ഇടത് കോട്ടയില്‍ ചരിത്രം മാറ്റിയെഴുതാന്‍ കെ.സുധാകരന്
കാസര്‍ഗോഡ്: ഉദുമയില്‍ ഇത്തവണ കെ.സുധാകരന് കോണ്‍ഗ്രസ് കൊടി പാറിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കാരണം 1987 ല്‍ ഒരിക്കലല്ലാതെ...
കാസര്‍ഗോഡ്: ഉദുമയില്‍ ഇത്തവണ കെ.സുധാകരന് കോണ്‍ഗ്രസ് കൊടി പാറിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കാരണം 1987 ല്‍ ഒരിക്കലല്ലാതെ പിന്നീടൊരിക്കലും ഉദുമയില്‍ യു.ഡി.എഫ് കരകയറിയിട്ടില്ല. 1977 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ പിന്നെയുള്ള അഞ്ച് തവണയും എല്‍.ഡി .എഫ് മാത്രമാണ് ജയിച്ചത്.
ഇടതിന്റെ കോട്ടയെന്ന അറിയപ്പെടുന്ന ഉദുമയില്‍ കെ.സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഇത്തവണ പ്രവചനം അസാദ്ധ്യമാക്കുന്നത്. ഇടതിന്റെ ഭൂരിപക്ഷം കുറഞ്ഞു വന്നതും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി.ജന സെക്രട്ടറി ഉദുമ നിയോജക മണ്ഡലത്തില്‍ 835 വോട്ടിന്റെ ഭൂരിപക്ഷം നേടിയതും യു.ഡി.എഫിന് പ്രതീക്ഷ നല്കുന്ന കാര്യങ്ങളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ഉദുമ ഗ്രാമ പഞ്ചായത്ത് സിപിഎമ്മില്‍ നിന്നും മുസ്ലീം ലീഗ് പിടിച്ചെടുത്തതും മണ്ഡലത്തില്‍ യു.ഡി.എഫ് കരകയറും എന്നതിന്റെ സൂചനകളായി യു.ഡി.എഫ്. അവകാശപ്പെടുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് തീരെ വിജയ സാദ്ധ്യതയില്ലാത്ത മണ്ഡലത്തില്‍ കെ.സുധാകരന് മത്സരിക്കുന്നത് കോണ്‍- ബി.ജെ.പി വോട്ടു കച്ചവടത്തിന്റെ ഭാഗമായാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
ഉദുമയിലെ സുധാകരന്റ വിജയത്തിന് പകരമായി മഞ്ചേശ്വരത്ത് സുരേന്ദ്രനെ വിജയിപ്പിക്കാനുള്ള നീക്കുപോക്കുകള്‍ നടന്നതായാണ് സിപിഎം ആരോപണം. സുധാകരന് ഉദുമയിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുമ്പോഴേക്കും എല്‍.ഡി.എഫ് സിറ്റിങ്ങ് എം.എല്‍.എ കെ.കുഞ്ഞിരാമനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയിരുന്നു. ബി.ജെ.പിക്കു വേണ്ടി ജില്ലാ പ്രസിഡന്റും പ്രദേശവാസിയുമായ കെശ്രീകാന്താണ് മത്സരിക്കുന്നത്. അടിയന്തിരാവസ്ഥക്കു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍.കെ ബാലക്യഷ്ണനായിരുന്നു ജയം. കോണ്‍ഗ്രസിനെതിരെ മറ്റു പാര്‍ട്ടികള്‍ ചേര്‍ന്നു രൂപികരിച്ച ലോക്ദളിനു വേണ്ടി ഉദുമയില്‍ നിന്ന് മത്സരിച്ച ജനസംഘം നേതാവ് കെ.ജി.മാരാര്‍ ആണ് അന്നു തോറ്റത്. 80 ല്‍ സിപിഎമ്മിലെ പുരുഷോത്തമന് 5020 വോട്ടിന് എന്‍.കെ ബാലക്യഷ്ണനെ തോല്‍പ്പിച്ചു. 82 ല്‍ ഇടത് മുന്നണിയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് എ വിഭാഗത്തിലെ എം.കുഞ്ഞിരാമന്‍നമ്പ്യാര്‍ മുസ്ലീം ലീഗിലെ പി.മുഹമ്മദ് കുഞ്ഞിയെ 6619 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.പിന്നീട് സിപിഎം ബന്ധം ഉപേക്ഷിച്ച് കുഞ്ഞിരാമന് നമ്പ്യാര്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചെങ്കിലും 816 വോട്ടിന് സിപിഎമ്മിലെ കെ പുരുഷോത്തമന് വിജയിച്ചു.
87 ല്‍ 7845 വോട്ടിന് കോണ്‍ഗ്രസിലെ പി.കുഞ്ഞികണ്ണന്‍ സിപിഎമ്മിലെ കെ.പുരുഷോത്തമനെ തോല്‍പ്പിച്ചതാണ് മണ്ഡലത്തിലെ ഏക കോണ്‍ഗ്രസ് വിജയം. 91 മുതല്‍ ഇന്നെ വരെ സിപിഎമ്മിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2006 ലെ തെരഞ്ഞെടുപ്പില്‍ കെ.കുഞ്ഞിരാമന് 27,294 വോട്ടിനാണ് കോണ്‍ഗ്രസിലെ ഗംഗാധരന് നായരെ തോല്‍പ്പിച്ചത്. പക്ഷെ 2011 ല്‍ വീണ്ടും ഇവരേറ്റു മുട്ടിയപ്പോള്‍ ഭൂരിപക്ഷം 11380 ആയി കുറഞ്ഞിരുന്നു. കണ്ണൂരിലെ രാഷ്ട്രീയത്തിലെ അടവുകള്‍ പഠിച്ച സുധാകരന് അത് ഉദുമയില്‍ എത്രമാത്രം ഫലിപ്പിക്കാന്‍ കഴിയും എന്നത് അറിയാന്‍ വോട്ടെണ്ണുന്നത് വരെ കാത്തിരിക്കണം.