"പിന്നെയും" തീവ്രമായ പ്രണയത്തിന്‍റെ കഥ; അടൂര്‍ ഗോപാല കൃഷ്ണന്‍

8 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന 'പിന്നെയും' തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

"പിന്നെയും" തീവ്രമായ പ്രണയത്തിന്‍റെ കഥ; അടൂര്‍ ഗോപാല കൃഷ്ണന്‍

8 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന 'പിന്നെയും' തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. കാവ്യ മാധവനും ദിലീപും നായികാനായകന്മാരാകുന്ന ചിത്രം തീവ്രമായ പ്രണയകഥയാണ് പറയുന്നത്.

ലൊക്കേഷനില്‍ വെച്ച് നാരദ ന്യൂസിനോട് സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിന്റെ കഥയും ഇതിവൃത്തവും എന്തെന്നുള്ള ചോദ്യത്തില്‍ നിന്നും  ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. കഥ ഇപ്പോഴേ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രണയ കഥയായിരിക്കും ചിത്രം പറയുക എന്ന് മാത്രമേ തല്‍ക്കാലം പറയാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പഴയ ചിത്രങ്ങളില്‍ നിന്നും എത്രത്തോളം വ്യത്യസ്തത പുലര്‍ത്തുന്നതാകും പുതിയ ചിത്രം എന്ന ചോദ്യത്തിന് താന്‍ ഒരേപോലുള്ള രണ്ട് ചിത്രങ്ങള്‍ ഒരിക്കലും ചെയ്യാറില്ലെന്നും അങ്ങനെ ചെയ്‌താല്‍ തനിക്കു ഉണ്ടാവുന്ന വിരസത പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നു കൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു അടൂരിന്‍റെ പ്രതികരണം.


Card


ചിത്രത്തിന്റെ മറ്റൊരു സവിശേഷത ഏറെക്കാലത്തിനു ശേഷം ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിക്കുന്നു എന്നതാണ്. ഷൂട്ടിംഗിന്‍റെ ഇടവേളയില്‍ നാരദ ന്യൂസിനോട് സംസാരിച്ച ദിലീപ് പഴയ ഒരു ഓര്‍മ്മ പങ്കുവയ്ക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്കു മുന്പ് 'പഞ്ചാബി ഹൗസ്' എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം അടൂരിന്റെ ചിത്രത്തില്‍ ഒരു അവസരം തേടി താന്‍ പോയിരുന്നുവെന്നു വെളിപ്പെടുത്തിയ ദിലീപ് വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ ആഗ്രഹം സഫലമായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അടൂര്‍ ഗോപാലകൃഷ്ണനും ബേബി തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്തുകൊണ്ട് പരിമിതമായ കച്ചവട സാദ്ധ്യതകളുള്ള 'പിന്നേയും' പോലുള്ള ഒരു അടൂര്‍ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായി എന്ന ചോദ്യത്തിന് ബേബി തോമസിന്‍റെ മറുപടി ഇപ്രകാരമായിരുന്നു -" സാമ്പത്തിക  ലാഭം മുന്നില്‍ കണ്ടല്ല ഞാന്‍ നിര്‍മ്മാതാവാകുന്നത്. മറിച്ച് കലാമൂല്യവും വ്യത്യസ്തതയുമുള്ള ചിത്രങ്ങള്‍ക്ക് പ്രചാരം നല്കുക എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്".

തിരുവനന്തപുരത്തും ശാസ്താംകോട്ടയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഉടന്‍ തന്നെ തീയറ്ററുകളില്‍ എത്തും.