നേപ്പാളില്‍ സൈന്യം തട്ടിക്കൊണ്ടുപോയ 1400 പേര്‍ എവിടെ? പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ബന്ധുക്കള്‍ ചോദിക്കുന്നു

നേപ്പാള്‍ ആഭ്യന്തര കലാപം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞെങ്കിലും ഭരണകൂടം സാധാരണക്കാര്‍ക്കുണ്ടാക്കിയ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. വിവിധ...

നേപ്പാളില്‍ സൈന്യം തട്ടിക്കൊണ്ടുപോയ 1400 പേര്‍ എവിടെ? പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ബന്ധുക്കള്‍ ചോദിക്കുന്നു

nepal

നേപ്പാള്‍ ആഭ്യന്തര കലാപം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞെങ്കിലും ഭരണകൂടം സാധാരണക്കാര്‍ക്കുണ്ടാക്കിയ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. വിവിധ ഏറ്റുമുട്ടലുകളിലായി 16000 പേരാണ് നേപ്പാളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇതിനേക്കാള്‍ ഞെട്ടിക്കുന്നത് 1400 പൗരന്മാരെ കാണാതായി എന്നതാണ്. 1996-2006 കാലഘട്ടത്തിലെ സംഘര്‍ഷ കാലഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയവരെ കുറിച്ച് ഇന്നും യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഉറ്റവരുടെ വിവരങ്ങള്‍ അന്വേഷിച്ച് ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും യാതൊരു ഫലവുമില്ല.


കഴിഞ്ഞ വര്‍ഷമാണ് കാണാതായവരെ കുറിച്ച് അന്വേഷിക്കുന്നതിനായി കമ്മീഷന്‍ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ഓണ്‍ എന്‍ഫോഴ്‌സ്ഡ് ഡിസപ്പിയേര്‍ഡ് പേഴ്‌സണ്‍സ് ആന്റ് ദി ട്രൂത്ത് ആന്റ് റീകണ്‍സിലിഷേന്‍ കമ്മീഷന്‍(ടിആര്‍സി) രൂപീകരിച്ചത്. ഏറ്റുമുട്ടല്‍ സമയത്തുണ്ടായ ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ പരാതികള്‍ കൈകാര്യം ചെയ്യുന്നത് ടിആര്‍സിയാണ്. അതേസമയം, കാണാതയവരെ കുറിച്ച് അന്വേഷിക്കുന്നതില്‍ കമ്മിറ്റി ശ്രദ്ധ കാണിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

സൈന്യം പിടികൂടിയ നിരവധി പേരെ കുറിച്ച് ഇന്നും യാതൊരു വിവരവുമില്ല. ബര്‍ദിയ ജില്ലയിലെ ലൂത്താന്‍ ചൗധരി എന്ന തയ്യല്‍ തൊഴിലാളിയുടെ ഭര്‍ത്താവിനെ 2002 ലാണ് സൈന്യം പിടികൂടി കൊണ്ടുപോകുന്നത്. ഇന്നുവരെ തന്റെ ഭര്‍ത്താവിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ലൂത്താന്‍ പറയുന്നു. 'എന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തെ എനിക്ക് തിരിച്ചുവേണം. ഇനി മരിച്ചെങ്കില്‍ എവിടെയാണ് മറവ് ചെയ്തത് എന്നെങ്കിലും വെളിപ്പെടുത്തണം. സത്യം ലോകം അറിയണം'. ലൂത്താന്‍ പറയുന്നു.

1996-2006 നുമിടിയല്‍ നേപ്പാളിലെ ഭൂരിഭാഗം വീടുകളില്‍ നിന്നും സൈന്യം പുരുഷന്മാരെ തട്ടിക്കൊണ്ടുപോകുകയും സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച പല റിപ്പോര്‍ട്ടുകളും  നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ സൈന്യം ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണവും നല്‍കുന്നില്ല.

കാണാതയവരെ കുറിച്ച് പരാതിയുമായി സമീപിച്ചെങ്കിലും പല കേസുകളും രജിസ്റ്റര്‍ ചെയ്യാന്‍ പലപ്പോഴും പോലീസ് തയ്യാറായിട്ടില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു. നേപ്പാളിലെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ ഉയര്‍ത്തി മാവോയിസ്റ്റുകള്‍ ഭരണകൂടത്തിനെതിരെ പോരാടിയപ്പോള്‍ ഇതിനെ ഭരണകൂടം നേരിട്ടത് ജനങ്ങളെയെല്ലാം മാവോയിസ്റ്റുകളായി മുദ്രകുത്തി അടിച്ചമര്‍ത്തിയാണെന്നും നാട്ടുകാര്‍ പറയുന്നു.

Story by