കോണ്‍ഗ്രസ്സില്‍ ആരാണ് ശക്തന്‍? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ? കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരനോ?

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്രീയത്തില്‍ ഗ്രൂപ്പ് നേതാവ് എന്നതിലുപരി എല്ലാ ഗ്രൂപ്പുകള്‍ക്കും മുകളില്‍ അനിഷേധ്യ നേതാവ് എന്ന നിലയിലേക്ക് വളര്‍ന്ന...

കോണ്‍ഗ്രസ്സില്‍ ആരാണ് ശക്തന്‍? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ? കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരനോ?

oommenchandy-sudheeran

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്രീയത്തില്‍ ഗ്രൂപ്പ് നേതാവ് എന്നതിലുപരി എല്ലാ ഗ്രൂപ്പുകള്‍ക്കും മുകളില്‍ അനിഷേധ്യ നേതാവ് എന്ന നിലയിലേക്ക് വളര്‍ന്ന ഉമ്മന്‍ചാണ്ടിയോ അതോ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവശേഷിക്കുന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകമായ കെ പി സി സി പ്രസിഡന്റ് വി എം സുധീരനോ? ആരാണ് കോണ്‍ഗ്രസ്സില്‍ ശക്തന്‍? കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഉയരുന്ന ചോദ്യം ഇതാണ്.

ആര്‍ക്കാവും ഹൈക്കമാന്‍ഡ് പിന്തുണയെന്ന് വ്യക്തമായാലേ ഇതിന് വ്യക്തമായ ഉത്തരംകിട്ടൂ. ഏകപക്ഷീയമായ തീര്‍പ്പിന് ഹൈക്കമാന്‍ഡ് തയ്യാറാവാത്തത് ഇരുവരിലുമുള്ള വിശ്വാസം കാരണമാണ്. രണ്ടുപേരും കരുത്തര്‍. ആരേയും തള്ളിക്കളയാനുമാവില്ല. അതേസമയം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനും ആകില്ല. കണ്ണുമടച്ച് ഒരുതീര്‍പ്പിന് ഹൈക്കമാന്‍ഡ് ഒരുമ്പെടില്ല എന്നുറപ്പുമാണ്. കേരളത്തിലെ മൂന്നാമത്തെ നേതാവും പ്രബല ഗ്രൂപ്പായ ഐ ഗ്രൂപ്പിന്റെ നേതാവുമായ രമേശ് ചെന്നിത്തലയാകട്ടെ ഇവര്‍ക്കിടയില്‍ സമവായ ശ്രമവുമയി അങ്ങോട്ടും ഇങ്ങോട്ടും ഓടുകയുമാണ്.


ഒരുമിച്ച് നിന്ന് പാര്‍ട്ടിയെ നയിക്കേണ്ട രണ്ട് പ്രധാന നേതാക്കള്‍ തമ്മിലുള്ള പോരാട്ടത്തില്‍ വട്ടം കറങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം. ഹൈക്കമാന്‍ഡിലെ ഏറ്റവും ശക്തരായ നേതാക്കള്‍ പല തവണ ഇടപെട്ടിട്ടും സമവായമായില്ല. കേരളത്തില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കാന്‍ നിയോഗിച്ച മൂവര്‍ സംഘത്തിലെ മൂന്നാമന്‍ രമേശ് ചെന്നിത്തലയെ മധ്യസ്ഥനാക്കിയിട്ടും ഫലം കണ്ടില്ല. അഭിമാന പ്രശ്‌നമായി മാറിയ തര്‍ക്കത്തില്‍ വിട്ടുവീഴ്ചക്ക് ഇരുവരും തയ്യാറായിട്ടില്ല.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെയോ, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയോ ഒറ്റവാക്കില്‍ പ്രശ്‌നം പരിഹരിക്കാം. എന്നാല്‍ ഇരുവരും അതിനു തയ്യാറാകില്ല. ചര്‍ച്ചയിലൂടെ സമവായം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. ആരോപണ വിധേയരെ മാറ്റിനിര്‍ത്തി പാര്‍ട്ടി പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന ആശയപരമായ നിലപാടില്‍ ഊന്നിയാണ് സുധീരന്റെ പോരാട്ടം. ഇതിലൂടെ ലക്ഷ്യമിടുന്നത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ത പോരാളികളെയാണ്. അതുവഴി ഉമ്മന്‍ചാണ്ടിയെ ദുര്‍ബലനാക്കുകയെന്ന തന്ത്രവും. ഇതിനാകട്ടെ ആന്റണിയുടെ പരോക്ഷ പിന്തുണയും ഉണ്ട്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കാര്യമായ പിന്തുണയില്ലെങ്കിലും അഴിമതിക്കെതിരായ തന്റെ നിലപാട് അത്ര വേഗം പാര്‍ട്ടിക്ക് തള്ളാനാവില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. മാറ്റി നിറുത്താന്‍ സുധീരന്‍ നിര്‍ദ്ദേശിച്ചവരില്‍ ഒരാളെയെങ്കിലും ഒഴിവാക്കിയാല്‍ താന്‍ മത്സരിക്കില്ലെന്ന തുറുപ്പ് ചീട്ട് തന്നെ ഉമ്മന്‍ ചാണ്ടിക്ക് ഇറക്കേണ്ടി വന്നതും അതു കൊണ്ടാണ്. തന്നെ ഒഴിവാക്കി കേരളത്തില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നും ഭൂരിപക്ഷം നേതാക്കളുടെ പിന്തുണ തനിക്കാണെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്.