നിധികുംഭം ലഭിച്ച മഹാഭാഗ്യവാന് ഇന്ന് സ്വപ്‌നം ഒരു നേരത്തെ ഭക്ഷണം.

കാലികളെ മേയ്ക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് വെറുതെ കുത്തികുഴിക്കുമ്പോള്‍ കിട്ടിയത് നിധികുംഭം. ചെറുപ്പഴത്തോളം വരുന്ന സ്വര്‍ണ്ണകട്ടികളും...

നിധികുംഭം ലഭിച്ച മഹാഭാഗ്യവാന് ഇന്ന് സ്വപ്‌നം ഒരു നേരത്തെ ഭക്ഷണം.

tressure

കാലികളെ മേയ്ക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് വെറുതെ കുത്തികുഴിക്കുമ്പോള്‍ കിട്ടിയത് നിധികുംഭം. ചെറുപ്പഴത്തോളം വരുന്ന സ്വര്‍ണ്ണകട്ടികളും മൂവ്വായിരത്തില്‍ അധികം സ്വര്‍ണ നാണയങ്ങളും. പക്ഷെ നിധികുംഭം ലഭിച്ച ഈ മഹാഭാഗ്യവാന് ഇന്ന് സ്വപ്‌നം ഒരു നേരത്തെ ഭക്ഷണം.

പാലക്കാട്: നിധികുംഭം ലഭിച്ച മഹാഭാഗ്യവാനാണ് രാമചന്ദ്രന്‍, പക്ഷെ ഇന്ന് രാമചന്ദ്രനെ കാണണമെങ്കില്‍ കാടു കയറണം. അവിടെ ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങുന്നാണ്ടാവും. അല്ലേല്‍ ഏതെങ്കിലും മരത്തിനു മുകളില്‍. കാരണം നിധികുംഭം ലഭിച്ച ഈ മഹാഭാഗ്യവാന്  ഇന്ന് കൂട്ട് ദാരിദ്ര്യം മാത്രമാണ്.  നിധികുംഭം കിട്ടിയത് കൊണ്ട് മാത്രം ഇന്ന് ഒരു നേരം കഞ്ഞിക്ക് പോലും വകയില്ലാത്ത അസ്ഥയിലാണ് രാമചന്ദ്രന്‍.

നിധി സൗഭാഗ്യം ലഭിച്ചിട്ടും അനുഭവഭാഗ്യം അന്യമായ ജീവിതകഥയിലെ ദുരന്തനായകന്‍ വാണിയംകുളം മാന്നന്നൂര്‍ തോപ്പില്‍ കോളനിയിലെ രാമചന്ദ്രനാണ്.

കവളപ്പാറ, ത്രാങ്ങാലി പ്രദേശങ്ങളില്‍ ഒരു മുത്തശ്ശിക്കഥ പോലെ ജനങ്ങള്‍ രാമചന്ദ്രന്റെ കഥ പാടി നടക്കുന്നു. പക്ഷെ രാമചന്ദ്രന് കഴിഞ്ഞ കഥകള്‍ തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദുരിത കഥയാണ്. വഴിയിലൂടെ നടക്കുമ്പോള്‍ എല്ലാം കയ്യിലുള്ള വടി കൊണ്ട് മണ്ണില്‍ കുത്തി നോക്കല്‍ രാമചന്ദ്രന് ഒരു ഹോബിയായിരുന്നു. ആ ഹോബിയാണ് രാമചന്ദ്രനെ നിധി കുംഭത്തിന്റെ ഉടമയാക്കിയത്. രാമചന്ദ്രന്റെ  ഇരുപതാമത്ത വയസ്സില്‍ 1978 ജൂണ്‍ 5 നാണ് കവളപ്പാറ കൊട്ടാര കെട്ടിന്റെ അധീനതയിലുള്ള  മാന്നന്നൂര്‍ ചണ്ണമ്പറ്റ ശിവക്ഷേത്രത്തിന്റെ മുറ്റത്ത് നിന്നും സ്വര്‍ണ്ണ നാണയങ്ങള്‍ അടങ്ങിയ നിധികുംഭം ലഭിച്ചത്.

ക്ഷേത്രമുറ്റത്ത് കാലികളെ മേയ്ക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് വെറുതെ കുത്തികുഴിക്കുമ്പോഴാണ് നിധികുംഭം കണ്ടത്. മണ്ണില്‍ മൂടി കിടക്കുകയായിരുന്നു. വെറും കുടമായിരിക്കും എന്നു കരുതിയാണ് എടുത്തത്. പക്ഷെ കുടത്തിന്റെ കനം കാരണം ശരിക്കു പൊക്കിയെടുക്കാന്‍ പോലും സാധിച്ചില്ല. നിധി കണ്ടെത്തിയ അമ്പരപ്പ് മാറും മുമ്പേ രാമചന്ദ്രന് നിധി കിട്ടിയ വാര്‍ത്ത പുറംലോകം അറിഞ്ഞു. വിവരം അറിഞ്ഞ് റവന്യു അധിക്യതരും പോലീസും സ്ഥലത്തെത്തി നിധികുംഭം പിടിച്ചെടുത്തു.
നിധി കിട്ടിയ വാര്‍ത്ത അറിഞ്ഞ് പലരും അവകാശികളായി രംഗത്തെത്തി. ഒന്നരകിലോ വരുന്ന പഞ്ചലോഹ നിര്‍മ്മിതമായ ഒരു കിണ്ടിയും 1635 സ്വര്‍ണ്ണ നാണയങ്ങളും ആണ് നിധികുംഭത്തില്‍ ഉണ്ടായിരുന്നത്. രാമചന്ദ്രന്‍ പറയുന്ന കഥയില്‍ ചെറുപ്പഴത്തോളം വരുന്ന സ്വര്‍ണ്ണകട്ടികളും നാണയങ്ങളും 3000 ത്തോളം വരും. എന്നാല്‍ റവന്യൂ രേഖയില്‍ ആദ്യം പറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിധിയുമായി ബന്ധപ്പെട്ട് റവന്യു അധിക്യതര്‍ നല്‍കിയ രേഖകള്‍ രാമചന്ദ്രനില്‍ നിന്നും നഷ്ടപ്പെട്ടു. പലതവണ ഹിയറിങ്ങിന് ഹാജരായ രാമചന്ദ്രന് നിധി ലഭിച്ചത് തനിക്കാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ല. തര്‍ക്കം മൂലം വര്‍ഷങ്ങളോളം തീരുമാനമാകാതെ കിടന്ന നിധി കഥക്ക് വിധി അവസാനം ഉണ്ടായി .നിധികുംഭം കവളപ്പാറ കൊട്ടാരത്തിന് നല്‍കി കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

രാമചന്ദ്രന് വേണ്ടി പറയാനും വാദിക്കാനും ആരുമില്ലായിരുന്നു. ഇതോടെ വര്‍ഷങ്ങളോളം ഇന്ന് കിട്ടും നാളെ കിട്ടും എന്നു കരുതി നടന്ന നിധി സ്വപ്‌നങ്ങള്‍ക്കും അന്ത്യമായി.  യൗവ്വനം പിന്നിട്ടത് നിധി സ്വപ്നങ്ങളുടെ മാസ്മരികതയിലായിരുന്നു. നിധി പോയതിന് പുറകില്‍ സൗഭാഗ്യം നഷ്ടപ്പെട്ട മനോവേദനയില്‍ അമ്മ കാളി മരിച്ചു.പുറകെ ഭാര്യയും കുഞ്ഞുങ്ങളും ഉപേക്ഷിച്ചു പോയി. ഉണ്ടായിരുന്ന ഓലഷെഡ് പൊളിഞ്ഞു വീണപ്പോള്‍ കിടപ്പാടം ഇല്ലാതായി. പിന്നെ നാട്ടിലെ ഗ്രാമോദയം വായനശാല നിര്‍മ്മിച്ചു കൊടുത്ത ഒരു കോണ്‍ക്രീറ്റ് ഷെഡിലായി താമസം. അവിടെ ഊണിലും ഉറക്കത്തിലുമെല്ലാം രാമചന്ദ്രന്‍ ജാക്കി എന്ന് വിളിക്കുന്ന നാടന്‍ നായ ഇപ്പോള്‍ കൂട്ടിനുണ്ട്. രാമചന്ദ്രന്‍ ഉണ്ടില്ലേലും നായയെ ഊട്ടും. രാമചന്ദ്രന്‍ എവിടെ പോയാലും ജാക്കിയുണ്ടാകും കൂട്ടിന്.

ജാക്കിക്ക് രാമചന്ദ്രനും രാമചന്ദ്രന് ജാക്കിയും മാത്രമാണ് ഇപ്പോള്‍ സ്വന്തം. അടുത്ത കാലം വരെ തെങ്ങ് കയറിയിരുന്ന രാമചന്ദ്രന് ഇന്ന് അതിനും കഴിയാതെയായി. പക്ഷെ നാട്ടുകാര്‍ ചെറുമരങ്ങള്‍ കയറാനോ, കുരുമുളക് പൊട്ടിക്കാനും മറ്റു ചെറിയ ജോലികള്‍ക്കൊക്കെ രാമചന്ദ്രനെ വിളിക്കും. അതാണ് വരുമാനം. ഒന്നും കിട്ടിയില്ലെങ്കിലും നിധികഥയിലെ നായകന് ഭക്ഷണം നല്‍കാന്‍ നാട്ടുകാര്‍ക്ക് ഒരു മടിയുമില്ല. ഇന്ന് രാമചന്ദ്രന്‍ നടന്നു പോകുമ്പോള്‍ നാട്ടുകാര്‍ പറയും, നിധി കിട്ടിയിട്ടും കാര്യമില്ല. അനുഭവിക്കാന്‍ യോഗം വേണം.