പേരാമ്പ്രയില്‍ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം തീരുന്നില്ല. ഫലം പ്രവചനാതീതം

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ടി.പി.രാമക്യഷ്ണന്റെ പേര് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചപ്പോള്‍ തുടങ്ങിയ എതിര്‍പ്പുകള്‍ ഇനിയും...

പേരാമ്പ്രയില്‍ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം തീരുന്നില്ല. ഫലം പ്രവചനാതീതം

tp-ramakrishnan

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ടി.പി.രാമക്യഷ്ണന്റെ പേര് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചപ്പോള്‍ തുടങ്ങിയ എതിര്‍പ്പുകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സ്ഥാനാര്‍ത്ഥിയുടെ സ്വന്തം സ്ഥലത്ത് പോലും സ്ഥാനാര്‍ത്ഥിക്ക് എതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഏരിയ, ജില്ലാ കമ്മിറ്റികള്‍ നല്‍കിയ കെ.കുഞ്ഞഹമ്മദ് കുട്ടിയുടെ പേര് സംസ്ഥാന കമ്മിറ്റി വെട്ടിയാണ് ടി.പി.യെ സ്ഥാനാര്‍ത്ഥിയാക്കിയത്. ടി.പി.ചന്ദ്രശേഖരന്‍ വധം നടന്ന പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ ടി.പി.രാമക്യഷ്ണന്‍ ചൈന സന്ദര്‍ശനം നടത്തിയത് അന്നു വിവാദമായിരുന്നു. ഔദോഗിക പ്രഖ്യാപനം വന്ന ശേഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചേരിതിരിവ് നില നില്‍ക്കുന്നുണ്ടെന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.


യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഇഖ്ബാലാണ്. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റയാളാണ് മുഹമ്മദ് ഇഖ്ബാല്‍. എന്‍.ഡി.എ മുന്നണിയില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി ആര്‍.സുകുമാരന്‍ നായരും രംഗത്തുണ്ട്.
1957 ന് ശേഷം നടന്ന 13 തെരഞ്ഞെടുപ്പില്‍ 11 ലും ഇടതുമുന്നണിയാണ് ജയിച്ചത്. 2011 ല്‍ മണ്ഡലം പുനര്‍ നിര്‍ണയിക്കപെട്ടതോടെ ഇടതിന്റെ ശക്തി വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ ഒറ്റ സീറ്റിന് ഭരണം പോയതൊഴിച്ചാല്‍ ബാക്കിയെല്ലാ പഞ്ചായത്തിലും ഗംഭീര വിജയമാണ് ഇടതുമുന്നണി നേടിയത്. കഴിഞ്ഞ തവണ ഇപ്പോഴത്തെ സിറ്റിങ്ങ് എം.എല്‍.എ കെ.കുഞ്ഞമ്മദ് 15,269 വോട്ടിനാണ് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് 1,175 വോട്ടിന്റെ ഭൂരിപക്ഷം നേടാനായിരുന്നു. അതിന് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു ലീഡ് ഉണ്ടായിരുന്നത്.നിയമസഭയിലേക്ക് ഇടതിനാണ് ഭൂരിപക്ഷം ലഭിക്കാറുള്ളതെങ്കിലും ലോക്‌സഭയിലേക്ക് യു.ഡി.എഫിനാണ് ലീഡ് നല്‍കാറുള്ളത്.

1957 ലെ ആദ്യ തെരഞ്ഞെടുപ്പിലൂടെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം.കുമാരനാണ് പേരാമ്പ്രയിലെ ആദ്യ എം.എല്‍.എയായത്. 1960 ലെ തെരഞ്ഞെടുപ്പില്‍ കുമാരനെ പരാജയപ്പെടുത്തി പി.എസ്.പി.യിലെ പി.കെ നാരായണന്‍ നമ്പ്യാര്‍ നിയമസഭയിലെത്തി. 1965 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജനത്തിന് ശേഷം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ വി.വി.ദക്ഷിണമൂര്‍ത്തി 8860 വോട്ടിന് കോണ്‍ഗ്രസിലെ കെ.ടി.കുഞ്ഞിരാമന്‍ നായരെ തോല്‍പ്പി്ച്ചു. 1970 ല്‍ നാട്ടുകാരനായ കെ.ജി അടിയോടിയെ ഇറക്കി കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. 1977 ലെ തെരഞ്ഞെടുപ്പ് മുതലാണ് മണ്ഡലെ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. 1982 മുതലാണ് മണ്ഡലത്തില്‍ സിപി.എം തുടര്‍ച്ചയായി ജയിക്കാന്‍ തുടങ്ങിയത്. 2001 ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കനത്ത പോരാട്ടത്തിനൊടുവിലാണ് ടി.പി.രാമക്യഷ്ണന്‍ വിജയിച്ചത്. 2684 വോട്ടിനാണ് കണ്ണൂര്‍കാരനായ പി.ടി.ജോസിനെ ടി.പി.രാമക്യഷ്ണ്‍ തോല്‍പ്പിച്ചത്. 2006 ല്‍ കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി നേതാവ് ജെയിംസ് തെക്കനാടനെ കുഞ്ഞമമ്മദ് 10,640 വോട്ടിന് തോല്‍പ്പിച്ചു. കുഞ്ഞമ്മദ് തന്നെ വീണ്ടും മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 15269 ആയി വര്‍ദ്ധിക്കുകയും ചെയ്തു. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടനുബന്ധിച്ച പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നത് മണ്ഡലത്തില്‍ കാര്യങ്ങള്‍ പ്രവചനാതീതമാക്കിയിട്ടുണ്ട്.