അതികായകര്‍ വീണ 96 ലെ പോരാട്ടം

1480 വോട്ടിന് വി വി രാഘവന്‍ കരുണാകരനെ തോല്‍പ്പിച്ചപ്പോള്‍ രാഷ്ട്രീയ കേരളം ഞെട്ടി. പിന്നീട് കോണ്‍ഗ്രസിലെ വലിയ ചേരിതിരിവുകള്‍ക്ക് ആ തോല്‍വി കാരണമായി.

അതികായകര്‍ വീണ 96 ലെ പോരാട്ടം

കോഴിക്കോട്: ഇടത്,വലത് മുന്നണികളുടെ അതികായര്‍ നിലംപറ്റിയ തെരഞ്ഞെടുപ്പായിരുന്നു 1996 ലെ തെരഞ്ഞെടുപ്പ്. പാര്‍ലിമെന്റിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് അന്ന്് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെണ്ണിയപ്പോള്‍ ഇരുപക്ഷത്തേയും രണ്ട് വന്‍മരങ്ങളാണ് നിലം പതിച്ചത്. സംസ്ഥാന കോണ്‍ഗ്രസ്സിലെ ഭീഷ്മാചാര്യനായി വിശേഷിക്കപ്പെട്ട കെ കരുണാകരന്‍ ത്യശൂര്‍ ലോകസഭ മണ്ഡലത്തില്‍ നിന്ന് തോറ്റതായിരുന്നു ഇതില്‍ ശ്രദ്ധേയം. ദേശീയ രാഷട്രീയത്തില്‍ പോലും ചര്‍ച്ചയായ തോല്‍വിയായിരുന്നു ഇത്. 1995 ല്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനെ തുടര്‍ന്ന് രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമൊക്കെയായ കരുണാകരന് 1996 ല്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ചു കേന്ദ്രമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കോണ്‍ഗ്രസിന് ഏറ്റവും ഉറച്ചതെന്ന് കരുതിയ ത്യശൂര്‍ ആണ് മത്സരിക്കാനായി തെരഞ്ഞെടുത്തത്. പൊതുജീവിതത്തിലെ വിശുദ്ധിയിലൂടെ ജനങ്ങളുടെ ആദരവ് നേടിയെടുത്ത സി പിഐ നേതാവും മുന്‍മന്ത്രിയുമായിരുന്ന വി വി രാഘവന്‍ ആയിരുന്നു എതിരാളി.


1480 വോട്ടിന് വി വി രാഘവന്‍ കരുണാകരനെ തോല്‍പ്പിച്ചപ്പോള്‍ രാഷ്ട്രീയ കേരളം ഞെട്ടി. പിന്നീട് കോണ്‍ഗ്രസിലെ വലിയ ചേരിതിരിവുകള്‍ക്ക് ആ തോല്‍വി കാരണമായി.

1996 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കരുണാകരന്റെ തോല്‍വിക്ക് സമാനമായത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലും നടന്നു. ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന് കരുതിയ ആ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുമെന്നും കരുതിയിരുന്നു. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ മാരാരിക്കുളത്താണ് വി എസ് മത്സരിച്ചത്. ജില്ലാതലത്തില്‍ മാത്രം അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് പി ജെ ഫ്രാന്‍സിസിനോട് 1965 വോട്ടിന് വി എസ് തോറ്റു. സിപിഎം രാഷട്രീയത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയ തെരഞ്ഞെടുപ്പായിരുന്നു അത്. തോല്‍വി മുന്നില്‍ കണ്ട് മണ്ഡലം മാറി മത്സരിച്ച് ജയിച്ച നേതാവെന്ന പരിവേഷം എ.കെ ജിക്ക് ഉണ്ട്.

1971 ല്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി എ കെ ജിയെയാണ് തീരുമാനിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്ന് എ. കെ. ജിയെ നേരിടാനിരുന്നത് ഇന്നത്തെ കണ്ണൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ കടന്നപ്പള്ളി രാമചന്ദ്രനാണ്. പക്ഷെ 26 കാരനായ രമാചന്ദ്രന്‍ കടന്നപ്പള്ളിയാണ്  സ്ഥാനാര്‍ത്ഥിയെന്നറിഞ്ഞപ്പോള്‍ എ കെ ജി മണ്ഡലം മാറി പാലക്കാട്ടേക്ക് പോയി. കടന്നപ്പള്ളി രാമചന്ദ്രനെ  നേരിടാന്‍ പാര്‍ട്ടി നിയോഗിച്ചത് പിന്നീട് ദീര്‍ഘകാലം കേരളത്തിന്റ മുഖ്യമന്ത്രിയായ ഇ.കെ നായനാരെയാണ്. പക്ഷെ 28,404 വോട്ടിന് ഇ.കെ നായനാരെ കടന്നപ്പള്ളി തോല്‍പ്പിച്ചു.

എ കെ ജി കാസര്‍ഗോഡ് മണ്ഡലം വിടാനുള്ള കാരണം നായനാരുടെ തോല്‍വിയെ തുടര്‍ന്നാണ് എല്ലാവര്‍ക്കും മനസ്സിലായത്. പല തെരഞ്ഞെടുപ്പുകളിലായി വിജയം ഉറപ്പിച്ച് മത്സരിച്ച് അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയവരുടെ കൂട്ടത്തില്‍ വി.എം.സുധീരന്‍, കെ.ആര്‍ ഗൗരിയമ്മ, പി.കെ കുഞ്ഞാലിക്കുട്ടി, കെ.മുരളിധരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും.

Story by