ഇടത്തോട്ടോ വലത്തോട്ടോ? ഉറപ്പിക്കാനാവാതെ തിരുമ്പമ്പാടി

കോഴിക്കോട്: തിരുവമ്പാടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ വിവാദങ്ങളിലേക്ക് വന്ന മണ്ഡലമായിരുന്നു. സിറ്റിംഗ് എം.എല്‍.എ മോയിന്‍കുട്ടിയെ...

ഇടത്തോട്ടോ വലത്തോട്ടോ? ഉറപ്പിക്കാനാവാതെ തിരുമ്പമ്പാടി

election-new

കോഴിക്കോട്: തിരുവമ്പാടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ വിവാദങ്ങളിലേക്ക് വന്ന മണ്ഡലമായിരുന്നു. സിറ്റിംഗ് എം.എല്‍.എ മോയിന്‍കുട്ടിയെ പിന്‍വലിച്ച് വി.എം.ഉമ്മര്‍ മാസ്റ്റര്‍ക്ക് സീറ്റു നല്‍കാന്‍ തീരുമാനിച്ചതോടെയാണ് വിവാദം തുടങ്ങിയത്. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് ലീഗ് സമ്മതിച്ചതാണെന്നും ഇവിടെ മലയോര കര്‍ഷകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ട് മലയോര വികസന സമിതി രംഗത്തെത്തി. ഇവര്‍ക്ക് താമരശേരി രൂപത പിന്തുണയും നല്‍കി. തിരുമ്പമ്പാടി സീറ്റ് നല്‍കാമെന്ന് കാണിച്ച് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയ കത്തും പുറത്തായി. എന്നാല്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് ലീഗ് തീരുമാനമെടുത്തതോടെ കോണ്‍ഗ്രസ് പിന്നോക്കം പോയി. സഭക്ക് അനുയോജ്യനായ കുടിയേറ്റ കര്‍ഷകനായ സിപിഎം ജില്ലാകമ്മിറ്റിയംഗം ജോര്‍ജ് തോമസിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കി. ഇതിനിടെ മലബാര്‍ വികസന മുന്നണിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനും സംയുക്തമായി ചേര്‍ന്ന് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങിയത് ഇരുമുന്നണികള്‍ക്കും ആശങ്കക്ക് കാരണമായിട്ടുണ്ട്. യു.ഡി.എഫിനും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള പഞ്ചായത്തുകളിലാണ് മലബാര്‍ വികസന മുന്നണിക്കും സ്വാധീനമുള്ളത് . യു.ഡി.എഫില്‍ പ്രശ്‌നങ്ങളില്ലെന്ന് വരുത്താന്‍ യു.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തത് മുഖ്യമന്ത്രിയാണ്.


സിപിഎമ്മിലെ ജോര്‍ജ് എം തോമസും ലീഗിലെ വി.എം ഉമ്മര്‍ മാസ്റ്ററും തമ്മിലാണ് പ്രധാന പോരാട്ടം. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന 2011 ലെ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളും നോക്കിയാല്‍ രണ്ട് മുന്നണികളും തമ്മില്‍ നേരിയ വോട്ട് വ്യത്യാസം മാത്രമാണ് ഉള്ളത്. മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് 2007 ലെ ഉപതെരഞ്ഞെടുപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 207 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിന് ജോര്‍ജ് തോമസാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 6443 വോട്ടിനാണ് ലീഗിലെ മോയിന്‍ കുട്ടി വിജയിച്ചത്. ലോകസഭ തെരഞ്ഞെടുപ്പായപ്പോള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 2385 ആയി കുറഞ്ഞു. തദ്ദേശത്തിലെത്തിയപ്പോള്‍ രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് യു.ഡി.എഫ് യു.ഡി.എഫ് നേടിയത്. നഗരസഭയും നാലു പഞ്ചായത്തുകളും എല്‍.ഡി.എഫ് നേടി. ബി.ജെ.പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 3894 വോട്ടാണ് നേടിയത്. ലോക്‌സഭയിലേക്ക് അത് 6153 വോട്ടായി വര്‍ദ്ധിച്ചു. എന്‍.ഡി.എ മുന്നണിക്ക് വേണ്ടി ബിഡിജെഎസ് ജില്ലാ നേതാവ് ഗിരി പാമ്പാടാണ് മത്സരിക്കുന്നത്.

കര്‍ഷകരും മതന്യൂനപക്ഷങ്ങളും നിര്‍ണായകമായ മണ്ഡലം യുഡിഎഫിന്റെ ശക്തി കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ മലയോര മേഖലയില്‍ ഇപ്പോഴും വിട്ടൊഴിയാത്ത ആശങ്കയുണ്ട്. റബ്ബര്‍, നാളികേര വിലയിടിവ് അടക്കമുള്ള കാര്‍ഷിക പ്രശ്‌നങ്ങള്‍,സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും മുന്നണികളുടെ പരമ്പരാഗതമായ വോട്ടുകളില്‍ വിള്ളല്‍ വരുത്തുമെന്ന് ആശങ്കയുണ്ട്.