താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടന്ന അക്രമത്തില്‍ ഗൂഡാലോചനയുണ്ടെന്ന് എല്‍ഡിഎഫ്; കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ലീഗും

താനൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം നടന്നത്.

താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടന്ന അക്രമത്തില്‍ ഗൂഡാലോചനയുണ്ടെന്ന് എല്‍ഡിഎഫ്; കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ലീഗുംമലപ്പുറം: താനൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാനെതിരെ നടന്ന അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് എല്‍ ഡി എഫ് ആരോപണം. തെരഞ്ഞെടുപ്പിന് താനൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി മുസ്ലീലീഗും രംഗത്തെത്തി. മുഖ്യമന്ത്രി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ടത്. മനഃപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ആക്രമണം നേരിടേണ്ടിവരുമെന്നും അതിലൂടെ സഹതാപ തരംഗമുണർത്തി വോട്ടുനേടാം എന്നുമായിരുന്നു യു ഡി എഫ് അജണ്ടയെന്നാണ് ഇടത് ആരോപണം.


അതേസമയം സംഭവത്തില്‍ 200 പേര്‍ക്കെതിരെ താനൂര്‍ പോലിസ് കേസെടുത്തു. പോലീസിനെ ആക്രമിച്ചത് ഉള്‍പ്പടെ 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താനൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരം നാലോടെ താനൂര്‍ ആല്‍ബസാറിലായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. എല്‍ ഡി എഫ് പ്രചരണ ഭാഗമായി ആല്‍ബസാറില്‍ തെരുവുനാടകവും സ്ഥാനാര്‍ത്ഥിയുടെ മുഖാമുഖവും നടക്കുന്നിതിടെ യു ഡി എഫിന്റെ പ്രചരണവാഹനം കടന്നുപോയതോടെയാണു സംഘര്‍ഷത്തിന് തുടക്കമായത്.

താനൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തുന്നതിന്റെ വിവരം അറിയിച്ചുള്ള വാഹനം കടന്നു പോയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നു. ഇതിനിടെയാണ് മുഖാമുഖം പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വി അബ്ദുറഹ്മാന്റെ കാര്‍ തടയലും കല്ലേറും നടന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സഞ്ചരിച്ച കാറും എസ്‌കോര്‍ട്ട് കാറും അടിച്ചു തകര്‍ത്തു. മുഖത്ത് പരിക്കേറ്റ അബ്ദുറഹ്മാനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ എം പി അഷ്റഫിന്റെ വീടിനു നേരെയും ആക്രമണം നടന്നു. ചാപ്പപ്പടിയില്‍ മണ്ണെണ്ണ ബാരലിന് അക്രമികള്‍ തീ ഇടുകയും ചെയ്തിരുന്നു. തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സി പി എം ഏരിയ സെക്രട്ടറി ഇ ജയന്റെ നേത്യത്വത്തില്‍ താനൂര്‍ പോലീസ് സ്റ്റേഷന്‍ സി പി എം ഉപരോധിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം നടക്കുന്നതിനിടെയാണ് താനൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പ്രചരണ പരിപാടിയില്‍ പ്രസംഗിച്ച് മുഖ്യമന്ത്രി മടങ്ങിയത്. സംഭവം നടന്ന ദിവസം പത്തോളം എല്‍ ഡി എഫ് പ്രവര്‍ത്തകരേയും അഞ്ചോളം ലീഗ് പ്രവര്‍ത്തകരേയും തിരൂരങ്ങാടി താലൂക്കാശുപത്രി, തിരൂര്‍ ജില്ലാശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിരുന്നു