നാളെ തൃശൂര്‍ പൂരം

തൃശ്ശൂര്‍: ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഇന്നലെ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടന്നു. നാളെ രാവിലെ 7 മണിക്ക് യഥാര്‍ഥ പൂരം ആരംഭിക്കും.മു...

നാളെ തൃശൂര്‍ പൂരം

trissur-pooram

തൃശ്ശൂര്‍: ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഇന്നലെ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടന്നു. നാളെ രാവിലെ 7 മണിക്ക് യഥാര്‍ഥ പൂരം ആരംഭിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മൂന്നു മന്ത്രിമാര്‍ പങ്കെടുത്ത് വെള്ളിയാഴ്ച രാവിലെ തൃശ്ശൂരില്‍ നടന്ന ചര്‍ച്ചയാണ് പൂരത്തിളക്കത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കു കൂടുതല്‍ ശക്തിപകര്‍ന്നത്. എല്ലാവര്‍ഷത്തെയും പോലെ പൂരം ഭംഗിയായി, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്തുമെന്ന് ചര്‍ച്ചകള്‍ക്കു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് വ്യാഴാഴ്ച തന്നെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വെടിക്കെട്ടിന്‌ ഹൈക്കോടതിയുടെ അനുമതി കൂടി ലഭിച്ചതോടെ പൂരം ചടങ്ങ് മാത്രമായി നടത്താനുള്ള മുന്‍ തീരുമാനത്തില്‍നിന്ന്‌ ദേവസ്വങ്ങള്‍ പിന്മാറുകയായിരുന്നു.


കൂടുതല്‍ വെടിമരുന്നുപയോഗിച്ചുണ്ടാക്കുന്ന ഡൈനകള്‍ ഇത്തവണ പൂരം വെടിക്കെട്ടില്‍ ഉണ്ടാവില്ല. വര്‍ണ്ണങ്ങള്‍ വിതറുന്ന അമിട്ടുകള്‍ക്കാകും പ്രാധാന്യം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിക്കെട്ട്.

തൃശൂര്‍ വെടിക്കെട്ട് വര്‍ണാഭമാക്കി, വെടി ശബ്ദം കുറച്ച് നടത്താനാണ്. ദേവസ്വം അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ പൂരം തൃശൂര്‍ക്കാരുടെ മാത്രം ആഘോഷമല്ല, ദൂരസ്ഥലത്തുനിന്നുള്ളവരും ഇതു കാണാനായി വരും. മറ്റൊരു വസ്തുത ഇത് വിനോദസഞ്ചാര വികസന ഉപാധികൂടിയാണ് എന്നതാണ്. ആന എഴുന്നള്ളിപ്പും കുടമാറ്റവും കാണാനും ക്യാമറയില്‍ പകര്‍ത്താനും ധാരാളം വിദേശികള്‍ തൃശൂരിലെത്തുമ്പോള്‍ അത് വിനോദസഞ്ചാര വരുമാനം വര്‍ധിക്കാനുള്ള ഉപാധിയുമാകുന്നു.ഇപ്പോള്‍ കോടതിവിധി മാനിച്ച് ഉപാധികളോടെ നിയന്ത്രണങ്ങളോടെ വിവിധതലങ്ങളില്‍ സുരക്ഷ ഉറപ്പാക്കിയാണ് പൂരം വെടിക്കെട്ട് നടത്താന്‍ പോകുന്നത്. വെടിക്കെട്ട് കൊണ്ട് സമീപത്തെ കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകളുണ്ടാകാതെ സൂക്ഷിച്ചുകൊള്ളാമെന്നും ദേവസ്വം അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

Read More >>