പെലെയുടെ ജീവചരിത്രത്തിനു റെഹ്മാന്‍ നല്‍കിയ ഈണം വൈറല്‍ ആകുന്നു

ബ്രസീലിയന്‍ താളത്തില്‍ ഒരുക്കിയിരിക്കുന്ന ചടുലമായ ഈണം ഇതുവരെ കേട്ടിട്ടുള്ളത് 15 ലക്ഷത്തില്‍ അധികം ആളുകളാണ്.

പെലെയുടെ ജീവചരിത്രത്തിനു റെഹ്മാന്‍ നല്‍കിയ ഈണം വൈറല്‍ ആകുന്നു

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന് വേണ്ടി എ ആര്‍ റെഹ്മാന്‍ ഒരുക്കിയ ഈണം ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ബ്രസീലിയന്‍ താളത്തില്‍ ഒരുക്കിയിരിക്കുന്ന ചടുലമായ ഈണം ഇതുവരെ കേട്ടിട്ടുള്ളത് 15 ലക്ഷത്തില്‍ അധികം ആളുകളാണ്.

'പെലെ-ദി ബര്‍ത്ത് ഓഫ് എ ലെജന്‍റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനം എ ആര്‍ റെഹ്മാന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഗാനത്തിന്റെ വീഡിയോ അമ്പതിനായിരത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും  18000-ലേറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗാനം ആലപിച്ച അന്ന ബീറ്റ്‌റിസ് റഹ്മാന്റെ പോസ്റ്റിന് താഴെ മദ്രാസ് മൊസാര്‍ട്ടിന് നന്ദി പറഞ്ഞ് കമെന്റ് ചെയ്തിട്ടുണ്ട്. ബ്രസീലിയന്‍ സംസ്‌കാരം സംഗീതത്തിലൂടെ വരച്ചുകാട്ടിയ എ ആര്‍ റെഹ്മാന്‍റെ കൂടെ പ്രവര്‍ത്തിച്ചത് ദൈവാനുഗ്രമായി കാണുന്നുവെന്നും അന്ന കമന്‍റില്‍ പറയുന്നു.


ജെഫ് സിംബലിസ്റ്റും മൈക്കല്‍ സിംബലിസ്റ്റും ചേര്‍ന്ന് തിരക്കഥ എഴുതി 
സംവിധാനം ചെയ്യന്ന ചിത്രം  പെലെയുടെ ഫുട്ബോള്‍ ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഒരേപോലെ ഊന്നല്‍ കൊടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.   ചിത്രത്തില്‍ പെലെയായി വേഷമിടുന്നത് കെവിന്‍ ഡി പോളയെന്ന അമേരിക്കന്‍ നടനാണ്. വിന്‍സെന്റ് ഡി ഓനൊഫ്രിയൊ, ബ്രസീലിയന്‍ നടനായ റോഡ്രിഗൊ സന്റോറൊ, മെക്‌സിക്കന്‍ ഗായകനും നടനുമായ ഡീഗോ ബൊണെറ്റ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 'എ ബോയ് വിത്ത് നത്തിങ്, ഹു ചെയ്ഞ്ചഡ് എവരിതിങ്' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്ററൊരുക്കിയിരിക്കുന്നത്. മെയ് 13-ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.