രക്തസാക്ഷികള്‍ സാക്ഷി; കൂത്തുപറമ്പില്‍ പോരാട്ടം ഇഞ്ചോടിഞ്ച്

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കാതെ സിപിഐ(എം) സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത് മണ്ഡലം ഏതു വിധേനയും പിടിച്ചെടുക്കുക എന്ന...

രക്തസാക്ഷികള്‍ സാക്ഷി; കൂത്തുപറമ്പില്‍ പോരാട്ടം ഇഞ്ചോടിഞ്ച്

voting-kerala
കണ്ണൂര്‍: കൂത്തുപറമ്പില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കാതെ സിപിഐ(എം) സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത് മണ്ഡലം ഏതു വിധേനയും പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തിലാണ്. അഞ്ചു ധീരസഖാക്കളുടെ രക്ത സാക്ഷിത്വം മുതല്‍ നിരവധി രക്തസാക്ഷി സ്മരണകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മണ്ഡലം സിപിഐ(എം)നു കഴിഞ്ഞ തവണ അപ്രതീക്ഷമായാണ് നഷ്ടപ്പെട്ടത്. പി.ആര്‍. കുറുപ്പിന്റെ മകന്‍ എന്ന ലേബലില്‍ നിന്നു മത്സരിച്ച കെ.പി.മോഹനന്‍ കൂത്തുപറമ്പ് കഴിഞ്ഞ തവണ പിടിച്ചെടുത്തപ്പോള്‍ സിപിഐ(എം)ന്റെ ജില്ലയിലെ കോട്ടകളിലൊന്നാണ് നഷ്ടപ്പെട്ടത്.


1970 മുല്‍ നടന്ന പത്തു തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി സിപിഐ(എം) ജയിച്ച മണ്ഡലമാണ് കഴിഞ്ഞ തവണ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായ കെ.പി.മോഹനന്‍ സ്വന്തമാക്കിയത്. എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഐ.എന്‍.എല്ലിലെ എസ്.എ. പുതിയ വളപ്പിലിനെയാണ് കെ.പി.മോഹനന്‍ 3303 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. മൂന്നുവട്ടം പിണറായി വിജയനേയും പി.ജയരാജനേയും നിയമസഭയിലെത്തിച്ച കൂത്തുപറമ്പ് പിടിച്ചെടുക്കാന്‍ കേന്ദ്രകമ്മിറ്റി അംഗവും മഹിളാനേതാവുമായ കെ.കെ.ശൈലജ ടീച്ചറെയാണ് സിപിഐ(എം) ഇത്തവണ രംഗത്തിറക്കിയിട്ടുള്ളത്. മന്ത്രിയെന്ന നിലയിലും മറ്റും മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും ജനകീയന്‍ എന്ന പ്രതിച്ഛായയും കൊണ്ട് കഴിഞ്ഞ തവണത്തെക്കാളും ഉയര്‍ന്ന ഭൂരിപക്ഷമാണ് മോഹനന്‍ പ്രതീക്ഷിക്കുന്നത് . കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തില്‍ പെട്ട് 20 വര്‍ഷമായി ക്യത്രിമകാലുമായി ജീവിക്കുന്ന സി.സദാനന്ദന്‍ മാസ്റ്ററാണ് കൂത്തുപറമ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

പഴയ പെരിങ്ങളം മണ്ഡലത്തിലെ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് 2011 ലെ തെരഞ്ഞെടുപ്പിനു മുമ്പ് മണ്ഡലത്തിലെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചതോടെ യു.ഡി.എഫിന് മണ്ഡലത്തില്‍ കരുത്തു കൂടി. പെരിങ്ങളം മണ്ഡലത്തിലെ പെരിങ്ങളം, ത്യപ്പങ്ങോട്ടൂര്‍, പാനൂര്‍,കുന്നോത്ത് പറമ്പ് പഞ്ചായത്തുകള്‍ കൂട്ടി ചേര്‍ത്തത് യു.ഡി.എഫിന്റെ വോട്ട ബലം കൂട്ടി. 2014 ല്‍ നടന്ന വടകര പാര്‍ലിമെന്റില്‍ വരുന്ന കൂത്ത്പറമ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 4725 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനാണ് മേല്‍ക്കൈ നേടാനായത്. കൂത്തുപറമ്പു നഗരസഭയില്‍ 28 ഡിവിഷനില്‍ 27 ലും വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11835 വോട്ടുകള്‍ നേടിയ ബി.ജെ.പി.യും മണ്ഡലത്തില്‍ ശക്തമായ സാന്നിദ്ധ്യമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ വോട്ടുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിരുന്നാലും കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒ.കെ.വാസു അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത് ഇവിടെ ബി.ജെ.പിക്ക് തിരിച്ചടിയാണ്. കൂത്ത്പറമ്പ് സംഭവത്തിന് കാരണക്കാരനായ എം.വി.രാഘവന്റെ മകന്‍ നികേഷ്‌കുമാര്‍ മത്സരിക്കുന്നത് സി.പി.എമ്മിനെതിരെയുള്ള പ്രചരണായുധമാക്കുമ്പോള്‍ അത് തന്നെ അനുകൂലമാക്കി സി.പി.എം പ്രചരണം നടത്തുന്നുവെന്ന പ്രത്യേകതയും കൂത്തുപറമ്പിനുണ്ട്.