പെണ്‍കുട്ടികളുടെ വിവാഹത്തിന് 25000 രൂപയും നാല് ഗ്രാം സ്വര്‍ണവുമാണ് മറ്റൊരു വാഗ്ദാനം. ബിരുദധാരികളായ പെണ്‍കുട്ടികളാണെങ്കില്‍ 50,000 രൂപയും സ്വര്‍ണവും നല്‍കും. മാത്രമല്ല, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും സൈക്കിളും നല്‍കും.


സ്ത്രീ സൗഹാര്‍ദ്ദ വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങള്‍, നഗരങ്ങളില്‍ ടോയ്‌ലറ്റ് സംവിധാനം, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യമായി വള്ളവും വലയും.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മാസം 20 കിലോ അരി, പെണ്‍കുഞ്ഞ് ജനിച്ചാല്‍ കുഞ്ഞിന്റെ പേരില്‍ 30,000 രൂപ ബാങ്ക് നിക്ഷേപം, ഗര്‍ഭിണികള്‍ക്ക് പ്രസവ ചിലവിന് 32,000 രൂപയും 1500 രൂപ വില വരുന്ന കിറ്റ്, പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാല് സെറ്റ് യൂണിഫോം, സ്‌കൂള്‍ ബാഗ്, ഷൂ, കുട എന്നിവ നല്‍കും.

എണ്‍പത് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍, ഭവന രഹിതര്‍ക്ക് വീട് നിര്‍മിക്കാന്‍ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം തുടങ്ങി വാഗ്ദാനങ്ങളുടെ പെരുമഴയാണ് പ്രകടന പത്രികയിലുള്ളത്.

അമ്മ കാന്റീന്‍ മോഡലില്‍ സൗജന്യ നിരക്കില്‍ ഭക്ഷണം, അമ്മ സിമന്റ്, അമ്മ കുടിവെള്ളം, എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കും. എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

Read More >>