കിരീടം വെസ്റ്റിന്‍ഡീസിന്; കോഹ്ലി മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്റ്

കൊല്‍ക്കത്ത: ബെന്‍ സ്റ്റോക്കസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ നാല് സിക്സ്. ബ്രത്ത് വെയിറ്റിന്റെ ഈ പ്രകടനത്തിന്റെ സഹായത്തോടു കൂടി വെസ്റ്റ്...

കിരീടം വെസ്റ്റിന്‍ഡീസിന്; കോഹ്ലി  മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്റ്

west-indies

കൊല്‍ക്കത്ത: ബെന്‍ സ്റ്റോക്കസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ നാല് സിക്സ്. ബ്രത്ത് വെയിറ്റിന്റെ ഈ പ്രകടനത്തിന്റെ സഹായത്തോടു കൂടി വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 കിരീടത്തില്‍ രണ്ടാം തവണ മുത്തമിട്ടു.

സ്‌കോര്‍: ഇംഗ്ലണ്ട്- 155/9 (20 ഓവര്‍), വെസ്റ്റിന്‍ഡീസ്- 161/6 (19.4 ഓവര്‍).

തുടക്കത്തിലെ തകര്‍ച്ചയില്‍നിന്നും വിന്‍ഡീസിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ച മര്‍ലോണ്‍ സാമുവല്‍സാണ് കളിയിലെ താരം.ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം രണ്ടാം തവണയും കിരീടം ചൂടുന്നത്. ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോ റൂട്ട് രണ്ടും ആദില്‍ റഷീദ് ഒരു വിക്കറ്റും നേടി.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ അപകടക്കാരിയായ ജെയ്സണ്‍ റോയിയുടെ (0) കുറ്റി തെറിപ്പിച്ച് സാമുവല്‍ ബദ്രി ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. രണ്ടാം ഓവറില്‍ അലക്സ് ഹെയ്ല്‍സിനെ (1) നഷ്ടമായത് ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജോ റൂട്ടിന് കൂട്ടായി ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ എത്തിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചു വരുകയാണെന്ന് തോന്നിയെങ്കിലും ഓയിന്‍ മോര്‍ഗനെ (5) പുറത്താക്കി ബദ്രി ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.

എന്നാല്‍ സ്‌കോര്‍ 84 ല്‍ നില്‍ക്കെ നന്നായി കളിച്ചു വന്ന ജോസ് ബട്ട്‌ലറിനെ (22 പന്തില്‍ 36) പുറത്താക്കി  ബ്രാത്ത്വെയ്റ്റ് ഇംഗ്ലണ്ടിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. ഒരു ഫോറും മൂന്ന് സിക്സറുകളും ഉള്‍പ്പെടുന്നതാണ് ബട്ട്ലറിന്റെ ഇന്നിംഗ്സ്. ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും മറുഭാഗത്ത് നന്നായി കളിച്ചു വന്ന ജോ റൂട്ട് തന്റെ നാലാം അര്‍ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. 36 പന്തുകള്‍ നേരിട്ട ജോ റൂട്ട് ഏഴ് ഫോറുകള്‍ ഉള്‍പ്പടെ 54 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഒമ്പതാമനായി ഇറങ്ങിയ ഡേവിഡ് വില്ലിയുടെ (21) ബാറ്റിങ്ങാണ് ഇംഗ്ലണ്ട് സ്‌കോര്‍ 150 കടത്തിയത്.

വിന്‍ഡീസ് ബൗളര്‍മാരില്‍ ബ്രാത്ത്വെയ്റ്റ്  ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ സാമുവല്‍ ബദ്രി രണ്ടും ആന്‍ഡ്രേ റസല്‍ ഒരു വിക്കറ്റും നേടി. ഇന്ത്യയുടെ വിരാട് കോലിയെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുത്തു.

Read More >>