വി.എസ് അച്ചടക്ക കുപ്പായം തുന്നുന്നതിനു പിന്നില്‍

നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം മൂന്നാഴ്ച മാത്രം ശേഷിക്കേ, സി.പി.എം കേരള ഘടകത്തില്‍ വീണ്ടും വിഭാഗീയത പിടിമുറുക്കുന്നു. പാര്‍ട്ടിയില്‍ പോളിറ്റ് ബ്യൂറോ അം...

വി.എസ് അച്ചടക്ക കുപ്പായം തുന്നുന്നതിനു പിന്നില്‍

victory...........purameriyil natanna ldf theramjetuppurally udghatana cheyyanethiya vs achuthanandane vediyilekkanayikkunnu

നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം മൂന്നാഴ്ച മാത്രം ശേഷിക്കേ, സി.പി.എം കേരള ഘടകത്തില്‍ വീണ്ടും വിഭാഗീയത പിടിമുറുക്കുന്നു. പാര്‍ട്ടിയില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗികപക്ഷവും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പക്ഷവും തമ്മില്‍ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന വെടിനിര്‍ത്തലിനു കൂടിയാണ് അന്ത്യമായിരിക്കുന്നത്. വി.എസിനെതിരെ അപ്രതീക്ഷിതമായി പിണറായി നടത്തിയ പരാമര്‍ശമാണ് ഇതിനു കാരണമായതും. വരുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ഒപ്പം ഇടതുമുന്നണിയും വന്‍ നേട്ടമുാക്കുമെന്ന പ്രതീക്ഷകളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന രീതിയിലാണ് പിണറായിയുടെ പ്രസ്താവന ഉണ്ടായതും ഇതിനോട് കരുതലോടെയുള്ള വി.എസിന്റെ പ്രതികരണം പുറത്തുവന്നതും. ഇത് ഏറ്റവുമധികം ബാാധിക്കുക പാര്‍ട്ടി അണികളെയുമാണ്.


വിഭാഗീയ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു എന്നതിന്റെ കൂടി സൂചനകളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വി.എസ് പറഞ്ഞ കാര്യങ്ങള്‍. വി.എസ് മുഖ്യമന്ത്രിയാകണമെന്നാണെല്ലോ ജനങ്ങള്‍ പറയുന്നത് എന്ന ചോദ്യത്തോട്, ജനങ്ങളുടേയും കേരളത്തില്‍ ആകെയുള്ള പൊതുവെ ചിന്തിക്കുന്ന ബുദ്ധിമാന്മാരുടേയും അഭിപ്രായം അങ്ങനെയാകാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നത് ശ്രദ്ധേയമാണ്. ഒപ്പം, കേന്ദ്ര നേതൃത്വവും മുന്നണിയുമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക, വി.എസ് അച്യുതാനന്ദന്റേതായി ഇക്കാര്യം വരേണ്ട എന്നും അദ്ദേഹം പറഞ്ഞുവച്ചു. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രിയാരായിരിക്കും എന്ന കാര്യത്തില്‍ ഉറപ്പൊന്നും പറയാന്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തയാറായതുമില്ല.

പുറത്ത് വലിയ ബഹളങ്ങള്‍ കേട്ടില്ലെങ്കിലും സംസ്ഥാന പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തെ കടുത്ത എതിര്‍പ്പ് അതിജീവിച്ചു തന്നെയാണ് 93-കാരനായ വി.എസ് ഇത്തവണ സീറ്റുറപ്പിച്ചത്. സംസ്ഥാനത്തെയും പാര്‍ട്ടിയിലേയും ഏറ്റവും ജനകീയനായ വി.എസിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു റിസ്‌കും എടുക്കാന്‍ കേന്ദ്ര നേതൃത്വം തയാറായില്ല എന്നതുതന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണം. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ മനസിലിരിപ്പ് പകല്‍പ്പോലെ വ്യക്തമാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ വി.എസിനെ മുഖ്യമന്ത്രിയാക്കാന്‍ അവര്‍ക്ക് താത്പര്യമില്ല. അതുകൊണ്ടാണ് വി.എസിന്റെ സ്ഥാനാര്‍ഥിത്വം പരസ്യമായി എതിര്‍ക്കാന്‍ അവര്‍ തയാറാകാതിരുന്നത്. ഒപ്പം, സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായതിനു ശേഷം വി.എസിന് കേന്ദ്ര നേതൃത്വത്തില്‍ ഉണ്ടായ സ്വാധീനവും പ്രധാനമാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാര്‍ട്ടിയെ ഗ്രസിച്ചിരുന്ന വിഭാഗീതയ്ക്ക് അറുതി വന്നിരിക്കുന്നു എന്ന തോന്നല്‍ പാര്‍ട്ടി അണികളിലുണ്ടാക്കാന്‍ ഇപ്പോള്‍ ഉണ്ടെന്ന്‍ പറയുന്ന ഐക്യം സഹായകരമായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനെ അധികാരത്തില്‍ നിന്നിറക്കാന്‍ ഈ ഐക്യം സഹായകരമാകും എന്നും കരുതിയിരുന്നു.

വി.എസിനെതിരായ സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം നിലനില്‍ക്കുന്നു എന്ന പിണറായിയുടെ പ്രസ്താവനയോടെ ഈ ഐക്യം തകിടം മറിയുന്നതാണ് പിന്നീട് കണ്ടത്. പിണറായി പിന്നീട് ഇതില്‍ നിന്ന് പിന്നോക്കം പോയെങ്കിലും വി.എസും പാര്‍ട്ടിയും വീണ്ടും നേര്‍ക്കുനേര്‍ എന്ന പ്രചരണം അഴിച്ചുവിടാന്‍ പ്രതിപക്ഷത്തിനും ഒരുവിഭാഗം മാധ്യമങ്ങള്‍ക്കും ഇതോടെ കഴിഞ്ഞു. വി.എസ് ആകട്ടെ, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിണറായിയെ നേരിട്ടെതിര്‍ക്കാന്‍ തുനിഞ്ഞുമില്ല.

ഇപ്പോള്‍ പാര്‍ട്ടിയില്‍ ഏറ്റവും അച്ചടക്കമുള്ളയാള്‍ എന്ന പ്രതീതി ഇതുവഴിയുണ്ടാക്കാനും വി.എസിനു കഴിഞ്ഞിരിക്കുന്നു. യു.ഡി.എഫിനെ തറപറ്റിക്കുകയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈയിടെ ആരംഭിച്ച വി.എസിന്റെ ഫേസ് ബുക്ക് അക്കൗണ്ടിലെ ചില പോസ്റ്റുകള്‍ നോക്കുക: അതിലെ ഒരു പരാമര്‍ശവും. എല്‍.ഡി.എഫ് നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നതായിരുന്നു അതിലൊന്ന്‍. പിണറായിക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമായാണ് ഇതിനെ കണക്കാക്കുന്നത്. മാധ്യമങ്ങളില്‍ വീണ്ടും വി.എസും പിണറായിയും നിറഞ്ഞതോടെ, നിരവധി അഴിമതി ആരോപണങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന യു.ഡി.എഫിന് കിട്ടിയ ഒരു കച്ചിത്തുരുമ്പു തന്നെയായിരുന്നു ഈ സംഭവവികാസങ്ങളത്രയും.

അതേ സമയം, പുറമെ പ്രചരിപ്പിക്കന്നതുപോലെ വി.എസ് പൂര്‍ണമായി പാര്‍ട്ടിക്ക് കീഴടങ്ങി എന്നതും ശരിയല്ല. തന്റെ സ്വതസിദ്ധ ശൈലിയില്‍ തന്നെ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനം കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തതില്‍ അപാകതയുണ്ടെന്നായിരുന്നു അതിലൊന്ന്. എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുന്നെും അദ്ദേഹം പറഞ്ഞിരുന്നു.

Pinarayi-and-achuthanandan

താന്‍ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നെ വി.എസിന്റെ പ്രസ്താവന കേരളത്തിലെ പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടെ നട്ടെല്ല് വരെ തരിപ്പിച്ചിട്ടുണ്ടാകും. കാരണം, എല്‍.ഡി.എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ കേന്ദ്ര നേതൃത്വമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന പ്രസ്താവനയില്‍ തന്നെ അദ്ദേഹത്തിന്റെ അടുത്ത നീക്കം ഒളിഞ്ഞുകിടപ്പുണ്ട്.

അതോടൊപ്പം, ബാര്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നെ കാര്യവും നിലനില്‍ക്കുന്നുണ്ട്. ബാറുകള്‍ നിരോധിച്ച നടപടി വഴി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ അടച്ചുപൂട്ടിയ ബാറുകള്‍ അവര്‍ തുറക്കുമെന്നും യു.ഡി.എഫ് പ്രചരിപ്പിക്കുന്നു. വിരുദ്ധ പ്രസ്താവനകളിലൂടെ സി.പി.എം നേതാക്കള്‍ തന്നെ യു.ഡി.എഫിന് ഇക്കാര്യത്തില്‍ ആയുധം നല്‍കുകയായിരുന്നു.

ഈ സാഹചര്യത്തിലായിരുന്നു യെച്ചൂരി രംഗത്തെത്തിയതും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ അടച്ച ബാറുകളൊന്നും തുറക്കില്ലെന്ന് വ്യക്തമായിത്തന്നെ പ്രസ്താവിച്ചതും. എന്നാല്‍ ഇതുകൊണ്ടും മദ്യനയം സംബന്ധിച്ച് എല്‍.ഡി.എഫിലെ ഭിന്നതകള്‍ അവസാനിച്ചില്ല. പിണറായി തന്നെ ഇക്കാര്യം വ്യക്തമാക്കി മുന്നോട്ടുവന്നു. തങ്ങള്‍ അധികാരത്തിലെത്തിയതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വി.എസാകട്ടെ, ഇക്കാര്യത്തില്‍ വീണ്ടും ഔദ്യോഗികപക്ഷത്തിനെതിരെ രംഗത്തുവരികയും യെച്ചൂരിയുടെ പ്രസ്താവനയാണ് പാര്‍ട്ടിയുടെ നിലപാട് എന്ന് വ്യക്തമാക്കുകയും ചെയ്തു.

വി.എസ് ഇത്തവണ കളിക്കാനിറങ്ങിയിരിക്കുന്നത് ഏറെ കരുതലോടെയാണ്. എല്‍.ഡി.എഫിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കുന്നയാളെന്ന നിലയില്‍ പിണറായി മത്സരിക്കുന്ന ധര്‍മടത്ത് വരെ അദ്ദേഹം പ്രചരണത്തിന് പോയി. പിണറായിക്കു വേണ്ടി പ്രചരണത്തിന് പോയതിനെ കളിയാക്കി യു.ഡി.എഫ് രംഗത്തുവന്നപ്പോഴുള്ള വി.എസിന്റെ പ്രതികരണവും ശ്രദ്ധിക്കേതാണ്. പിണറായി പാര്‍ട്ടിയുടെ സീനിയര്‍ നേതാവാണെന്നും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും വി.എസ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പാര്‍ട്ടിയില്‍ ഉണ്ടായിവന്ന ഐക്യം അത്ര ഉറപ്പുള്ളതല്ലെന്ന സൂചനകളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത മൂന്നാഴ്ച എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന മുഖ്യകക്ഷിയെന്ന നിലയില്‍ സി.പി.എമ്മിലുണ്ടാകുന്ന ഏത് ചെറിയ പ്രശ്‌നങ്ങളും അതിന്റെ തെരഞ്ഞെടുപ്പ സാധ്യതകളെ ബാധിക്കും. അതോടൊപ്പം, അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദത്തിലേക്കുള്ള വി.എസിന്റെ നോട്ടവും അതിനെ ചെറുക്കാനുള്ള ഔദ്യോഗികപക്ഷത്തിന്റെ ശ്രമങ്ങളുമായിരിക്കും ഇനി കാണാനിരിക്കുന്നത്.

Read More >>