വടകരയില്‍ അങ്കം മുറുകി. ഇരുമുന്നണികള്‍ക്കും രമക്കും തോല്‍ക്കാന്‍ വയ്യ

വടകര: കടത്തനാടിന്റെ ആസ്ഥാന നഗരിയായ വടകരയില്‍ ഇത്തവണ പോരാട്ടത്തിന് മുമ്പെങ്ങുമില്ലാത്ത തീവ്രതയുണ്ട്. വടകരയിലെ മത്സരത്തില്‍ താരം അല്ലെങ്കില്‍ വിഷയം...

വടകരയില്‍ അങ്കം മുറുകി. ഇരുമുന്നണികള്‍ക്കും രമക്കും തോല്‍ക്കാന്‍ വയ്യ

kk-rema

വടകര: കടത്തനാടിന്റെ ആസ്ഥാന നഗരിയായ വടകരയില്‍ ഇത്തവണ പോരാട്ടത്തിന് മുമ്പെങ്ങുമില്ലാത്ത തീവ്രതയുണ്ട്. വടകരയിലെ മത്സരത്തില്‍ താരം അല്ലെങ്കില്‍ വിഷയം ഇപ്പോഴും ടി പി തന്നെയാണ്. ടി പി ചന്ദ്രശേഖരന്റെ മരണ ശേഷമുള്ള ആദ്യമുള്ള തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഇടതുവിജയം ഇല്ലാതാക്കുക തന്നെയാണ് ആര്‍.എം .പി യുടെ ലക്ഷ്യം. സര്‍വ്വ സന്നാഹവുമെടുത്ത് ശക്തി തെളിയിക്കാന്‍ ടി പി യുടെ വിധവയും ആര്‍.എം പി നേതാവുമായ കെ കെ രമ തന്നെയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മറ്റു ഇരുമുന്നണികളെക്കാളും മുമ്പെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി പ്രചരണരംഗത്ത് മുന്നിലെത്താനും രമക്ക് സാധിച്ചിരുന്നു. ഇരുമുന്നണികളിലേയും രണ്ട് ജനതാദള്‍ സ്ഥാനാര്‍ത്ഥികളാണ് വടകരയില്‍ ഏറ്റുമുട്ടുന്നത്. ഇടത് സ്ഥാനാര്‍ത്ഥി സി.കെ നാണുവും പ്രചരണരംഗത്ത് ഏറെ മുന്നേറിയപ്പോഴും യു ഡി എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിരുന്നില്ല. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ജെ ഡി യു ജില്ലാ പ്രസിഡന്റ് കൂടിയായ മനയത്ത് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും അതിന്റെ അസ്വാരസങ്ങളും പാര്‍ട്ടിക്കുള്ളില്‍ അവസാനിച്ചിട്ടില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ടിപിയുടെ മരണത്തിന് മുമ്പെ ആര്‍.എം പി നേതാവ് എന്‍ വേണു വടകരയില്‍ മത്സരിച്ച് 10098 വോട്ടുകള്‍ നേടിയിരുന്നു. 46912 വോട്ടുകള്‍ നേടിയ ഇടത് മുന്നണിയിലെ സി കെ നാണു 847 വോട്ടിന് വിജയിച്ചു. യു.ഡി.എഫിലെ എം.കെ പ്രേമനാഥിന് 46065 വോട്ടുകളാണ് ലഭിച്ചത്. മൂന്ന് തവണ തുടര്‍ച്ചയായി വിജയിച്ച സി.കെ നാണുവിന്റെ നാലാമത്തെ അങ്കമാണിത്. ഇത്തവണ നാണുവിനെ പരാജയപ്പെടുത്തുകയും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ നേടുന്ന വോട്ടുകളുടെ എണ്ണവും അനുസരിച്ചായിരിക്കും ആര്‍.എം.പിയുടെ തന്നെ നിലനില്‍പ്പ്. ടി.പിയുടെ വിധവ എന്നതിന്റെ പേരില്‍ കിട്ടുന്ന വോട്ടുകില്‍ തന്നെയാണ് പാര്‍ട്ടിയുടെ നോട്ടം. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ കെ.കെ മാധവന്റെ മകളായ രമക്ക് കിട്ടുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് ഉള്‍പ്പടെ പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2011 ല്‍ 6909 വോട്ടുകളാണ് ഇവിടെ ബി ജെ പി നേടിയത്. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ടാക്കാനുള്ള പോരാട്ടത്തിലാണ് ബിജെപിയും.