കോഴിക്കോട് നോര്‍ത്തില്‍ ഇടത് വിജയം തടയാനുറച്ച് യു ഡി എഫ്

കോഴിക്കോട്: ചില സര്‍വേ ഫലങ്ങള്‍ വിശ്വസിക്കാമെങ്കില്‍ കോഴിക്കോട് നോര്‍ത്തില്‍ ഇത്തവണയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി പി എമ്മിലെ എ പ്രദീപ്കുമാര്‍...

കോഴിക്കോട് നോര്‍ത്തില്‍ ഇടത് വിജയം തടയാനുറച്ച് യു ഡി എഫ്

udf-ldf

കോഴിക്കോട്: ചില സര്‍വേ ഫലങ്ങള്‍ വിശ്വസിക്കാമെങ്കില്‍ കോഴിക്കോട് നോര്‍ത്തില്‍ ഇത്തവണയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി പി എമ്മിലെ എ പ്രദീപ്കുമാര്‍ വിജയിക്കും. തുടര്‍ച്ചായായി പത്ത് വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച എ പ്രദീപ്കുമാര്‍ മൂന്നാംതവണയും മത്സരിക്കാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്.

എന്നാല്‍ കോഴിക്കോട് നോര്‍ത്തിനെ ഇത്തവണ വലത്തോട്ട് നയിക്കാനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അഡ്വ: പി സുരേഷ്ബാബു എത്തിയിരിക്കുന്നത്. മണ്ഡലം ഇത്തവണ യു ഡി എഫ് പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്.  ആദ്യമായിട്ടാണ് സുരേഷ്ബാബൂ നിയമസഭയിലേക്ക് മത്സരിക്കുന്നതെങ്കിലും 1998, 1999 ലും നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ: സുരേഷ് ബാബു മത്സരിച്ചിട്ടുണ്ട്. അന്ന് തോല്‍വിയായിരുന്നു ഫലമെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രതിപക്ഷ നേതാവായി.


ഈ അനുഭവ സമ്പത്താണ് കോഴിക്കോട് നോര്‍ത്തില്‍ അഡ്വ; സുരേഷ്ബാബുവിന് ആത്മവിശ്വാസം പകരുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ജെ പിയിലെ കെ പി ശ്രീശനും മത്സരിക്കാനെത്തിയതോടെ മത്സരത്തിന് ചൂടേറിയിട്ടുണ്ട്. കാന്തപുരം എ. പി അബുബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് അനുഗ്രഹം നേടിയ ബി ജെ പി സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് കെ പി ശ്രീശന്‍.

1957 മുതല്‍ കോഴിക്കോട് ഒന്ന് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മണ്ഡലം പുനര്‍നിര്‍ണയത്തിലൂടെയാണ് കോഴിക്കോട് നോര്‍ത്തായി മാറിയത്.കോഴിക്കോട് മാവൂര്‍ റോഡിന് വടക്കുവശം മുതല്‍ എലത്തൂര്‍ മണ്ഡലത്തിന്റെ അതിരില്‍ ചെന്നെത്തുന്നതാണ് നോര്‍ത്ത് മണ്ഡലം. ഇടത് വലതു  മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന ചരിത്രം മണ്ഡലത്തിനുണ്ടായിരുന്നെങ്കിലും രണ്ടു തവണ തുടര്‍ച്ചയായി വിജയിച്ചത് എല്‍ ഡി എഫാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി വി ഗംഗാധരനെ 8998 വോട്ടിനാണ് തോല്‍പ്പിച്ചത്.

2006 ലെ പ്രദീപിന്റെ കന്നിയങ്കത്തില്‍യു ഡി എഫിലെ അഡ്വ. എ സുജനപാലിനെ 7705 വോട്ടിനാണ് പ്രദീപ്കുമാര്‍ തോല്‍പ്പിച്ചത്. നിയമസഭയിലേക്ക് എല്‍ ഡി എഫിന് ഭൂരിപക്ഷം നല്‍കുന്ന മണ്ഡലം ലോകസഭ തെരഞ്ഞെടുപ്പില്‍ എന്നും യു ഡി എഫിനെ പിന്തുണച്ച ചരിത്രമാണുള്ളത്. 2009 ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് നോര്‍ത്ത്് മണ്ഡലം 1862 വോട്ട് ഭൂരിപക്ഷം ലഭിച്ചു. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് 1519 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി.

പക്ഷെ തദ്ദേശത്തില്‍ എല്‍ ഡി എഫ് പിന്നേയും നിലമെച്ചപ്പെടുത്തി. കഴിഞ്ഞ ലോകസഭയുടെ കണക്ക് പ്രകാരം ബി ജെപിക്ക് മണ്ഡലത്തില്‍ 19918 വോട്ടുകളുണ്ട്.