എ ആര്‍ റെഹ്മാന് ജപ്പാനിലെ ഫുക്കുവോക്ക പുരസ്ക്കാരം

ഏഷ്യന്‍ സംസ്ക്കാരം കാത്തുസൂക്ഷിക്കുകയും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന പുരസ്ക്കാരമാണ് ഫുക്കുവോക്ക

എ ആര്‍ റെഹ്മാന് ജപ്പാനിലെ ഫുക്കുവോക്ക പുരസ്ക്കാരം

2016-ലെ ജപ്പാനിലെ ഫുക്കുവോക്ക പുരസ്ക്കാരം ഓസ്ക്കാര്‍ ജേതാവായ  എ ആര്‍ റെഹ്മാന്. ദക്ഷിണേന്ത്യന്‍ സംഗീതം ഏഷ്യയൊട്ടാകെ പ്രചരിപ്പിച്ചതിനുള്ള ആദരസൂചകമായാണ് ഈ പുരസ്ക്കാരം. ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റെയും യോക്കോടോപ്പിയ ഫൌണ്ടേഷന്‍റെയും പേരില്‍ ഏഷ്യന്‍ സംസ്ക്കാരം കാത്തുസൂക്ഷിക്കുകയും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന  വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന പുരസ്ക്കാരമാണ് ഫുക്കുവോക്ക.


റെഹ്മാനോടൊപ്പം നര്‍ത്തകി പത്മ സുബ്രമണ്യം, സിതാര്‍ കലാകാരന്‍ പണ്ഡിറ്റ്‌ രവി ശങ്കര്‍, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, അംജദ് അലി ഖാന്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നും  പുരസ്ക്കാരത്തിന് അര്‍ഹരായ മറ്റു വ്യക്തികള്‍. ഗ്രാന്‍ഡ്‌ പ്രൈസ്, അക്കാദമിക് പ്രൈസ്, ആര്‍ട്സ് ആന്‍ഡ്‌ കള്‍ച്ചര്‍ പ്രൈസ് എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് പുരസ്ക്കാരം നല്‍കുന്നത്.

1992-ല്‍ മണിരത്നം സംവിധാനം ചെയ്ത 'റോജ' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ റെഹ്മാന്‍ 4 ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2009-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'സ്ലംഡോഗ് മില്ല്യണയര്‍' എന്ന ചിത്രത്തിലെ സംഗീതത്തിനു ഓസ്ക്കാര്‍ അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും റെഹ്മാനെ തേടിയെത്തിയിരുന്നു.