മല്യയ്ക്ക് ഇളവ്: ആത്മഹത്യ ചെയ്ത ആയിരക്കണക്കിന് കര്‍ഷകരുടെ കാര്യമോ സര്‍?

കടുത്ത വരള്‍ച്ചയും കൃഷിനാശവും മൂലം ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ മറാത്ത്‌വാഡ മേഖലയില്‍...

മല്യയ്ക്ക് ഇളവ്: ആത്മഹത്യ ചെയ്ത ആയിരക്കണക്കിന് കര്‍ഷകരുടെ കാര്യമോ സര്‍?farmer-03

കടുത്ത വരള്‍ച്ചയും കൃഷിനാശവും മൂലം ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ മറാത്ത്‌വാഡ മേഖലയില്‍ മാത്രം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഈ വര്‍ഷം മാത്രം 200-നടുത്തായി. കഴിഞ്ഞ വര്‍ഷം നടന്ന 1300-ഓളം കര്‍ഷക ആത്മഹത്യകള്‍ക്ക് പുറമെയാണിത്. കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും ബാങ്ക്, ബ്ലേഡ് വായ്പാ കടക്കെണി മൂലം ജീവിതം അവസാനിപ്പിക്കുന്നവരുടെ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ക്ക് വലിയ പ്രധാന്യം കൊടുക്കുന്നില്ലെങ്കിലും മറ്റൊരു കടക്കാരനെ കുറിച്ച് നിരന്തരം എഴുതുന്നുണ്ട്: വിജയ് മല്യ. മല്യയ്ക്ക് ഇളവ് നല്‍കണമെന്ന വാദവുമായി രംഗത്തുവന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ കൂട്ടായ്മയായ അസോചത്തിന്റെ നടപടി ഇതിനോട് ചേര്‍ത്തുവായിക്കണം.


പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 9000 കോടി രൂപ വായ്പാ കുടിശികയുള്ളയാളാണ് വിജയ് മല്യ. നിയമനടപടികളില്‍ നിന്ന് രക്ഷപെടാന്‍ ലണ്ടനിലേക്ക് പറക്കുകയും ചെയ്തു മല്യ. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാന്‍ മല്യ കൂട്ടാക്കിയിട്ടുമില്ല. അതിനിടെയാണ് മല്യ പുതിയ ഓഫര്‍ മുന്നോട്ടുവച്ചത്. വരുന്ന സെപ്റ്റംബറിനുള്ളില്‍ 4000 കോടി രൂപ തിരിച്ചടയ്ക്കാം. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൂട്ടായ്മ ഈ ഓഫര്‍ തള്ളി. ഇതിനിടെയാണ് അസോചത്തിന്റെ രംഗപ്രവേശം.

കേന്ദ്ര സര്‍ക്കാരിലും രാജ്യത്തെ ബിസിനസ് മേഖലയിലും ശക്തമായ സ്വാധീനമുള്ള സംഘടനയാണ് അസോചം. മല്യയുടെ ഓഫര്‍ ബാങ്കുകള്‍ ഗൗരവമായി എടുക്കണമെന്നാണ് അസോചത്തിന്റെ നിര്‍ദേശം. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോ പൊതുജനാഭിപ്രായമോ ഇക്കാര്യത്തില്‍ കണക്കാക്കേണ്ടതില്ലെന്നും  കിട്ടുന്നത് വാങ്ങിക്കുകക എന്ന രീതിയില്‍ ചര്‍ച്ച നടത്താമെന്നും അസോചം വാദിക്കുന്നു. ഇവിടെ ഒരു ചോദ്യമുയരുന്നത്: കടക്കെണി മൂലം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇത്തരമൊരു അവസരം നല്‍കാന്‍ ഈ സംഘടനകളോ ബാങ്കുകളോ തയാറാകുമോ? അത്തരമൊരു നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമോ? കഴിഞ്ഞ യൂണിയന്‍ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഈ കാര്‍ഷിക വായ്പകളെങ്കിലും എഴുതിത്തള്ളുന്ന വിധത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ആത്മഹത്യകള്‍ ഓരോ ദിവസവും നടക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് 10,000 കോടിയോളം രൂപ രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുള്ള ഒരാള്‍ക്കായി വാദിക്കാന്‍ അസോചം പോലൊരു സംഘടന തയാറാകുന്നത്. വിവിധ സ്ഥാപനങ്ങള്‍ നല്‍കാനുള്ളള ഒന്നര ലക്ഷം കോടി രൂപയോളം എഴുതിത്തള്ളാനുള്ള തീരുമാനം ആരാണ് എടുത്തതെന്ന കാര്യം പുറത്തുപറയാന്‍ പറ്റില്ലെന്ന് ബാങ്കുകള്‍ ഈയിടെ പ്രസ്താവിച്ചതും പുറത്തുവന്നുകഴിഞ്ഞു. ഇവര്‍ക്കുവേണ്ടി വാദിക്കാനും ഇത്തരം സംഘടനകള്‍ രംഗത്തെത്തുമെന്നതില്‍ സംശയമില്ല.

അസോചത്തിന്റെ നടപടിയില്‍ അപകടകരമായ മറ്റൊന്ന് കൂടിയുണ്ട്. വായ്പ തിരിച്ചടയ്ക്കാനുള്ളയാള്‍ ഡല്‍ഹിയിലോ മുംബൈയിലോ ദുബായിലോ ലണ്ടനിലോ ഇരിക്കുന്നു എന്നത് കാര്യമാക്കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകളാണ് അഭികാമ്യമെന്നും പറയുമ്പോള്‍ രാജ്യത്തെ നിയമവ്യവസ്ഥയെ കൂടിയാണ് വെല്ലുവിളിക്കുന്നത്. വിശപ്പ് സഹിക്ക വയ്യാതെ ഒരു നേരത്തെ ആഹാരം മോഷ്ടിക്കുന്നവരെ കൊടുംകുറ്റവാളിയാക്കി തുറുങ്കിലടയ്ക്കുന്ന നാടാണിത്. ഒരു രൂപയുടെ നഷ്ടം പോലും സാധാരണക്കാരില്‍ നിന്ന് സഹിക്കാന്‍ ബാങ്കുകള്‍ തയാറാകുകയുമില്ല, അവര്‍ക്കെതിരെ ജപ്തി നടപടികളും ക്രിമിനല്‍ കേസുകളുമെടുക്കുകയും ചെയ്യും. ഈ നിയമം എന്തുകൊണ്ടാണ് മല്യയ്ക്ക് ബാധകമാകാത്തത്? രാജ്യത്തെ ബാങ്കുകളിലുള്ളത് ഇവിടുത്തെ പണക്കാരുടെ മാത്രം പണമല്ല. ഇത്തരത്തില്‍ ബാങ്കുകളെ കബളിപ്പിച്ചയാള്‍ക്ക് യാതൊരു ശിക്ഷയും ആവശ്യമില്ല, അയാള്‍ എവിടെയെങ്കിലും ഇരിക്കട്ടെ, കിട്ടുന്നത് വാങ്ങിച്ചാല്‍ മതിയെന്ന് വാദിക്കുന്ന യുക്തിയാണ് അസോചം പോലുള്ളള സംഘടനകള്‍ നടത്തുന്നത്.

മല്യ എത്രയും വേഗം അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാവുകയും നിയമനടപടികള്‍ നേരിടുകയും വേണം. അതിനൊപ്പം, സ്വത്തുക്കള്‍ കണ്ടുകെട്ടി തിരിച്ചുലഭിക്കാനുള്ള പണം ഈടാക്കുകയാണ് ബാങ്കുകള്‍ ചെയ്യേണ്ടത്. അതല്ലാതെ മല്യയ്ക്കും അതോടൊപ്പം ബാങ്കുകള്‍ എഴുതിത്തള്ളിയ ഒന്നര ലക്ഷം കോടി രൂപയോളം നല്‍കാനുള്ള സമ്പന്നര്‍ക്കു വേണ്ടിയും രംഗത്തെത്തുന്ന ഇത്തരം സംഘടനകളെ പടിക്കു പുറത്തു നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം.