വള്ളിക്കുന്നില്‍ ജയിക്കാന്‍ ഇടതും നില നിര്‍ത്താന്‍ യുഡിഎഫും

മലപ്പുറം: വള്ളിക്കുന്ന് മണ്ഡലം രൂപികരിച്ച ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ തങ്ങളുടെ കുത്തക നിലനിര്‍ത്താനാണ് ലീഗ് പോരാട്ടം....

വള്ളിക്കുന്നില്‍ ജയിക്കാന്‍ ഇടതും നില നിര്‍ത്താന്‍ യുഡിഎഫും

election

മലപ്പുറം: വള്ളിക്കുന്ന് മണ്ഡലം രൂപികരിച്ച ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ തങ്ങളുടെ കുത്തക നിലനിര്‍ത്താനാണ് ലീഗ് പോരാട്ടം. കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടുന്ന കടലുണ്ടി പക്ഷി സങ്കേതത്തിനിപ്പുറം കോഴിക്കോട് ജില്ലയിലെ ഇടതുപക്ഷ സ്വാധീന മേഖലകളുമായി മണ്ഡലം അതിര്‍ത്തി പങ്കിടുന്നു എന്നതാണ് ലീഗിനെ നേരിടുന്ന ഐ.എന്‍.എല്ലിന് ആശ്വാസം. മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പി.അബ്ദുള്‍ഹമീദാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. സിറ്റിങ്ങ് എം.എല്‍.എ കെ.എന്‍.ഖാദറിന്റെ വികസന നേട്ടങ്ങള്‍ വോട്ടാകുമെന്നാണ് ലീഗ് വിശ്വാസം.


ഖാദറിനെ മാറ്റിയതില്‍ ലീഗിനുള്ളില്‍ തന്നെ രണ്ടഭിപ്രായം നില നില്‍ക്കുന്നുണ്ട്. എന്നാല്‍ ലീഗിന്റെ ജില്ലാതല പ്രചരണത്തിന്റെ ചുമതല വഹിക്കുന്നത് ഖാദറാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുന്നത് ഐ.എന്‍.എല്‍. ജില്ലാപ്രസിഡന്റ് ഒ.കെ തങ്ങളെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 18122 വോട്ട് ആയിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. ലോകസഭയിലേക്ക് അത് 23935 വോട്ടായി വര്‍ധിച്ചു. തദ്ദേശത്തിലും യു.ഡി.എഫിനായിരുന്നു വ്യക്തമായ ആധിപത്യം. എന്നാല്‍ മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുള്ള സിപിഐ(എം) പ്രചരണരംഗത്ത് നിന്ന് നയിച്ചാല്‍ വിജയിച്ചു കയറാമെന്നാണ് ഐ.എന്‍.എല്‍ പ്രതീക്ഷ.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 300 കോടിയുടെ വികസനം നടപ്പിലാക്കിയെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നത്.  പദ്ധതിയിട്ട പത്തു പാലങ്ങളില്‍ അഞ്ചെണ്ണം പൂര്‍ത്തിയായി. അരിയല്ലൂര്‍ അടിപ്പാത യാഥാര്‍ത്ഥ്യമായി. ഇരുമ്പോത്തിങ്ങല്‍ കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് ഇതൊക്കെയാണ് വികസന നേട്ടങ്ങളായി ലീഗ് പറയുന്നത്. എന്നാല്‍ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ കോളേജ് ഇല്ലാത്തതും  സി എച്ച് സി സൗകര്യമുള്ള ആശുപത്രിയില്ലാത്തതുമൊക്കെ കുറവുകളായി ഇടത് മുന്നണിയും ചൂണ്ടികാണിക്കുന്നു.  എല്ലാ മണ്ഡലത്തിലേയും പോലെ ഇവിടേയും കുടിവെള്ള പ്രശ്നം രൂക്ഷമാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത ശല്യം മൂലം ഒരു പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായി. ചേലാമ്പ്രയില്‍ സി.പി.ഐ(എം) നേത്യത്വത്തിലുള്ള ജനകീയ മുന്നണിയാണ് ഭരിക്കുന്നത്. മണ്ഡലത്തിലെ ബാക്കി 5 പഞ്ചായത്തുകളും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ജനകീയ വികസന മുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് പറഞ്ഞിരുന്നതെങ്കിലും അതിന്റെ സാധ്യതകള്‍ ലീഗ് ഇല്ലാതാക്കി. ബി ജെ പി സ്ഥാനാര്‍ത്ഥിയായി എത്തുന്നത് പാര്‍ട്ടി ദേശിയ കൗണ്‍സില്‍ അംഗം കെ.ജനചന്ദ്രനാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി നേരത്തെ ബിജെപിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 2011 ല്‍ 11099 വോട്ട്  നേടിയ ബി ജെ പി ലോകസഭ തെരഞ്ഞെടുപ്പില്‍ അത് 15,982 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.  ഇത്തവണ ഇതിന്റേയും ഇരട്ടി വോട്ട് നേടുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം.