മേയ്‌ ആദ്യവാരം മുതല്‍ തിയറ്ററുകള്‍ അടച്ചിട്ടു സമരം

കൊച്ചി: ഇ-ടിക്കറ്റിങ്‌ നടപ്പാക്കുന്ന രീതിയില്‍ പ്രതിഷേധിച്ചുകൊണ്ട്‌ കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളടക്കമുള്ള സിനിമാ തിയറ്ററുകള്‍ മേയ്‌ രണ്ടു മുതല്‍...

മേയ്‌ ആദ്യവാരം മുതല്‍ തിയറ്ററുകള്‍ അടച്ചിട്ടു സമരം

theatre

കൊച്ചി: ഇ-ടിക്കറ്റിങ്‌ നടപ്പാക്കുന്ന രീതിയില്‍ പ്രതിഷേധിച്ചുകൊണ്ട്‌ കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളടക്കമുള്ള സിനിമാ തിയറ്ററുകള്‍ മേയ്‌ രണ്ടു മുതല്‍ അനിശ്‌ചിത കാലത്തേക്ക്‌ അടച്ചിടും. സാംസ്‌കാരിക ക്ഷേമനിധി സെസ്‌, ഇ-ടിക്കറ്റ്‌ എന്നിവയ്‌ക്കെതിരേ മേയ്‌ അഞ്ചു മുതല്‍ അനിശ്‌ചിതകാല പണിമുടക്ക്‌ നടത്തുമെന്ന്‌ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ നിശ്‌ചയിച്ച സ്വകാര്യ സ്‌ഥാപനത്തിന്റെ ഇ-ടിക്കറ്റിങ്‌ മെഷീനും സോഫ്‌റ്റ്‌വേറും സ്‌ഥാപിക്കാത്ത തിയറ്ററുകള്‍ക്ക്‌ മേയ്‌ രണ്ടു മുതല്‍ ടിക്കറ്റ്‌ സീല്‍ ചെയ്‌ത്‌ നല്‍കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രതിഷേധമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ഇ-ടിക്കറ്റിങ്‌ വരുന്നതിനെ തിയറ്ററുടമകള്‍ പൂര്‍ണമായി അനുകൂലിക്കുന്നുണ്ട് എങ്കിലും സര്‍ക്കാര്‍ ഏകപക്ഷീയമായി നിര്‍ദേശിക്കുന്ന ടിക്കറ്റ്‌ മെഷീന്‍ സ്‌ഥാപിക്കാന്‍ തിയറ്ററുടമകള്‍ ഒരുക്കമല്ല. സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്ന കമ്പനിയുടെ ടിക്കറ്റ്‌ മെഷീന്‍ സ്‌ഥാപിക്കാന്‍ ആവശ്യപ്പെടുന്നത്‌ കടുത്ത സാമ്പത്തിക ബാധ്യത വരുത്തും എന്നാണ് ഇവരുടെ വാദം.

നികുതി വെട്ടിപ്പ്‌ നടത്താന്‍ വേണ്ടിയാണ്‌ തിയറ്ററുടമകള്‍ ഇ-ടിക്കറ്റ്‌ മെഷീനെ എതിര്‍ക്കുന്നതെന്ന നിര്‍മാതാക്കളും വിതരണക്കാരും ഉള്‍പ്പെടുന്ന സംഘടനകളുടെ ആരോപണം. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചുകൊണ്ട്‌ ഒന്നിലധികം സോഫ്‌റ്റ്‌വേറുകള്‍ക്ക്‌ അംഗീകാരം കൊടുക്കണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം.