പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാത്തതിനെതിരെ സുപ്രീംകോടതി

സംസ്ഥാനങ്ങളില്‍ അനധികൃതമായി പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാത്തതിനെതിരെ സുപ്രീംകോടതി രംഗത്ത്. രാജ്യത്തെ റോഡുകളും...

പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാത്തതിനെതിരെ സുപ്രീംകോടതി

supreme-court

സംസ്ഥാനങ്ങളില്‍ അനധികൃതമായി പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാത്തതിനെതിരെ സുപ്രീംകോടതി രംഗത്ത്. രാജ്യത്തെ റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് യഥാര്‍ത്ഥത്തില്‍ ദൈവത്തെ അവഹേളിക്കലാണെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ച് സൂചിപ്പിച്ചു.

ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചു നീക്കുക തന്നെ വേണം. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഒരു സംസ്ഥാനവും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. ഇത്തരത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കാന്‍ അധികൃതര്‍ക്ക് യാതൊരു അവകാശവുമില്ല: ബഞ്ച് പറഞ്ഞു.


ജനങ്ങളുടെ വഴിയില്‍ തടസ്സമുണ്ടാക്കാന്‍ ദൈവം ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ നിങ്ങള്‍ വഴിയില്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും കോടതി പറഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ ദൈവത്തെ അപമാനിക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനുള്ള ഉത്തരവ് പാലിക്കാത്തതിന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും കോടതി വിമര്‍ശിച്ചു.

സംസ്ഥാനങ്ങളില്‍ അനധികൃതമായി നിര്‍മിച്ച എത്ര അമ്പലങ്ങളും ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുമുണ്ടെന്നതിന്റെ കണക്കെവിടെയെന്ന് കോടതി ചോദിച്ചു. കോള്‍ഡ് സ്റ്റോറേജില്‍ വെക്കാനുള്ളത്‌ലല സുപ്രീംകോടതിയുടെ ഉത്തരവെന്ന് വ്യക്തമാക്കിയ ബെഞ്ച്, രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവും നല്‍കി. അല്ലാത്തപക്ഷം ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടിവരുമെന്നും കോടതി അറിയിച്ചു.

ഇത്തരം നിര്‍മ്മിതികള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട്, അതിന്റെ വെരിഫിക്കേഷന്‍ തുടങ്ങിയവയെല്ലാം സത്യവാങ്മൂലത്തിലുണ്ടാവണമെന്നും അത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. പട്വാലിയയ്ക്ക് നല്‍കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് മെയ് രണ്ടാം വാരത്തിലേക്ക് കോടതി മാറ്റി.

റോഡിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് 2006ല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇത്തരം ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് അന്നുമുതല്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കപ്പെടാത്തതിലാണ് കോടതി അമര്‍ഷം അറിയിച്ചത്.

Read More >>