പ്രവര്‍ത്തന ശൈലി കൊണ്ടും വികസന കാഴ്ച്ചപ്പാടിലൂടെയും ശ്രദ്ധേയമായ വ്യക്തിത്വം; എംഎല്‍എ സി രവീന്ദ്രനാഥ് നാരദ ന്യൂസിനോട് മനസ്സ് തുറക്കുന്നു

പ്രവര്‍ത്തന ശൈലി കൊണ്ടും സുസ്ഥിര വികസന കാഴ്ച്ചപ്പാടിലൂടെയും പാര്‍ട്ടിയിലെ തന്നെ ശ്രദ്ധേയമായ വ്യക്തിത്വം, മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുക്കാട് എം എല്‍ എ സി രവീന്ദ്രനാഥ് നാരദ ന്യൂസിനോട് തന്റെ വികസന രഹസ്യങ്ങള്‍ പങ്കു വെക്കുന്നു.

പ്രവര്‍ത്തന ശൈലി കൊണ്ടും  വികസന കാഴ്ച്ചപ്പാടിലൂടെയും ശ്രദ്ധേയമായ വ്യക്തിത്വം; എംഎല്‍എ സി രവീന്ദ്രനാഥ് നാരദ ന്യൂസിനോട് മനസ്സ് തുറക്കുന്നു

തൃശൂര്‍: പുതുക്കാട് നിന്ന് മൂന്നാമതും വിജയിച്ച എം എല്‍ എ സി രവീന്ദ്രനാഥ് ഇത്തവണ മന്ത്രിയാവുമെന്ന്    ഒരു പക്ഷെ പാര്‍ട്ടി തീരുമാനിക്കുന്നതിന് മുമ്പ് തന്നെ പ്രഖ്യാപിച്ചത് സോഷ്യല്‍ മീഡിയയാണ്.

വിദ്യാഭ്യാസ വകുപ്പ് കിട്ടുമെന്ന്  പ്രഖ്യാപിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. പ്രവര്‍ത്തന ശൈലി കൊണ്ടും സുസ്ഥിര വികസ കാഴ്ച്ചപ്പാടിലൂടെയും പാര്‍ട്ടിയിലെ തന്നെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അദ്ദേഹം. പുതുക്കാടുള്ള സിപിഐഎമ്മിന്റെ ഓഫീസില്‍ വെച്ചാണ് നാരദ ന്യൂസ് ടീം രവീന്ദ്രനാഥിനെ കണ്ടത്.


വരുന്ന കാര്യം മുന്‍കൂട്ടി അദ്ദേഹത്തെ അറിയിച്ചിരുന്നു. സ്വീകരണ പരിപാടികളുടെ തിരക്കുണ്ട്, അതിനിടയില്‍ കുറച്ചു സമയം പാര്‍ട്ടി ഓഫീസിലെത്തിയതാണ്. ശക്തമായ തലവേദനയുണ്ട്. പാരസെറ്റമോള്‍ കഴിച്ചിട്ടും കുറവില്ല എന്നു പറഞ്ഞാണ് അദ്ദേഹം സംസാരം തുടങ്ങിയത്.

പുതുക്കാട് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് അദ്ദേഹം എം എല്‍ എയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു ജനകീയനായി അദ്ദേഹം മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികള്‍ പോലും ഈ ജനകീയത  അംഗീകരിക്കുന്നുണ്ട്. എല്ലാവരും അംഗീകരിക്കുന്ന ആ പ്രവര്‍ത്തന ശൈലിയെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. ഒരു ചോദ്യത്തിന് തന്നെ അദ്ദേഹം നല്‍കിയ ഉത്തരം പിന്നെ ചോദിക്കാനുള്ള കുറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയായിരുന്നു.

'മണ്ഡലത്തിലെ വികസന രഹസ്യം എന്നു പറയുന്നത് പ്രാദേശിക വികസനം സാധ്യമാക്കി അതിലൂടെ വരുത്തുന്ന സ്റ്റേറ്റിന്റെ വികസനമാണ്. മുകളില്‍ നിന്ന്   പദ്ധതികള്‍ താഴേക്ക് കെട്ടിയിറക്കുന്നതല്ല, താഴെ തലത്തില്‍ തന്നെ വികസന പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. പ്രാദേശികമായി മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നു. അപ്പോള്‍ വികസന പ്രക്രിയയില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം വരും.എല്ലാവര്‍ക്കും വെള്ളം, വെളിച്ചം, വീട്, തുടങ്ങിയ രീതിയില്‍ ഒരു ശ്ലോകം തന്നെ ഉണ്ടാക്കുന്നു. തുടര്‍ന്ന്  അതിലെ ആദ്യത്തെ പദ്ധതിയായ വെള്ളം എന്നതില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. തികച്ചും ജനകീയമായാണ് ഇതുണ്ടാക്കുന്നത്. അതിന് ശേഷം അടുത്ത പദ്ധതിക്കു വേണ്ടിയുള്ള കാര്യം ചെയ്യും. ജനകീയാസൂത്രണത്തിന്റെ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ജനകീയാസൂത്രണം പഞ്ചായത്ത് തലത്തിലാണ് ചെയ്യുതെങ്കില്‍ ഇത് മണ്ഡലം തലത്തില്‍ നടപ്പിലാക്കുന്ന വ്യത്യാസം മാത്രമേയുള്ളു. കേരളത്തില്‍ തോമസ് ഐസക് മാത്രമാണ് ഈ വിധത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്. സമാനമായ രീതിയാണ് പുതുക്കാടും ചെയ്യുന്നത്.
'

ഇത്തരം വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അഭിമുഖീകരിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞു. 'ഇങ്ങിനെ പ്രവര്‍ത്തിക്കുന്നത് ഒരു എം എല്‍ എ യുടെ പണിയല്ലെന്ന്  കരുതുന്നവരുണ്ട്. പഞ്ചായത്തുകള്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഒരു എം എല്‍ എ അതിനെ കോര്‍ഡിനേറ്റ് ചെയ്യുക, ശരിക്കും ഒരു എം എല്‍.എയുടെ റോള്‍ അതാണ്. ജനകീയാസൂത്രണത്തിന്റെ  സങ്കല്‍പ്പത്തില്‍ എം എല്‍ എയുടെ റോള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുക, പക്ഷെ ഭൂരിഭാഗം എം എല്‍ എ മാര്‍ക്കും ഇതറിയില്ല.

മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികളുടെ കൂട്ടത്തില്‍ ടെന്റര്‍ കഴിഞ്ഞിട്ടും തുടങ്ങി വെക്കാന്‍ കഴിയാത്ത നാലു പ്രധാന പദ്ധതികളെ കുറിച്ചും പറഞ്ഞു. ' പത്ത് വര്‍ഷമായി ജനങ്ങള്‍ കാത്തിരിക്കു പദ്ധതിയാണ്  ആറ്റപ്പിള്ളിപാലം, തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രധാന നാലു പദ്ധതികള്‍. ഇവയുടെ ടെണ്ടര്‍ കഴിഞ്ഞു. പക്ഷെ തുടങ്ങും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. അതു കൂടി തുടങ്ങി വെച്ചിരുെങ്കില്‍ ഭൂരിപക്ഷം ഇപ്പോഴുള്ള 38478 നെക്കാള്‍ ഒരു പാട് കൂടിയേനെ
എന്നദ്ദേഹം പറഞ്ഞു.

ത്യശൂര്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണ് രവീന്ദ്രനാഥിന്. കഴിഞ്ഞ തവണ ഈ ഭൂരിപക്ഷം 26482 വോട്ടായിരുന്നു. ഇത്തവണ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തുമെത്തുമെന്ന്  പറഞ്ഞിരുന്ന ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ടിനെക്കാള്‍ കൂടിയ ഭൂരിപക്ഷമാണ് രവീന്ദ്രനാഥിന് ലഭിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കൂടിയെങ്കിലും 14000 ത്തോളം വോട്ടാണ് ബി ജെ പിക്ക് ലഭിച്ചത്.

യു ഡി എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 6000 വോട്ട് കുറയുകയും ചെയ്തു.  ഭൂരിപക്ഷത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.

' കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടുമെന്ന്   അറിയാമായിരുന്നെങ്കിലും
ഇത്രയധികം വര്‍ദ്ധിക്കുമെന്ന്   കരുതിയില്ല. പക്ഷെ എതിര്‍പ്പുകള്‍ കുറവാണ് എന്നറിയാമായിരുന്നു. ടെണ്ടര്‍ കഴിഞ്ഞിരുന്ന നാലു പദ്ധതികളും തുടങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ഭൂരിപക്ഷം ഇതിലും കൂടുമായിരുന്നു. പുതിയതായി വന്ന വോട്ടുകള്‍ ഭൂരിഭാഗവും ഇടത് മുന്നണിക്കാണ് കിട്ടിയത്. കോണ്‍ഗ്രസ് വോട്ടുകളും കിട്ടി. മണ്ഡലത്തിലെ 78 സ്കൂളുകള്‍ ഹൈടെക്കായി. ന്യൂജനറേഷന്‍ വോട്ടും കൂടുതല്‍ കിട്ടിയിട്ടുണ്ട് 


നാരദ ന്യൂസ് രവീന്ദ്രനാഥിനെ കാണുമ്പോള്‍  മന്ത്രിസഭയിലേക്ക് പരിഗണിച്ചിരുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. തൃശൂര്‍ ജില്ലയില്‍ നിന്ന് എസി മൊയ്തീന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്. എങ്കിലും ഒരു സാധ്യത നിലനിര്‍ത്തി മന്ത്രിയായാല്‍ പ്രധാനമായും ചെയ്യാന്‍ ഉദ്ദേശിക്കു ന്ന കാര്യമെന്താണെന്ന്   ചോദിച്ചു. '
മന്ത്രിയാവു ന്നതും അല്ലാത്തതുമെല്ലാം തീരുമാനിക്കു ന്നത് പാര്‍ട്ടിയാണ്. ഇതുവരെ പാര്‍ട്ടി അങ്ങിനെ തീരുമാനിച്ചിട്ടില്ല. അതു കൊണ്ട് മന്ത്രിയായാല്‍ എന്തു ചെയ്യുമെന്ന കാര്യത്തിന് പ്രസക്തിയില്ലല്ലോ എന്നായിരുന്ന് മറുപടി
.

ഇനി മന്ത്രിയായാല്‍ ഉടന്‍ തന്നെ തിരക്കില്ലാത്ത ഒരു ദിവസം നോക്കി വിശദമായ ഒരു അഭിമുഖം തരണമെന്ന്  നാരദ ന്യൂസ് ആവശ്യപ്പെട്ടു. സന്തോഷത്തോടെ അത് സമ്മതിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്. മണിക്കൂറുകള്‍ക്കകം രവീന്ദ്രനാഥിനെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള  സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം വന്നു. തീരുമാനം ഉറപ്പിച്ച ശേഷം വിളിച്ചപ്പോള്‍ നാരദ ന്യൂസിനോട് അദ്ദേഹം നന്ദിയും സന്തോഷവും അറിയിച്ചു. പറഞ്ഞ പോലെ ഉടന്‍ തന്നെ മന്ത്രിയായ ശേഷമുള്ള വിശദമായ അഭിമുഖത്തിനും അവസരമൊരുക്കാമെന്നും പറഞ്ഞു.

Read More >>