ജീവിതപങ്കാളി ഒരു ജേര്‍ണലിസ്റ്റ് ആയാല്‍ ?

മലയാളത്തിന്റെ യുവ നടൻ പ്രിഥ്വിരാജിന്റെ വിവാഹം, ആരാധികമാർക്ക് ഉണ്ടാക്കിയ നിരാശ ചെറുതല്ല. മലയാളത്തിന്റെ നായക സങ്കൽപ്പങ്ങളിലേക്ക് ബോളിവുഡിന്റെയോ...

ജീവിതപങ്കാളി ഒരു ജേര്‍ണലിസ്റ്റ് ആയാല്‍ ?

journalist

മലയാളത്തിന്റെ യുവ നടൻ പ്രിഥ്വിരാജിന്റെ വിവാഹം, ആരാധികമാർക്ക് ഉണ്ടാക്കിയ നിരാശ ചെറുതല്ല. മലയാളത്തിന്റെ നായക സങ്കൽപ്പങ്ങളിലേക്ക് ബോളിവുഡിന്റെയോ ഹോളിവുഡിന്റെയോ ലുക്ക് ' സമ്മാനിച്ച പ്രിഥ്വിയുടെ ജീവിത സഖിയായി, അവർ പ്രതീക്ഷിച്ചത് വെള്ളിത്തിരയിലെ ഏതെങ്കിലും ഒരു താരസുന്ദരിയെയായിരുന്നു. എന്നാൽ പ്രിഥ്വി കൈ ചേർത്തത് മാധ്യമ പ്രവർത്തക സുപ്രിയാ മേനോനുമായിട്ടാണ്.

നായകന്റെ വിവാഹ വാർത്ത പരന്നതോടെ സോഷ്യൽ മീഡിയകളിൽ 'സുപ്രിയ മേനോൻ ' ആരാണെന്നായി അന്വേഷണം. ബി.ബി.സി വേൾഡിന്റെ മുബൈ റിപ്പോർട്ടറായിരുന്നു സുപ്രിയ. എന്താണ് സുപ്രിയയിൽ പ്രിഥ്വിരാജ് ആകൃഷ്ടനായതെന്ന ചോദ്യത്തിന്, എപ്പോഴും എന്ന പോലെ പ്രിഥ്വിയുടെ വാക്കുകളിൽ കൗശലമുണ്ടായിരുന്നു - "എത്ര നേരം വേണമെങ്കിലും എനിക്ക് സംസാരിച്ചിരിക്കാവുന്ന വ്യക്തിയാണ് സുപ്രിയ..." എന്നായിരുന്നു ആ മറുപടി.


പ്രിഥ്വിയുടെ ആ മറുപടിയിൽ പല കൗതുകങ്ങളുമുണ്ട്... ഒരു മാധ്യമ പ്രവർത്തകനെയോ / പ്രവർത്തകയേയൊ ജീവിത പങ്കാളിയാക്കുന്നതിൽ ഉള്ള ചില ഗുണങ്ങളാണ് ആ കൗതുകങ്ങൾ :-

വിവേകശാലികൾ :

എന്തു,എങ്ങനെ, പറയണമെന്നും..എപ്പോൾ പറയണമെന്നും ഉള്ള കാര്യത്തിൽ ജേർണലിസ്റ്റുകളെ മാതൃകയാക്കേണ്ടതുണ്ട്. എല്ലാവരും കാണുന്നത് പോലെയല്ല അവർ കാര്യങ്ങളെ കാണുന്നതും അറിയുന്നതും. ചിലപ്പോൾ നീണ്ട സംവാദങ്ങളിലൂടെ അവർ കാര്യങ്ങളെ സ്ഥാപിക്കും, ചിലപ്പോൾ മൗനത്തിലും മിതത്വത്തിലും അവർ ശക്തമായി പ്രതികരിക്കും.

ബഹുമുഖ പ്രതിഭകളുടെ ലോകമാണ് ജേർണലിസം:


വായിക്കുക, കാണുക, കേൾക്കുക, ചിന്തിക്കുക, സംസാരിക്കുക ഇങ്ങനെ ഒരേ സമയം പല കാര്യങ്ങൾ ചെയ്യാൻ അവരുടെ മനസ്സ് പാകപ്പെട്ടിരിക്കും. ഒന്നിൽ മാത്രം തട്ടി നിന്നു ജീവിതം ബോറാക്കുകയില്ലായെന്ന് ചുരുക്കം.

അധ്യാനശീലരും, ഉൽസാഹശീലരുമായിരിക്കും:

ഉൽസാഹശാലികൾ എന്നല്ല അത്യുൽസാഹശാലികളായിരിക്കും ഭൂരിഭാഗം ജേർണലിസ്റ്റുകളും. അങ്ങനെയുള്ളവർക്കെ ഈ രംഗത്ത് നിലനിൽപ്പുള്ളൂ എന്നതാണ് യാഥാർത്ഥത്യം. രാത്രിയ്ക്കും, പകലിനും, ക്ലോക്കിലെ സൂചികൾക്കും തടയാൻ കഴിയുന്നതല്ല അവരുടെ ചുറുചുറുപ്പ്.

വിശ്വസ്തരാണ്:

അറിയുന്നതെല്ലാം പറയുവാനുള്ളതല്ലെന്നും.. പറയുന്നത്, മറ്റുള്ളവർക്ക് അറിയേണ്ടത് മാത്രമാണെന്നും ഇക്കൂട്ടർക്ക് നന്നായി അറിയാം. പല രഹസ്യങ്ങളുടെയും മുൻനിര ശ്രോതാക്കൾ ഇവരാണെല്ലോ.. രാഷ്ട്രീയ- സാമൂഹിക ഉന്നതർ ഇവരെ മനപ്പൂർവ്വം പിണക്കാൻ ശ്രമിക്കാത്തതും ഇതുകൊണ്ടാണ്

ഇവർ കാണുന്നത് വിശാലമായ ലോകമാണ്:

സങ്കുചിത മനോഭാവത്തിൽ മാധ്യമ ലോകത്തെ നിലനിൽപ്പ് പ്രയാസമായത് കൊണ്ട് തന്നെ, ലോകത്തെ വിശാലമായി കാണുവാൻ ജേർണലിസ്റ്റുകൾക്ക് സാധിക്കുന്നു. കുടുംബ ജീവിതത്തിൽ ഉണ്ടാവുന്ന ചില നിസ്സാര പ്രശ്നങ്ങൾ എങ്കിലും ഒഴിവാകും എന്നർത്ഥം.

സ്വകാര്യതയെ മാനിക്കുന്നു:

വാർത്തകൾക്ക് വേണ്ടി അല്ലെങ്കിൽ, ഒരാളെ അയാളുടെ സ്വകാരതയിൽ വിഹരിക്കാൻ അനുവദിക്കുന്ന മനോനിലയുണ്ട് ഇവർക്ക്. കുറഞ്ഞ പക്ഷം, പങ്കാളിയുടെ വാട്സാപ്പും ഫേസ്ബുക്കും ഒന്നും പരിശോധിക്കുവാൻ അവർ മിനക്കെടില്ല എന്ന് പ്രതീക്ഷിക്കാം. ഒരേ സമയം സാമൂഹിക ജീവിയായിരിക്കുകയും, സ്വകാര്യതയെ മാനിക്കുകയും ചെയ്യുന്നത് ജേർണലിസ്റ്റുകളല്ലാതെ മറ്റാരുണ്ട്.?

ദീർഘനേരം സംഭാഷണത്തിൽ അവരോടൊപ്പം ചെലവിടാം ..

ദൈനംദിന കാര്യങ്ങളെ കുറിച്ചു നല്ല അവബോധമുള്ളവരായത് കൊണ്ട്, ഇവരോടൊപ്പമുള്ള സംസാരം വിരസമാകില്ല. സൗഹൃദപരമായ ചർച്ചകൾ തർക്കത്തിലേക്ക് പോകാതെ ഇരുവരും ശ്രദ്ധിക്കണമെന്ന് മാത്രം.

പണത്തോടുള്ള അമിതമായ ആർത്തി ഇല്ലാത്തവരായിരിക്കും..

ജേർണലിസ്റ്റുകളെ മുന്നോട്ട് നയിക്കുന്നത് ജോലിയോടുള്ള ഭ്രമമായിരിക്കും. പണത്തോട് ആർത്തിയുള്ളവർ ഈ തൊഴിലിൽ എങ്ങുമെത്തില്ല. ഒരു പക്ഷെ പങ്കാളിയുടെ അത്രയും പോലും വരുമാനം ഇവർക്കുണ്ടാകില്ല പക്ഷെ അവർ മാധ്യമ പ്രവർത്തനം ആസ്വദിക്കുന്നു.

സമൂഹം തിരിച്ചറിയുന്നവരായിക്കും :

സമൂഹത്തിന്റെ പല തരത്തിലുള്ള സ്നേഹവായ്പകൾക്കും (ചിലപ്പോൾ വിമർശനങ്ങൾക്കും) ഇവർ പാത്രമാകും. പ്രസ്സ് എന്ന ഐ.ഡി.കാര്‍ഡ് നല്‍കുന്ന പല അവകാശങ്ങളും സ്വാതന്ത്ര്യവും ഇവര്‍ക്കുണ്ട്. വിശാലമായ സൗഹൃദ കൂട്ടായ്മയുള്ള ഇവർക്ക്, പല കാര്യങ്ങൾ ക്രമീകരിക്കുവാൻ എളുപ്പമായിരിക്കും. ഇവരെ നിസ്സാരമായി കണക്കാക്കരുത് എന്ന് സൂചന.

പോരാഴ്മകൾ ഇല്ലെന്നല്ല, പക്ഷേ ഗുണങ്ങളാണ് ഏറെ...അപകടങ്ങളും! പങ്കാളിയിൽ ഇവയൊക്കെ ആഗ്രഹിക്കുന്നവർക്ക് ഇനി മാട്രിമോണിയൽ പ്രൊഫൈലിൽ ഒരു വരി കൂടി ചേർക്കാം ... "ജേർണലിസ്റ്റുകൾക്ക് മുൻഗണന" എന്ന്. (ബാക്കിയെല്ലാം വരുംപോലെ....)