പശ്ചിമബംഗാള്‍: അധികാരത്തിലെത്തിയാല്‍ സിംഗൂരിലെ ടാറ്റാ നാനോ ഫാക്ടറി തുറക്കുമെന്ന് സിപിഐ(എം)

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഐ(എം) അധികാരത്തിലെത്തിയാല്‍ സിംഗൂരിലെ ടാറ്റാ നാനോ ഫാക്ടറി തുറക്കുമെന്ന് സിംഗൂരിലെ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന...

പശ്ചിമബംഗാള്‍: അധികാരത്തിലെത്തിയാല്‍ സിംഗൂരിലെ ടാറ്റാ നാനോ ഫാക്ടറി തുറക്കുമെന്ന് സിപിഐ(എം)

Rabin-Deb

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഐ(എം) അധികാരത്തിലെത്തിയാല്‍ സിംഗൂരിലെ ടാറ്റാ നാനോ ഫാക്ടറി തുറക്കുമെന്ന് സിംഗൂരിലെ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന സിപിഐ(എം) നേതാവുമായ റബിന്‍ ദേബ്.

സിപിഐ(എം) അധികാരത്തിലെത്തിയാല്‍ ടാറ്റാ നാനോ ഫാക്ടറി സിംഗൂരില്‍ സ്ഥാപിക്കുമെന്ന് റബിന്‍ ദേബ് വ്യക്തമാക്കി. ടാറ്റാ നാനോയില്‍ കയറിയുള്ള റബിന്‍ ദേബിന്റെ തിരഞ്ഞെടുപ്പ് പ്രചരണവും ഏറെ ചര്‍ച്ചയായിട്ടുണ്ട്.

ബംഗാളില്‍ സിപിഐ(എം) അധികാരത്തിലെത്തിയാല്‍ സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായം കൊണ്ടുവരുമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിന് പിന്നാലെയാണ് റബിന്‍ ദേബിന്റെ പ്രസ്താവന. 2011 ല്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച തൃണമൂല്‍ സ്ഥാനാര്‍ത്ഥി രബീന്ദ്ര ഭട്ടാചാര്യക്കെതിരെയാണ് റബിന്‍ ദേബ് മത്സരിക്കുന്നത്.


സിംഗൂരിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. തൃണമൂല്‍ അധികാരത്തിലെത്തിയാല്‍ സിങ്കൂരില്‍ ഭൂരഹിതരായവര്‍ക്കെല്ലാം തിരികെ ഭൂമി നല്‍കുമെന്ന മമതാ ബാനര്‍ജിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും റബിന്‍ ദേബ് പറഞ്ഞു.

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന സ്ഥലങ്ങളാണ് സിങ്കൂരും നന്ദിഗ്രാമും. പശ്ചിമബംഗാളിന്റെ ചരിത്രത്തില്‍ ജനങ്ങളെ കുടിയൊഴിപ്പിച്ചതുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭം നടന്ന സ്ഥലമാണ് സിങ്കൂര്‍. പശ്ചിമ ബംഗാളിലെ മൂന്ന് പതിറ്റാണ്ടു കാലത്തെ സിപിഐ(എം)ഭരണം അവസാനിപ്പിക്കുന്നതില്‍ നന്ദിഗ്രാമും സിംഗൂരും മുഖ്യപങ്കാണ് വഹിച്ചത്.

സിപിഐ(എം) നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരിക്കേയാണ് സിംഗൂരില്‍ ടാറ്റാ നാനോ ഫാക്ടറിക്കായി ഭൂമി ഏറ്റെടുത്തത്. ഇതിനെതിരെ പ്രദേശവാസികള്‍ നടത്തിയ സമരത്തെ അതിക്രൂരമായായിരുന്നു സര്‍ക്കാര്‍ നേരിട്ടത്. സമരത്തിനിടെ സിംഗൂരില്‍ തപസി മാലിക്(13) തീവെപ്പില്‍ കൊല്ലപ്പെട്ടു. ഗ്രാമവാസികളുടെ പ്രതിഷേധം മൂലം ടാറ്റ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.